കോട്ടയം: കുടുംബ പ്രശ്നം ഒത്തുതീർപ്പാക്കാമെന്ന് വാഗ്ദാനം നൽകിയാണ് എക്സ് സർവ്വീസ് ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും മുണ്ടക്കയം സിഐ വി.ഷിബുകുമാർ കൈക്കൂലി വാങ്ങിയത്. അര ലക്ഷം രൂപ ഏജന്റ് വഴി കൈപ്പറ്റിയതിന് പിന്നാലെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി ആരോപണങ്ങൾ നേരിട്ട ഉദ്യോഗസ്ഥനാണ് ഷിബുകുമാർ.

നിരവധി ആരോപണങ്ങൾ നേരിടുന്ന ഷിബുകുമാർ പീരുമേട്ടിൽനിന്ന് മൂന്ന് കിലോ കഞ്ചാവ് പിടിച്ചെടുത്തശേഷം, കൈക്കൂലിയായി മൂന്ന് ലക്ഷം രൂപ വാങ്ങി കഞ്ചാവ് 30 ഗ്രാമാക്കി കുറച്ച് പ്രതികൾക്കെതിരേ കേസെടുത്തെന്നും ആക്ഷേപമുണ്ട്. കഴക്കൂട്ടത്തും കേസിലെ പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനുള്ള ഷിബു കുമാറിന്റെ ശ്രമം വിജിലൻസാണ് പൊളിച്ചത്. അന്ന് രാത്രിയിൽ കൊല്ലം മെഡിസിറ്റിക്ക് സമീപം വച്ചാണ് അര ലക്ഷം രൂപ കൈമാറുന്നതിനിടെ കഴക്കൂട്ടം സിഐ ഷിബുകുമാറിന്റെ സുഹൃത്ത് പ്രസാദ് പിടിയിലാവുന്നത്.

ഈ സമയത്ത് ഷിബുകുമാർ കണ്ണനല്ലൂരിലെ ഒരു വനിതാ സുഹൃത്തിന്റെ വീട്ടിലുണ്ടായിരുന്നു. പ്രസാദായിരുന്നു അന്ന് ഏജന്റ്. വനിതാ സുഹൃത്തിന്റെ വീട്ടിൽ മദ്യസൽക്കാരത്തിലിരിക്കെയാണ് പ്രസാദിനെ പണം വാങ്ങാനായി പറഞ്ഞുവിട്ടത്. പ്രസാദിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് വിജിലൻസ് സംഘം കണ്ണനല്ലൂരിലും എത്തി. പക്ഷേ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചില്ല. ഇതോടെ ഷിബു കുമാറിന് ഒളിവിൽ പോകാനുമായി. പിന്നീട് പിടിയിലാവുകയും ചെയ്തു.

സസ്പെൻഷന് ശേഷം തിരികെ സ്റ്റേഷന്റെ സുപ്രധാന നിർവ്വഹണത്തിലേക്കാണ് ഷിബു എത്തിയത്. പീരുമേട് പൊലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഒ ആയാണ് നിയമിച്ചത്. ഇവിടെ നിന്നും മുല്ലപ്പെരിയാരിലേക്കും പിന്നീട് മുണ്ടക്കയത്തേക്കും വരികയായാരുന്നു. ഭരണ പക്ഷത്തെ പിടിപാട് കൊണ്ടാണ് അഴിമതിക്കേസിൽ പെട്ടിട്ടും ലോ ആൻഡ് ഓർഡറിൽ നിയമിക്കരുതെന്ന ഉത്തരവുണ്ടായിട്ടും സ്റ്റേഷൻ ചുമതല ലഭിച്ചതെന്നാണ് ആരോപണം. ഇത്തരത്തിൽ കുപ്രിസദ്ധനായ ഉദ്യോഗസ്ഥനാണ് വീണ്ടും വിജിലൻസ് വലയിൽ കുരുങ്ങുന്നത്.

