- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവാഹതട്ടിപ്പുകാരന്റെ നാടൻ തോക്കിലെ വെടിയുണ്ട ഇല്ലാതാക്കിയത് പൊലീസിലെ നന്മമരത്തെ; പിടിക്കുമെന്നായപ്പോൾ കാട്ടിനുള്ളിൽ ഭാര്യയേയും കൊന്ന് മുജീബ് റഹ്‌മാന്റെ ആത്മഹത്യ; അനാഥരായ കുട്ടികൾക്ക് വീട് നൽകി വിദ്വേഷത്തെ കാരുണ്യം കൊണ്ട് തോൽപ്പിച്ച അച്ഛന്റെ മകൻ; നിലമ്പൂരിലെ ക്രൂരൻ ഷാബാ ശെരീഫിനേയും ഭാര്യയേയും അഴിക്കുള്ളിലാക്കിയ സിഐ വിഷ്ണുവിന്റെ കഥ
മലപ്പുറം: നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ശെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞ കേസിൽ നിർണ്ണായക വഴിത്തിരിവുണ്ടാക്കിയത് വെടിയേറ്റുമരിച്ച പിതാവിന്റെ വഴിയിൽ കാക്കിയണിഞ്ഞ പൊലീസുദ്യോഗസ്ഥൻ. കേസന്വേഷിക്കുന്ന നിലമ്പൂർ സിഐ: പി. വിഷ്ണുവാണു നിലമ്പൂരിലെ ക്രൂരതയിൽ തുമ്പുണ്ടാക്കിയത്.
വിഷ്ണുവിന്റെ പിതാവ് പി.പി വിജയകൃഷ്ണൻ 2010 സെപ്റ്റംബർ 12നാണ് കൃത്യനിർവഹണത്തിനിടെ ചോക്കാട് പെടയന്താളിൽ വെടിയേറ്റു മരിച്ചത്. മലപ്പുറം കുടുംബക്കോടതിയുടെ അറസ്റ്റു വാറണ്ടുമായി മുജീബ് റഹ്‌മാനെ പിടികൂടാനെത്തിയതായിരുന്നു അന്നത്തെ കാളികാവ് ഗ്രേഡ് എസ്‌ഐയായിരുന്ന പി.പി വിജയകൃഷ്ണനടക്കമുള്ള പൊലീസ സംഘം. മുജീബ് റഹ്‌മാന്റെ നാടൻ തോക്കിൽ നിന്നുള്ള വെടിയേറ്റാണ് വിജയകൃഷ്ണൻ മരിച്ചു വീണത്.
വിവാഹത്തട്ടിപ്പ് വീരനായ പ്രതിക്കെതിരെ ഭാര്യമാരിലൊരാൾ മലപ്പുറം കുടുംബകോടതിയിൽ നൽകിയ കേസിലെ വാറണ്ട് നടപ്പാക്കാനാണ് വിജയകൃഷ്ണൻ അടക്കമുള്ള പൊലീസ്സംഘം വീട്ടിലെത്തിയത്. അന്നത്തെ കാളികാവ് എസ്‌ഐ ടി. മനോഹരന്റെ നേതൃത്വത്തിലായിരുന്ന സംഘം അടച്ചിട്ട വീടിന്റെ വാതിലിൽ മുട്ടി കീഴടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. തന്റെ കൈയിൽ തോക്കുണ്ടെന്നും പിടികൂടാൻ ശ്രമിച്ചാൽ വെടിവെക്കുമെന്നും പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തി. കീഴടങ്ങാൻ കൂട്ടാക്കാതിരുന്ന പ്രതിയെ അനുനയിപ്പിക്കാനായി മുന്നോട്ട് നീങ്ങിയപ്പോഴാണ് എസ്‌ഐ വിജയകൃഷ്ണനെ ജനവാതിൽ മറച്ചിരുന്ന ഷീറ്റ് നീക്കി പ്രതി വെടിവെച്ചത്.
