സൗദി അറേബ്യയിൽ ക്രിസ്ത്യൻപള്ളി പണിയുമെന്ന വാർത്ത തെറ്റാണെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട്. നേരത്തെ ഈജിപ്റ്റിലെ ഒരു വാർത്താ ഏജൻസിയാണ് സൗദിയിൽ ക്രിസ്ത്യൻപള്ളി പണിയാൻ വത്തിക്കാൻ ധാരണ ഉണ്ടാക്കിയതായി റിപ്പോർട്ട് ചെയ്തിരുന്നത്. മുസ്ലിം വേൾഡ് ലീഗിന്റെ സെക്രട്ടറി ജനറൽ ആയ ഷെയ്ക്ക് മുഹമ്മദ് ബിൻ അബ്ദുൽ കരിം അൽ ഇസയും വത്തിക്കാനിലെ മതാന്തര സംഭാഷണങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ പ്രസിഡന്റും ഫ്രഞ്ച് കർദിനാളുമായ ജീൻ ലൂയിസ് ടോറനും ആണ് കരാറിൽ ഒപ്പു വച്ചത് എന്നാണ് വാർത്തകൾ പുറത്തു വന്നത്.

അതേ സമയം അക്രമവും തീവ്രവാദവും ഇല്ലാതാക്കി ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിനു വിവിധ മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും പങ്ക് ഉയർത്തിക്കാട്ടുന്നതിനാണ് കരാർ ലക്ഷ്യമിടുന്നത് എന്നാണ് വാർത്ത.
സൗദി അറേബ്യയിൽ ക്രിസ്ത്യൻ പള്ളികൾ ഇല്ല. മറ്റെല്ലാ ഗൾഫ് രാജ്യങ്ങളിലും ക്രിസ്ത്യൻ പള്ളികൾ ഉണ്ട്. കഴിഞ്ഞ വർഷം വത്തിക്കാനിൽ നിന്നും ഫ്രഞ്ച് കർദിനാളായ ജീൻ ലൂയിസ് ടോറൻ സൗദി സന്ദർശിച്ചിരുന്നു.