വാഷിങ്ഡൺ: ചൈനയ്ക്കുവേണ്ടി ചാരവൃത്തി നടത്തിയ മുൻ സിഐഎ ഉദ്യോഗസ്ഥൻ യുഎസിൽ അറസ്റ്റിൽ. ജെറി ചുൻ ഷിങ് ലീ എന്ന ഷെൻ ചെങ് ലീ (53) ആണ് തിങ്കളാഴ്ച രാത്രി ജോൺ എഫ് കെന്നഡി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായത്. അമേരിക്കയുടെ ചാരന്മാരെ ചൈന തിരിച്ചറിയാൻ തുടങ്ങിയതിനെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് അറസ്റ്റെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് പറഞ്ഞു.

1994നും 2007നും ഇടയിലാണ് യുഎസ് ചാരസംഘടനയായ സിഐഎയിൽ ലീ ജോലി ചെയ്തിരുന്നത്. യുഎസ് പൗരത്വം നേടിയിട്ടുള്ള ലീ, ഹോങ്കോങ്ങിലായിരുന്നു താമസം. അതീവ രഹസ്യമായ ദേശീയ പ്രതിരോധ വിവരങ്ങളെ നിയമവിരുദ്ധ പ്രവൃത്തിക്ക് ഉപയോഗിച്ചെന്നതാണ് കുറ്റം. തെളിയിക്കപ്പെട്ടാൽ പത്തു വർഷം വരെ തടവുശിക്ഷ ലഭിക്കും. 2012 ഓഗസ്റ്റിലാണ് ലീയും കുടുംബവും ഹോങ്കോങ് വിട്ട് യുഎസിൽ തിരിച്ചെത്തിയത്. ഈ യാത്രയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.