- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുരുളി സിനിമക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്സ്; ലിജോയ്ക്കും ജോജു ജോർജിനുമെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ്; കെപിസിസി നിർവാഹക സമിതിയംഗം ജോൺസൺ എബ്രഹാം പരാതി നൽകിയത് ഇത്തരം രീതികൾ നാട്ടിൽ അരാജകത്വം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി
തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി' സിനിമയിലെ തെറിപ്രയോഗങ്ങൾക്കെതിരെ വീണ്ടും കോൺഗ്രസ്. സംവിധായകനും ജോജുവിനുമെതിരെ കേസെടുക്കണമെന്ന് ചൂണ്ടിക്കാട്ടി കെപിസിസി നിർവാഹക സമിതിയംഗം ജോൺസൺ എബ്രഹാമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലെ തെറിപ്രയോഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി.പച്ചത്തെറികളും അസഭ്യവാക്കുകളും സിനിമകളിലൂടെ കടത്തി വിടുന്നത്, അതിന് സംസാരഭാഷ എന്ന നിലയിൽ സ്വീകാര്യത ഉണ്ടാക്കുന്നതിനും സാമൂഹിക സംഘർഷത്തിനും നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ വഴിതെളിക്കുന്നതിനുമാണെന്ന് ജോൺസൺ അഭിപ്രായപ്പെട്ടു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി' എന്ന മലയാള ചലച്ചിത്രം ആദ്യാവസാനം പച്ചത്തെറി വാക്കുകളും അസഭ്യ വർഷവും ചൊരിയുന്നതാണ്. ഇത്തരം ഭാഷകൾ ഗുണ്ടാ സംസ്കാരത്തിന്റെ ഭാഗവും ധാർമ്മികതയ്ക്കും നമ്മുടെ നാട് പുലർത്തി വരുന്ന മഹത്തായ സംസ്കാരത്തിന് നിരക്കാത്തതുമാണ്.പച്ചത്തെറികളും അസഭ്യവാക്കുകളും സിനിമകളിലൂടെ കടത്തി വിടുന്നത് അതിന് സംസാരഭാഷ എന്ന നിലയിൽ സ്വീകാര്യത ഉണ്ടാക്കുന്നതിനും സാമൂഹിക സംഘർഷത്തിനും നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ വഴിതെളിക്കുന്നതിനുമാണ്.
ജോജു ജോർജ് മുഖ്യ കഥാപാത്രമായ സിനിമയുടെ കഥ വിനോയ് തോമസും തിരക്കഥ എസ്. ഹരീഷും ആണ് നിർവഹിച്ചിരിക്കുന്നത്. സമൂഹത്തെ വഴിതെറ്റിക്കുക എന്ന ഉദ്ദേശത്തോടും കരുതലോടും കൂടിയും തങ്ങളുടെ പ്രവർത്തിയിൽ അപ്രകാരം സംഭവിക്കുമെന്ന് അറിവുള്ള സംവിധായകൻ, കഥാ, തിരക്കഥാകൃത്തുക്കൾ, മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോർജ് എന്നിവർ പരസ്പരം കൂടിയാലോചിച്ച് ചലച്ചിത്രത്തിൽ അസഭ്യവർഷവും ഇതര കുറ്റകൃത്യങ്ങൾക്കാവശ്യമായവയും ചമച്ചിട്ടുള്ളതാണ്.
ആയതിനാൽ നിർമ്മാതാവ്, കഥാ, തിരക്കഥാകൃത്തുക്കൾ, സംവിധായകൻ, മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോർജ് എന്നിവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത്, നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു.സിനിമക്കെതിരെ യൂത്ത് കോൺഗ്രസും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സിനിമ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ നിന്നും അടിയന്തരമായി പിൻവലിക്കണമെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ ആവശ്യപ്പെട്ടത്
മറുനാടന് മലയാളി ബ്യൂറോ