- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിയേറ്റർ തുറന്നാൽ ആദ്യം സുകുമാരക്കുറപ്പ് എത്തും! പിന്നെ കാവൽ....ആറാട്ടും വൈകും; മരയ്ക്കാർ ഒടിടിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തം; ആദ്യമെത്തുക കുട്ടിപടങ്ങൾ; ഇനിയുള്ള രണ്ട് മാസം മലയാള സിനിമയ്ക്ക് അതിനിർണ്ണായകം; സിനിമ വീട്ടിലെത്തുന്ന കാലത്ത് പ്രേക്ഷകർ തിയേറ്ററിൽ എത്തുമോ?
തിരുവനന്തപുരം: മലയാള സിനിമ അനിശ്ചിതത്വത്തിലാണ്. കോവിഡു കാലത്ത് ഒടിടിയിലൂടെ റിലീസ് ആസ്വദിച്ചവരാണ് മലയാളികൾ. ദൃശ്യം രണ്ട് സൂപ്പർഹിറ്റായി. കാണെ കാണെയും ഒടിടിയിൽ സൂപ്പർഹിറ്റ്. ഭ്രമവും നിരവധി പേരിലെത്തി. പിടികിട്ടാപുള്ളിക്കും കോളടിച്ചു. അങ്ങനെ ഒടിടി കാണുന്നത് മലയാളിക്ക് ഒരു ശീലമായി. ഒടുവിൽ തിയേറ്റർ തുറക്കാൻ സർക്കാർ തീരുമാനിച്ചു. 25ന് കോവിഡ് മാനദണ്ഡങ്ങളോടെ തിയേറ്ററുകൾ സജീവമാകും. അപ്പോൾ ആളുകൾ സിനിമ കാണാൻ തിയേറ്ററിലെത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. കുടുംബ പ്രേക്ഷകർ ഒടിടി ഹാങ് ഓവറിൽ വീട്ടിലിരുന്ന് സിനിമ കാണാൻ ആഗ്രഹിച്ചാൽ തിയേറ്റർ വ്യവസായം പ്രതിസന്ധിയിലാകും.
അതുകൊണ്ട് തന്നെ വമ്പൻ സിനിമയോടെ തുടങ്ങാനായിരുന്നു ആലോചന. കേരളത്തിലെ മുഴുവൻ തിയേറ്ററിലും മോഹൻലാലിന്റെ ബിഗ് ബജറ്റ് സിനിമ പ്രദർശിപ്പിക്കാനായിരുന്നു ആലോചന. എന്നാൽ കോവിഡു കാലത്തിന്റെ തുടക്കത്തിൽ തിയേറ്ററിൽ ആളെത്തുമോ എന്ന ആശങ്ക മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ അണിയറ പ്രവർത്തകർക്കുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴും റിലീസ് തീയതി അവർ പ്രഖ്യാപിച്ചിട്ടില്ല. ഒടിടി പ്ലാറ്റ് ഫോമുകളുമായി ചർച്ച പുരോഗമിക്കുകയുമാണ്. കോവിഡിന് മുമ്പ് റിലീസ് ചെയ്യണ്ട സിനിമ രണ്ട് കൊല്ലം വൈകി എത്തുമ്പോൾ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയും ഉണ്ട്. അതുകൊണ്ട് തന്നെ ദേശീയ അവാർഡ് നേടിയ ഈ ചിത്രം ഒടിടിയിൽ എത്താനാണ് സാധ്യത.
ഇപ്പോഴത്തെ ഷെഡ്യൂൾ പ്രകാരം കുറുപ്പാകും ആദ്യം തിയേറ്ററിൽ എത്തുന്ന ബിഗ് ബജറ്റ് സിനിമ. നവംബർ രണ്ടാം വാരമോ മൂന്നാം വാരമോ അത് തിയേറ്ററിൽ എത്തും. നവംബർ 25ന് സുരേഷ് ഗോപിയുടെ കാവലും എത്തും. അറബിക്കടലിന്റെ സിംഹം തീയേറ്ററിൽ എത്തിയില്ലെങ്കിൽ ആറാട്ടാകും മോഹൻലാലിന്റെ തിയേറ്ററിലെത്തുന്ന ആദ്യ സിനിമ. ജനുവരിയിലോ ഫെബ്രുവരിയിലോ ആകും ഈ സിനിമ റിലീസിന് എത്തുക. തിയേറ്റർ തുറന്നാലും തുടക്കത്തിൽ ചെറിയ ചിത്രങ്ങൾ മാത്രമേ പ്രദർശനത്തിന് എത്തൂവെന്ന് സാരം. മുഖ്യമന്ത്രിയുമായി സിനിമാ സംഘടനകൾ തിയേറ്റർ തുറക്കലിൽ വിശദ ചർച്ചകൾ നടത്തും. അതിന് ശേഷമാകും റിലീസ് ചിത്രങ്ങളുടെ ഷെഡ്യൂളിൽ വ്യക്തത വരൂ.
ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്. ദുൽഖറിന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുമെന്ന് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന കുറുപ്പ് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മുതൽമുടക്കിലൊരുങ്ങുന്ന ചിത്രമാണ് കുറുപ്പ്. മുപ്പത്തിയഞ്ച് കോടി രൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.
നേരത്തെ തീയറ്ററുകൾ 25ാം തീയതിമുതൽ തുറക്കാൻ തീയറ്റർ ഉടമകളുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു. മൾട്ടിപ്ലക്സ് ഉൾപ്പെടെയുള്ള എല്ലാ സിനിമാ തീയറ്ററുകളും ഒരേ സമയത്ത് തന്നെ തുറക്കാനാണ് തീരുമാനം. നികുതി കുറയ്ക്കണമെന്നുൾപ്പെടെ വിവിധ ആവശ്യങ്ങളുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാനുമായി സംഘടന പ്രതിനിധികൾ കൂടിക്കാഴ്‌ച്ച നടത്തും. ഇരുപത്തിരണ്ടാം തീയതിക്ക് ശേഷം എല്ലാ സംഘടനയുടെയും അടിയന്തരയോഗം ചേരുമെന്നും തീയറ്റർ ഉടമകളുടെ സംഘടന അറിയിച്ചു.
കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ഈ മാസം 25 മുതൽ മാനദണ്ഡങ്ങൾ പാലിച്ച് തീയറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. പകുതി സീറ്റുകളിൽ ആളുകളെ ഇരുത്തി പ്രവർത്തിപ്പിക്കാനാണ് അനുമതി നൽകിയത്. എന്നാൽ ഇക്കാര്യത്തിൽ ആശയക്കുഴപ്പം ഉടലെടുത്തതോടെയാണ് തീയറ്റർ ഉടമകൾ യോഗം ചേർന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ തീയേറ്ററുകൾ തുറക്കും. ജീവനക്കാരും പ്രേക്ഷകരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം. 50 ശതമാനം പേർക്കായിരിക്കും പ്രവേശനം. പൂർണമായ തുറക്കൽ എന്നാൽ സാദ്ധ്യമാകില്ല.
ഇക്കാര്യങ്ങൾ സിനിമാ സംഘടനകളുമായി ചർച്ച ചെയ്ത് സർക്കാർ മാർഗരേഖ പുറത്തിറക്കും. ഏതാണ്ട് ആറ് മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് സിനിമാ തീയേറ്ററുകൾ തുറക്കുന്നത്.തിയേറ്ററുകൾ തുറക്കുന്നതിന് പിന്നാലെ റിലീസിനൊരുങ്ങുന്ന സിനിമകളെക്കുറിച്ചുള്ള ചർച്ചകളും സജീവമായിട്ടുണ്ട്. നിരവധി ചിത്രങ്ങളാണ് തിയേറ്റർ റിലീസിനായി കാത്തിരിക്കുന്നത്. ഇതിൽ മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് തീയതിക്കായി കാത്തിരിക്കുകയാണ് ആരാധാകർ.എന്നാൽ മരയ്ക്കാർ്യു ഉടൻ തിയേറ്ററിലെത്തില്ലെന്നാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും നൽകുന്ന സൂചന.
പകുതിപേർക്ക് മാത്രം പ്രവേശനം നൽകുന്നത് ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമെന്നതിനാൽ മരയ്ക്കാർ ഉടൻ റിലീസ് ചെയ്യില്ലെന്നാണ് ആന്റണി പെരുമ്പാവൂർ പ്രതികരിച്ചത്. തിയേറ്ററുകൾ പൂർണതോതിൽ പ്രവർത്തിച്ചുതുടങ്ങിയതിന് ശേഷം മാത്രം ചിത്രം റിലീസ് ചെയ്യാനാകൂ എന്നതാണ് അവരുടെ നിലപാട്. ഇതിനിടെയാണ് ഒടിടി ചർച്ചയും നടക്കുന്നത്..മലയാളത്തിലെ തന്നെ എറ്റവും ചിലവേറിയ ചിത്രമാണ് മരയ്ക്കാർ.
മറുനാടന് മലയാളി ബ്യൂറോ