വെടിയേറ്റ് എസ്‌ഐ വീണതോടെ പൊലീസുകാർ ഓടിമാറി. വെടിയേറ്റുവീണ എസ്‌ഐക്കുനേരെ പ്രതി വീണ്ടും വെടിവെച്ചു. പൊലീസുകാർ മടങ്ങിവരാതിരിക്കാൻ വീടിന്റെ മുകളിലേക്കും വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി ഉടൻ ഭാര്യ ഖമറുന്നീസയെയും രണ്ടു മക്കളെയും കൂട്ടി സമീപത്തുള്ള കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരുടെ സഹായത്തോടെയാണ് വിജയകൃഷ്ണനെ നിലമ്പൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നു.
അതിന് ശേഷം രണ്ടു മക്കളെയും ഭാര്യ ഖൈറുന്നീസയെയും കൂട്ടി കാട്ടിലേക്കു രക്ഷപ്പെട്ട മുജീബ് റഹ്‌മാൻ പൊലീസ് പിടികൂടുമെന്നായപ്പോൾ ഭാര്യയോടൊപ്പം സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. തുടർന്നു പത്തുവയസുകാരനായ ദിൽഷാദും നാലു വയസുകാരി മുഹ്സിനയും അനാഥരായി. ഇവരെ ഏറ്റെടുത്ത കരുവാരക്കുണ്ട് ദാറുന്നജാത്ത് ഓർഫനേജ് സഹപാഠികളുടെ സഹായത്തോടെ കുട്ടികൾക്ക് വീടു നിർമ്മിച്ചു നൽകിയപ്പോൾ ആ വീടിന്റെ താക്കോൽദാനം നടത്തിയത് ഇവരുടെ പിതാവിന്റെ തോക്കിലെ വെടിയേറ്റ് ജീവൻവെടിഞ്ഞ വിജയകൃഷ്ണന്റെ മകൻ വിഷ്ണുവായിരുന്നു.
വിദ്വേഷത്തെ കാരുണ്യം കൊണ്ട് തോൽപ്പിച്ചാണ് അന്ന് വിഷ്ണുമടങ്ങിയത്. പിതാവിന്റെ വഴിയിൽ 2013ൽ കേരള പൊലീസിൽ എസ്‌ഐയായി സേവനം തുടങ്ങിയ വിഷ്ണു നിലവിൽ സിഐയാണ്. സുസ്ത്യർഹസേവനത്തിന് നിരവധി ഗുഡ് സർവീസ് എൻട്രിയും സ്വന്തമാക്കിയിട്ടുണ്ട്. വീട്ടുകാരെ ക്ലോറോഫോം മണപ്പിച്ച് ബോധംകെടുത്തി കവർച്ച നടത്തിയിരുന്ന കുപ്രസിദ്ധ മോഷ്ടാവ് ആസിഡ് ബിജുവിനെ അറസ്റ്റു ചെയ്തും കഴിവുതെളിയിച്ചു. ആസിഡ് ബിജു നടത്തിയ 21 കവർച്ച കേസുകളിലായി 110 പവൻ സ്വർണമാണ് വിഷ്ണു എസ്‌ഐയായിരുന്നപ്പോൾ വീണ്ടെടുത്തത്.
നിലവിൽ നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ശെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞ കേസിൽ അറസ്റ്റിലായ കേസിലെ മുഖ്യപ്രതിയായ ഷൈബിൻ അഷ്‌റഫിനേയും ഭാര്യ ഫസ്‌നയേയും ഉൾപ്പെടെ പിടിയിലാ മുഴുവൻ പ്രതികളേയും പിടികൂടിയതിന് പിന്നിലും, കേസിന്റെ ഗതിമാറ്റിയതും വിഷ്ണുവിന്റെ തന്ത്രങ്ങളാണ്. പാരമ്പര്യ വൈദ്യൻ ഷാബ ശെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞതെല്ലാം താൻ അറിഞ്ഞിരുന്നുവെന്നും. കൂട്ടുപ്രതികളായ സുഹൃത്തുക്കളേയും രക്ഷിക്കാനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും 28കാരിയായ വയനാട് മേപ്പാടി പൂളവയൽ ഫസ്‌ന ചോദ്യംചെയ്യിലിൽ പൊലീസിനോടു പറഞ്ഞിരുന്നു.
