കൊച്ചി: അത്യാധുനിക താപനിയന്ത്രണ സംവിധാനമുള്ള കണ്ടെയ്നർ ഉപയോഗിച്ച് ഇതാദ്യമായി കേരളത്തിൽ നിന്ന് അമേരിക്കയിലേയ്ക്ക് ചെമ്മീൻ കയറ്റുമതി ചെയ്തു. ചോയ്സ് ഗ്രൂപ്പിനുവേണ്ടി സിയാൽ കാർഗോ വിഭാഗമാണ് യാത്രയിലുടനീളം മൈനസ് 20 ഡിഗ്രിയിൽ ഊഷ്മാവ് നിയന്ത്രിച്ചുനിർത്താൻ സൗകര്യമുള്ള കണ്ടെയ്നറുകളിൽ കയറ്റുമതി കൈകാര്യം ചെയ്തത്.

കൊച്ചിയിൽ നിന്ന് ന്യൂയോർക്കിലേയ്ക്കായിരുന്നു കയറ്റുമതി. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ സാധാരണപോലെ ചെമ്മീൻ അയക്കുകയും പിന്നീട് പാചകം ചെയ്ത് അമേരിക്കയിലെ ഏജന്റിന് എത്തിക്കുന്നതിലും ഏറെ സമയനഷ്ടമുണ്ടാകും. ഇത് പരിഹരിക്കാനാണ് ചോയ്സ് ഗ്രൂപ്പിന്റെ ചോയ്സ് കാനിങ് കമ്പനി ഈ മാർഗം സ്വീകരിച്ചത്.

സാധാരണയായി മരുന്നുകളും മറ്റുമാണ് ഇത്തരം കണ്ടെയ്നറുകളിൽ കയറ്റിഅയക്കുന്നത്. ഇതാദ്യമായാണ് കേരളത്തിലെ ഒരു വിമാനത്താവളത്തിൽ നിന്ന് ഭക്ഷ്യവസ്തു ഇത്തരം കണ്ടെയ്നറുകളിൽ കയറ്റി അയക്കുന്നത്. കൊച്ചി വിമാനത്താവളത്തിൽ നിന്ന് ന്യൂയോർക്കിലെ ജെ.എഫ്.കെ വിമാനത്താവളത്തിലേയ്ക്ക് ഒരുദിവസത്തോളം നീളുന്ന യാത്രാസമയം മുഴുവനും കണ്ടെയ്നറിനുള്ളിലെ തണുപ്പ് മൈനസ് 20 ഡിഗ്രിയിൽ നിലനിർത്തണം.

900 കിലോഗ്രാം ഡ്രൈ ഐസ് ആണ് കൂളിങ് ഏജന്റായി ഉപയോഗിക്കുന്നത്. താപനിയന്ത്രണ സംവിധാനമുള്ള കണ്ടെയ്നർ ഡ്രൈ ഐസിന്റെ സഹായത്തോടെയാണ് നിശ്ചിത ഊഷ്മാവ് ദീർഘനേരം നിലനിർത്തുന്നത്. ഡ്രൈ ഐസ് ഏറെ അപകടകരമായ വസ്തുവാണ്. സിയാൽ അഗ്‌നിശമന സേനാവിഭാഗത്തിൽ നിന്നുള്ള പ്രത്യേക ഉപകരണങ്ങളും സുരക്ഷാ വസ്ത്രങ്ങളും ഇതിനായി ഉപയോഗിക്കപ്പെട്ടു. ആദ്യഘട്ടമായി ഒരു ടൺ പാചകം ചെയ്ത ചെമ്മീനാണ് ഇപ്രകാരം കയറ്റി അയച്ചത്.

ഇതിൽ പ്രത്യേക പരിശീലനമുള്ള കോണ്കോർഡ് ഏജൻസിയുടെ സഹായത്തോടെ എമിറേറ്റസ് സ്‌കൈ കാർഗോയാണ് തുടർപ്രവർത്തനങ്ങൾ കൈകാര്യം ചെയ്തത്. 750 പെട്ടികളിലടച്ച ചെമ്മീനുമായുള്ള കണ്ടെയ്നറുമായി എമിറേറ്റസ് വിമാനം ഞായറാഴ്ച പുലർച്ചെ കൊച്ചിയിൽ നിന്ന് പുറപ്പെട്ടു. ഇനിയും ഇത്തരം മൂന്ന് കണ്ടെയ്നറുകൾ കൂടി ഉണ്ടാകുമെന്ന് ചോയ്സ് ഗ്രൂപ്പ് അറിയിച്ചു.