നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് പ്രതിദിനം 14 സർവീസുകൾ ഉണ്ടാകും. ആഭ്യന്തര വിമാന സർവീസുകളുടെ ശീതകാല സമയക്രമം പ്രഖ്യാപിച്ചതനുസരിച്ചാണ് ഈ കണക്ക്. 31 മുതൽ മാർച്ച് 26 വരെയാണ് ശീതകാല സമയക്രമം പ്രാബല്യത്തിൽ ഉണ്ടാവുക. ഇതനുസരിച്ച് ആഴ്ചയിൽ 694 ആഭ്യന്തര ആഗമന-പുറപ്പെടൽ സർവീസുകൾ കൊച്ചിയിൽനിന്ന് ഉണ്ടാകും.

ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് പ്രതിദിനം ആറ് വിമാനങ്ങൾ വീതവും ഹൈദരാബാദിലേക്കും മുംബൈയിലേക്കും ഏഴ് പ്രതിദിന സർവീസുകൾ വീതവും ഉണ്ട്.ഹുബ്ബള്ളി, കൊൽക്കത്ത, മൈസൂരു, പുണെ തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകളും വർധിപ്പിച്ചിട്ടുണ്ട്.നിത്യേന കുറഞ്ഞത് 50 ആഭ്യന്തര പുറപ്പെടൽ സർവീസുകൾ ഉണ്ടാകും. ഇൻഡിഗോ എയർലൈൻസ് ഗോവ, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്ക് പ്രതിദിന സർവീസുകൾ പുനരാരംഭിക്കും.

നിലവിലുള്ള വേനൽക്കാല സമയപ്പട്ടികയിൽ ആഴ്ചയിൽ 456 വിമാന സർവീസുകളാണുള്ളത്. കണ്ണൂരിൽനിന്ന് രാവിലെ 9.25-ന് കൊച്ചിയിലെത്തുന്ന ഇൻഡിഗോ വിമാനം 9.45-ന് തിരുവനന്തപുരത്തേക്ക് പോകും. തിരുവനന്തപുരം-കൊച്ചി-കണ്ണൂർ സെക്ടറിൽ ഇൻഡിഗോ മറ്റൊരു വിമാന സർവീസ് കൂടി നടത്തും. ഇത് തിരുവനന്തപുരത്തുനിന്ന് വൈകീട്ട് 6.25-ന് കൊച്ചിയിലെത്തി 6.45-ന് കണ്ണൂരിലേക്ക് പുറപ്പെടും.

ഈ വർഷം അവസാനത്തോടെ കൊച്ചിയിലെ വ്യോമ ഗതാഗതം സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. ഇൻഡിഗോ എയർലൈൻസാണ് കൊച്ചിയിൽനിന്ന് ഏറ്റവും അധികം സർവീസുകൾ നടത്തുന്നത്. കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകൾ ആഴ്ചയിൽ 172 ആയി ഇൻഡിഗോ ഉയർത്തും. എയർ ഏഷ്യ, എയർ ഇന്ത്യ, ഗോ എയർ എന്നീ വിമാനക്കമ്പനികളും സർവീസുകൾ വർധിപ്പിച്ചിട്ടുണ്ട്.