നിലമ്പൂരിൽ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ ഭാര്യ പിടിയിലായതോടെ പൊലീസിന്റെ വലിയ തലവേദനയാണ് മാറിയത്. കേസിൽ നിലവിലെ അന്വേണ വിവരങ്ങൾ അനുസരിച്ച് ഇനി മൂന്നുപേർകൂടിയാണു പിടയിലാകാനുള്ളതെന്നും ഇവരെ ഉടൻ പിടികൂടാൻകഴിയുമെന്നുമാണ് അന്വേഷണോദ്യോഗസ്ഥരുടെ പ്രതീക്ഷ. ശേഷം 90ദിവസത്തിനകം തന്നെ കുറ്റപത്രം സമർപ്പിക്കുമെന്നും അന്വേഷണോദ്യോഗസ്ഥനായ നിലമ്പൂർ ഇൻസ്‌പെക്ടർ പി.വിഷ്ണു പറഞ്ഞു.
ഷാബാ ശെരീഫിനെ ഒന്നേകാൽ വർഷം ചങ്ങലക്കിട്ട് തടങ്കലിൽ പാർപ്പിച്ചത് നിലമ്പൂർ മുക്കട്ടയിലെ ഷൈബിന്റെ വീട്ടിലായിരുന്നു. ഈ സമയത്ത് ഭാര്യ ഫസ്‌ന ഇവിടം താമസിച്ചിരുന്നു. ഇവർക്ക് കുറ്റകൃത്യത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നും, ഭർത്താവിനെയും കൂട്ടുപ്രതികളായ സുഹൃത്തുക്കളേയും രക്ഷിക്കാൻ വേണ്ടി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് ഇവർക്കെതിരേയുള്ള കുറ്റം. വീട്ടിൽ വച്ച് മർദ്ദനത്തിന് ശേഷം കൊത്തി നുറുക്കിയ വൈദ്യന്റെ മൃതദേഹം പുലർച്ചെ എടവണ്ണ സീതിഹാജി പാലത്തിൽ നിന്നും പുഴയിലേക്ക് തള്ളിയതിനു ശേഷം ടൗണിലുള്ള ലോഡ്ജിൽ പോയി വിശ്രമിച്ച കൂട്ടു പ്രതികൾ രാത്രി പത്ത് മണിയോടെ പ്രതിഫലം വാങ്ങാനായി ഷൈബിന്റെ ബംഗ്ലാവിലേക്ക് എത്തി ഷൈബിനുമായി ഏറെ നേരം സംസാരിച്ചിരുന്നു.
രാത്രി പന്ത്രണ്ടോടെ ആ വീട്ടിൽ വച്ച് ഷൈബിനും ഭാര്യ ഫസ്‌നയും കേക്ക് മുറിച്ച് മകന്റെ ജന്മദിനം ആഘോഷിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് പ്രതികൾ ബത്തേരിയിലേക്ക് മടങ്ങിയത്. മുമ്പും ഫസ്‌നയെ പലപ്രാവശ്യം സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും പൊലിസിനോട് സഹകരിക്കാൻ തയ്യാറായിരുന്നില്ല. അറസ്റ്റ് ചെയ്ത കൂടുതൽ പ്രതികളെ ചോദ്യം ചെയ്തതിലാണ് ഈ കേസിൽ ഫസ്‌നയുടെ പങ്ക് വ്യക്തമായത്. ഇതോടെ ഫസ്‌ന ഒളിവിൽ പോകുകയും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
പൊലിസ് പിന്തുടരുന്ന വിവരം മനസിലാക്കിയ ഫസ്‌ന എറണാകുളത്ത് നിന്നും വയനാടിലേക്ക് കടന്നു. പൊലിസ് അറസ്റ്റ് ഒഴിവാക്കാൻ അഭിഭാഷകന്റെ നിർദ്ദേശമനുസരിച്ചു വയനാട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അഡ്‌മിറ്റ് ആയി. അവിടെ പൊലിസ് എത്തുമെന്ന് മനസിലാക്കിയ ഫസ്‌ന ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ മേപ്പാടിയിൽ നിന്നുമാണ് നിലമ്പുർ പൊലിസ് ഫസ്‌നയെ പിടികൂടിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്