നെടുമ്പാശേരി: സാങ്കേതിക തകരാറിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി അടിയന്തര സുരക്ഷാ സംവിധാനങ്ങളൊരുക്കി ഇറങ്ങിയ എയർ അറേബ്യ വിമാനത്തിന്റെ തകരാർ പരിഹരിച്ച് വിമാനം ഷാർജയിലേക്ക് മടങ്ങി. സംഭവത്തെക്കുറിച്ചു സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ വിമാനത്താവള കമ്പനി, എയർ അറേബ്യ, എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ എന്നിവയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു മാസത്തിനിടെ രണ്ട് വിമാനങ്ങളാണ് എയർ അറേബ്യയുടേതായി തകരാറിൽ ആയത്. ഈ സാഹചര്യത്തിലാണ് അന്വേഷണം.

കൊച്ചിയിൽ ഇറങ്ങാനുള്ള പരിശോധനകൾക്കിടെ ആണ് ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ മൂലം വിമാനത്തിന്റെ ലാൻഡിങ് ഗിയർ പ്രവർത്തനത്തിലെ അപാകത പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടത്. കൺട്രോൾ ടവറുമായി ബന്ധപ്പെട്ട് അടിയന്തരമായി വിമാനം ഇറക്കുന്നതിന് അനുമതി തേടുകയായിരുന്നു. ഈ തിരിച്ചറിവാണ് വലിയൊരു അപകടത്തെ ഇല്ലാതാക്കിയത്. അതിന് ശേഷം നെടുമ്പാശ്ശേരി എല്ലാ അർത്ഥത്തിലും സജ്ജമായി. ഈ കരുതൽ വിമാനത്തിന്റെ സുരക്ഷിത ലാൻഡിംഗിന് കാരണമായി.

വൈകിട്ട് 6.40 മുതൽ വിമാനത്താവളത്തിൽ ഫുൾ എമർജൻസി പ്രഖ്യാപിച്ചു. ഈ സമയം ഇവിടെ ഇറങ്ങാൻ എത്തിയ 2 വിമാനങ്ങളെ കണ്ണൂരിലേക്കും കോയമ്പത്തൂരിലേക്കും തിരിച്ചുവിട്ടു. എല്ലാ സുരക്ഷാ സംവിധാനങ്ങളുടെയും അകമ്പടിയോടെ 7.29ന് വിമാനം സുരക്ഷിതമായി റൺവേയിൽ ഇറക്കി. യാത്രക്കാരെ എല്ലാം അവിടെവച്ചുതന്നെ പുറത്തെത്തിച്ചു. അപകട സാധ്യത ഒഴിവാക്കാൻ എൻജിൻ ഓഫ് ആക്കിയ ശേഷം തള്ളിനീക്കിയാണ് വിമാനം ബേയിലേക്ക് എത്തിച്ചത്.
ചെറിയ അപായ സാധ്യതയെ പോലും എത്ര ഗൗരവമായാണു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കൈകാര്യം ചെയ്യുന്നത് എന്നതിനു തെളിവാണ് വെള്ളിയാഴ്ച വൈകിട്ടുണ്ടായ അടിയന്തരാവസ്ഥ പ്രഖ്യാപനവും തുടർ നടപടിക്രമങ്ങളും.

സിയാൽ എംആർഒ വിഭാഗത്തിന്റെയും എയർ അറേബ്യ എൻജിനീയറിങ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ തകരാർ പരിഹരിച്ച് ഇന്നലെ ഉച്ചയ്ക്ക് 3.20ന് 82 യാത്രക്കാരുമായി വിമാനം ഷാർജയിലേക്ക് പോയി. ഷാർജയിൽനിന്നു പറന്നുയർന്ന ശേഷമാണ് പൈലറ്റിന് തകരാറിനെപ്പറ്റി സന്ദേശം ലഭിച്ചത്. പറക്കലിനിടെ ഇത്തരം ഇൻഡിക്കേഷനുകൾ പൈലറ്റിനു ലഭിക്കുന്നതു പതിവു സംഗതി മാത്രമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

അപായസൂചന ലഭിച്ച് മിനിറ്റുകൾക്കുള്ളിൽ വിമാനത്താവളം ക്ലിയർ ചെയ്യാനായിരുന്നു സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ തീരുമാനം. വൈകിട്ട് 6.41നാണു വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തുടർന്നുള്ള ഒന്നര മണിക്കൂർ ആശങ്കയെക്കാൾ ജാഗ്രതയുടേതായിരുന്നു.

ഹൈഡ്രോളിക് തകറാറുണ്ടായാൽ, വിമാനം ലാൻഡ് ചെയ്യുമ്പോൾ ചക്രങ്ങൾ നിവരാതിരിക്കാം. അങ്ങനെ വന്നാൽ അതു വൻ ദുരന്തത്തിലാവും കലാശിക്കുക. അതുകൊണ്ടുതന്നെ, നിസാരമെന്നു തോന്നുമെങ്കിലും ഇത്തരമൊരു സാഹചര്യത്തിൽ വിമാനത്താവളത്തിൽ സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതേസമയം കൃത്യമായ ഏകോപനം ഉണ്ടായിരുന്നതിനാൽ, ലാൻഡ് ചെയ്ത് മിനിറ്റുകൾക്കകം വിമാനം 16ാം ബേയിലേയ്ക്കു മാറ്റി റൺവേ ക്ലിയർ ചെയ്തു. സമ്പൂർണ എമർജൻസി 8.22നു തന്നെ പിൻവലിക്കാനുമായി.

