മൂവാറ്റുപുഴ: സലാലയിൽ മരണമടഞ്ഞ മൂവാറ്റുപുഴ ആട്ടായം മുടവനാശ്ശേരി വീട്ടിൽ മുഹമ്മദ് (52), സമീപവാസിയായ ഉറവക്കുഴി പുറ്റമറ്റത്തിൽ നജീബ് (ബേബി-49) എിവരുടെ മൃതദ്ദേഹം എത്തുന്നത് സംമ്പന്ധിച്ച തെറ്റായ വിവരം നൽകി സീയാൽ അധികൃതരും ഒമാൻ എയർവേയ്‌സും ബന്ധുക്കളെ വട്ടംകറക്കി.

കാലാവസ്ഥ മാറ്റംമൂലം ഇന്നലെ സലാല എയർപോർട്ടിൽ നിന്നും വിമാനസർവ്വീസ് നിർത്തിവച്ചുവെന്നും അതിനാൽ ഇന്ന് മൃതദ്ദേഹം എത്തിക്കാൻ കഴിയില്ലെന്നും ഇന്നലെ രാത്രി തന്നെ സലാലയിൽ നിന്ന് മരണമടഞ്ഞവരുടെ ബന്ധുക്കൾ നാട്ടിലറിയിച്ചിരുന്നു. ഇതോടെ മൃതദേഹങ്ങൾ എത്താൻ വൈകുമെന്ന ആശങ്കയിലായി ബന്ധുക്കളും സുഹൃത്തുക്കളും.

എന്നാൽ ഇന്ന് പുലർച്ചെ എയർപോർട്ട് ഓഫീസിലെ 0484 2610115 എന്ന നമ്പറിൽ നിന്നും മുഹമ്മദിന്റെയും നജീബിന്റെയും മൃതദേഹങ്ങൾ 6.30 ന് എത്തുമെന്നും ഏറ്റുവാങ്ങണമെന്നും കാണിച്ച് അടുത്ത ബന്ധുക്കൾക്ക് ഫോൺ സന്ദേശമെത്തി. ഇതേത്തുടർന്ന് രണ്ട് ആമ്പുലൻസുകളിലും കാറുകളിലുമായി ഇരുകുടുമ്പങ്ങളിൽ നിന്നുമായി 50 -ലേറെപേർ രാവിലെ 6.40തോടെ വിമാനത്താവളത്തിലെത്തി. മൂവാറ്റുപുഴയിലെ ഇരുവരുടെയും വീടുകളിൽ മൃതദ്ദേഹം കാണാൻ വൻ ജനാവലിയും തടിച്ചുകൂടി.

ജുമാമസ്ജിദിലെ ഇമാമമടക്കം പെരുമ്പാവൂർ താലൂക്ക് ആശുപപത്രിയിലും ഇവരുടെ ബന്ധുക്കളും പൗരപ്രമുഖരും കാത്തുനിന്നിരുന്നു. മൃതദ്ദേഹങ്ങൾ ഇവിടെ എത്തിച്ച് എംബാം ചെയ്തത് നീക്കി വീട്ടിലേക്ക് കൊണ്ടുപോകുന്നതിനായിരുന്നു ബന്ധുക്കളുടെ തീരുമാനം.

എന്നാൽ എയർപോർട്ടിലെത്തി ബന്ധപ്പെട്ട അധികൃതരെ കണ്ട് കാര്യമന്വേഷിച്ചപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം ബന്ധുക്കൾക്ക് ബോദ്ധ്യമായത്. മൃതദ്ദേഹം എത്തുന്നതുസംമ്പന്ധിച്ച് നേരത്തെ ലഭിച്ച വിവരം ബന്ധുക്കളെ അറിയക്കുകയായിരുന്നെന്നാണ് ഇവിടെ നിന്നും ഇവർക്ക് ലഭിച്ച വിവരം.മൃതദ്ദേഹം എത്തിക്കാൻ ചുമതലയേറ്റിട്ടുള്ള ഓമാൻ എയർവേസിന്റെ ഓഫീസിൽ നിന്നും കൃത്യമായ ഒരുവിവരം ഇനിയും ബന്ധുക്കൾക്ക് ലഭിച്ചിട്ടില്ല. ഇരുവരുടെയും ബന്ധുക്കൾ ഇപ്പോഴും എയർപോർട്ടിൽ കാത്തിരിക്കുകയാണ്. ഇതിനിടയിൽ മോഹാലസ്യപ്പെട്ട് വീണ മുഹമ്മദിന്റെ സഹോദരൻ ഏറെ നേരം കഴിഞ്ഞാണ് സാധാരണ നിലയിലായത്.

ബിസിനസ്സ് പങ്കാളിയായിരുന്ന മുഹമ്മദും നജീബും കഴിഞ്ഞ 22 ന് പുലർച്ചെയാണ് താമസസ്ഥലത്ത് ദൂരൂഹ സാഹചര്യത്തിൽ മരിച്ചത്. ഒമാൻ സ്വദേശിക്കുവേണ്ടി കോഴിക്കോട് താമസിച്ചുവരുന്ന മറ്റൊരു പങ്കാളി കരീമിനൊപ്പം ക്രഷർ യൂണിറ്റ് നിർമ്മാണത്തിനായിട്ടാണ് ഇരുവരും സലാലയിലെത്തിയത്. വൻ തുക മുടക്കിയ ക്രഷർ പ്രവർത്തന സജ്ജമാക്കി വീടുകളിലേക്ക് മടങ്ങാനിരുന്ന ഇരുവരുടെയും മരണം ബന്ധുക്കളെയും നാട്ടുകാരെയും ഒരുപോലെ ദുഃഖത്തിലാഴ്‌ത്തി.

മരണത്തിലെ ദുരൂഹത നിലനിൽക്കയാണ് ഒമാൻ പൊലീസ് നടപടികൾ പൂർത്തീകരിച്ചിച്ച് മൃതദേഹം ബന്ധുക്കൾക്ക് വീട്ടുനല്കകിയിട്ടുള്ളത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് സംമ്പന്ധിച്ച് യാതൊരുവിവരങ്ങളും ഇതുവരെ തങ്ങൾക്ക് ലഭിച്ചിട്ടില്ലന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. മൃതദേഹം നടപടിക്രമം പൂർത്തീകരിച്ചു നാട്ടിലെത്തിക്കുന്നതിന് കേന്ദ്രവിദേശകാര്യമന്ത്രാലയം, സംസ്ഥാന സർക്കാർ , ഇന്ത്യൻ എംബസി, നോർക്ക വകുപ്പുകളും കെ.എം.സി സി. ഉൾപ്പെടെ സംഘടനകളും ഇടപ്പെട്ടിരുന്നു.