മുണ്ടക്കയം ഇളംകാട് സ്വദേശിയായ എക്സ് സർവീസ് ഉദ്യോഗസ്ഥന്റെ അച്ഛനും അമ്മയും തമ്മിൽ കുടുംബ പ്രശ്‌നം നിലവിലുണ്ടായിരുന്നു. ഇയാളുടെ അച്ഛനും സഹോദരനും വീടിന്റെ താഴത്തെ നിലയിലും, അമ്മയും യുവാവും രണ്ടാം നിലയിലുമാണ് കഴിഞ്ഞിരുന്നത്. രണ്ടു മാസം മുൻപ് വീട്ടിലെത്തിയ യുവാവിനെ അച്ഛൻ ആക്രമിച്ചു. അച്ഛനെ ഇയാൾ തിരിച്ച് ആക്രമിക്കുകയും ചെയ്തു. തന്നെ ഉപദ്രവിച്ചെന്നും തലയ്ക്ക് കല്ലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചെന്നുംകാട്ടി അച്ഛൻ നൽകിയ പരാതിയിലാണ് മകനെതിരേ ജാമ്യമില്ലാവകുപ്പ് ചുമത്തി മുണ്ടക്കയം പൊലീസ് കേസെടുത്തത്.

ഇതേ തുടർന്നു യുവാവിനെതിരെ വധ ശ്രമത്തിനു പൊലീസ് കേസെടുക്കുകയും വാഹനം അടക്കം പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് ഇയാൾ ഹൈക്കോടതിയിൽ നിന്നും ജാമ്യം എടുത്തു. എല്ലാ ദിവസവും സിഐ യുവാവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും ഒപ്പിടീപ്പിക്കുകയും ചെയ്തിരുന്നു. ഇത് യുവാവിന് ഏറെ ബുദ്ധിമുട്ടായിരുന്നു. കൂടാതെ വാഹനം പിടിച്ചെടുത്തിരിക്കുന്നതിനാൽ മറ്റാവശ്യങ്ങൾ നടക്കുന്നുമില്ല. ഈ സമയമാണ് മുണ്ടക്കയം സ്റ്റേഷനിലെ ക്യാന്റീൻനിർമ്മിച്ച സുദീപ് യുവാവുമായി സംസാരിക്കുകയും, തുടർന്നു സിഐയുമായി ധാരണയുണ്ടാക്കിയതും.

യുവാവിന്റെ വാഹനം തിരികെ നൽകുകയും, കേസിൽ കോടതിയിൽ അനുകൂല റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുകയും, തിരികെ വീട്ടിൽ കയറ്റി താമസിപ്പിക്കാൻ നടപടിയെടുക്കുമെന്നുമായിരുന്നു സുദീപിന്റെ ഉറപ്പ്. ഇതിനായി ഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി സുദീപ് ആവശ്യപ്പെട്ടത്. അത്രയും പണം തരാനില്ലെന്ന് പറഞ്ഞതോടെ പിന്നീട് ഒരു ലക്ഷം രൂപ നൽകിയാൽ കേസ് ഒതുക്കാമെന്നും ധാരണയായി. ഇതോടെ എക്സ് സർവീസ് ഉദ്യോഗസ്ഥൻ വിജിലൻസ് വിഭാഗവുമായി ബന്ധപ്പെട്ടു. വിജിലൻസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം ഇന്നലെ വൈകിട്ട് നാലോടെ ആദ്യഗഡുവായ അര ലക്ഷം രൂപ കൊടുക്കുന്നതിനായി എക്സ് സർവീസ് ഉദ്യോഗസ്ഥൻ മുണ്ടക്കയം സ്റ്റേഷനു മുന്നിലെ ക്വാർട്ടേഴ്സിൽ എത്തി.

ഫിനാഫ്തലിൻ പൗഡർ വിതറിയ നോട്ടുകൾ ഉൾപ്പെടെയുള്ള തുക ഇയാൾ സുദീപിനു കൈമാറി. സുദീപ് ക്വാർട്ടേഴ്സിലെത്തി തുക ഷിബുകുമാറിനു കൈമാറി.പിന്നാലെ എത്തിയ വിജിലൻസ് എസ്‌പി വി.ജി.വിനോദ്കുമാർ, യൂണിറ്റ് ഡിവൈഎസ്‌പി പി.ജി.രവീന്ദ്രനാഥ്, റേഞ്ച് ഡിവൈഎസ്‌പി വിശ്വനാഥൻ, ഇൻസ്‌പെക്ടർമാരായ രാജേഷ്, രാജീവ്, സജുദാസ്, എസ്ഐമാരായ വിൻസെന്റ്, സ്റ്റാൻലി, തുളസീധരക്കുറുപ്പ്, ടി.കെ.അനിൽകുമാർ, പ്രസന്നകുമാർ, കെ.സന്തോഷ്‌കുമാർ, സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം ക്വാർട്ടേഴ്സിനുള്ളിൽ കയറി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.