വളരെ കുറച്ചു സമയം കൊണ്ടു വിമാനത്താവളം ക്ലിയർ ചെയ്യുന്നതിനും അടിയന്തരാവസ്ഥ പിൻവലിക്കാനും വിമാനത്താവള അധികൃതർക്കു സാധിച്ചു. എറണാകുളം മുൻ കലക്ടറുടെ നേതൃപാടവവും ഏകോപന വൈഭവവും ഒരിക്കൽ കൂടി വ്യക്തമാക്കുന്നതായി ഇടപെടലുകൾ. 7.13നു ലാൻഡ് ചെയ്യേണ്ട വിമാനം 7.29നാണ് ലാൻഡ് ചെയ്യാനായത്. വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിൻവലിച്ചു. വിമാന സർവീസുകൾ സാധാരണ നിലയിലായി. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നു വിമാനത്താവള അധികൃതർ അറിയിച്ചു. എട്ടരയോടെ വിമാനത്താവളത്തിലെ അടിയന്തര നടപടികൾ പിൻവലിച്ചു.ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറയെന്നും അടിയന്തര ലാൻഡിങ് വേണമെന്നും ആവശ്യപ്പെട്ടതിതെ തുടർന്ന് കൊച്ചിയിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കുകയായിരുന്നു.

വൈകിട്ട് 6.41ന് തന്നെ വിമാനത്താവളത്തിലെ എയർ ട്രാഫിക്ക് കൺട്രോളുമായി പൈലറ്റ് ബന്ധപ്പെട്ടു എമർജൻസി ലാൻഡിങ് സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. വിമാനത്താവളത്തിൽ വിവരം എത്തിയ ഉടൻ തന്നെ അടിയന്തര സാഹചര്യം നേരിടാനുള്ള സംവിധാനം വിമാനത്താവളത്തിൽ ഒരുങ്ങി. അഗ്നിശമന സേന, ആംബുലൻസ്, സിഐഎസ്എഫ് സംവിധാനങ്ങൾ സജ്ജമായി. വിമാനത്താവള മേഖലയാകെ സമ്പൂർണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.7.13ന് ഇറങ്ങേണ്ട വിമാനം പിന്നെയും പത്ത് മിനിറ്റിലേറെ വിമാനത്താവളത്തിന് മേലെ വട്ടം കറങ്ങി. രാത്രി 7.29ന് പൈലറ്റ് നെടുമ്പാശേരിയിൽ വിമാനമിറക്കി. ഹൈട്രോളിക്ക് സംവിധാനം തകരാറിലായിട്ടും ലാൻഡിങ് സുരക്ഷിതമായി. എമർജൻസി ലാൻഡിങ് വേണ്ടി വന്നതിനാൽ കൃത്യമായ മുൻകരുതൽ സ്വീകരിച്ചിരുന്നു. റൺവേയിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ വഴിത്തിരിച്ചു വിട്ടു .എയർഅറേബ്യ വിമാനം നിലംതൊട്ടതോടെ വളരെ വേഗം യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി.

ജീവൻ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലായിരുന്നു യാത്രക്കാർ. പിന്നാലെ റൺവേയിൽ നിന്ന് എയർഅറേബ്യ വിമാനം ഉപകരണങ്ങൾ ഉപയോഗിച്ച് പാർക്കിങ് ബേയിലേക്ക് തള്ളിനീക്കി. രാത്രി എട്ടെകാലോടെ വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിൻവലിച്ചു. സർവീസുകൾ സാധാരണ നിലയിലായി. ഇത്തരത്തിലൊരു സാഹചര്യം കൊച്ചി വിമാനത്താവളത്തിന് സ്വീകരിക്കേണ്ടി വന്നിട്ട് കാലമേറെയായി. എ്ന്നാലും പഴുതുകളടച്ച സംവിധാനം കൊച്ചി വിമാനത്താവളത്തിലുണ്ടെന്ന് ഇന്നലത്തെ സംഭവത്തോടെ തെളിഞ്ഞു. എയർ അറേബ്യ ജി 9-426 വിമാനം നെടുമ്പാശേരിയിൽ അടിയന്തരമായി നിലത്തിറക്കിയ സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് എയർ അറേബ്യ വിമാനത്തിന് എഞ്ചിൻ തകരാർ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ മാസം ചിറ്റഗോയിൽ നിന്ന് അബുദാബിയിലേക്കുള്ള യാത്രയ്ക്കിടെ എയർ അറേബ്യ എഞ്ചിൻ തകരാറിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കിയിരുന്നു. തുടരെ എഞ്ചിൻ തകരാറുകൾ റിപ്പോർട്ട് ചെയ്യുന്നതോടെയാണ് ഡിസിജിഐ അന്വേഷണം ആരംഭിച്ചത്.