സിഡ്‌നി: മകൾക്കൊപ്പം താമസിക്കാനെത്തിയ അമ്മയെ മരണം വിളിച്ചത് അപ്രതീക്ഷിതമായി. സിഡ്‌നിയിലെ പെന്റിത്തിൽ മകൾക്കൊപ്പം താമസിക്കാനെത്തിയ ഇടുക്കി വണ്ണപ്പുറം താഴേക്കുടിയിൽ സിസിലി ഏബ്രഹാമാണ് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത് അറുപതു വയസായിരുന്നു.

എട്ടു മാസം മുമ്പാണ് പെന്റിത്തിൽ താമസിക്കുന്ന മകൾ ജാസ്മിൻ മേജോയുടെ അടുത്തേക്ക് സിസിലി എത്തുന്നത്. ഇവിടെ താമസിച്ചു വരവേയാണ് സിസിലിക്ക് ഹൃദയാഘാതം ഉണ്ടാകുന്നത്. തുടർന്ന് നേപ്പിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രോഗം ഗുരുതരമാകുകയായിരുന്നു. തുടർന്ന് സിസിലി മരണത്തിന് കീഴടങ്ങുകയും ചെയ്തു.

മേജോ ചക്കാലയ്ക്കലാണ് മരുമകൻ. സിസിലിയുടെ മരണത്തെ തുടർന്ന് ഇവരുടെ കുടുംബത്തെ സഹായിക്കാനും മരണാനന്തര നടപടികൾക്കുമായി പെന്റിത്ത് മലയാളി കൂട്ടായ്മയും മറ്റും രംഗത്തെത്തിയിട്ടുണ്ട്. പെന്റിത്തിലെ സെന്റ് നിക്കോളാസ് പള്ളിയിൽ നടന്ന ശുശ്രൂഷയിൽ നിരവധി മലയാളികൾ പങ്കെടുക്കുകയും ചെയ്തു.

സിസിലിയുടെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടിയിരിക്കുകയാണ് മകൾ ജാസ്മിനും കുടുംബവും പെന്റിത്ത് മലയാളികളും. മകൾക്കൊപ്പം താമസിച്ച് കൊതിതീരും മുമ്പ് സിസിലിയെ മരണം വിളിച്ചത് ഇനിയും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല ഇവരുടെ കുടുംബത്തിന്.