- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു ചിത്രങ്ങളും പൊളിഞ്ഞ മമ്മൂട്ടി; ദൃശ്യം-2 മെഗാഹിറ്റായെങ്കിലും മരക്കാറിൽ വെട്ടിയിട്ട വാഴപോലെയായ ലാൽ; വിവാദം ഒഴിയാതെ ദിലീപ്; കുറുപ്പിലൂടെ സൂപ്പർസ്റ്റാറായ ദുൽഖർ; മിന്നൽ മുരളി പാൻ ഇന്ത്യൻ താരമാക്കിയ ടോവീനോ; പിറകോട്ടടിക്കാതെ ഫഹദും പൃഥിയും; ഒടിടി വഴിയും വിജയത്തിളക്കം; ഇനി ലാൽ- ദുൽഖർ-ടൊവിനോ ത്രയത്തിന്റെ കാലമോ! 2021ലെ ഫ്ളാഷ് ബാക്ക്
അടച്ചിടലിന്റെ കോവിഡ് കാലത്ത് ഇന്ത്യയിൽ ആദ്യമായി ഷൂട്ടിങ്ങ് തുടങ്ങിയ സിനിമാ ഇൻഡസ്ട്രി. ദൃശ്യം-2വിലൂടെയും മിന്നൽ മുരളിയിലൂടെയും ഒ.ടി.ടി വഴി ആഗോള വിപണിമൂല്യം ഉയർത്തിയ പ്രൊഡക്ഷൻ കേന്ദ്രം. തീയേറ്റർ അടച്ചിട്ടിട്ടും വളരുന്ന വ്യവസായം. മോളിവുഡ് എന്ന കൊച്ചു ചലച്ചിത്ര വ്യവസായരംഗത്തിന്, എല്ലാ പരിമിതികൾക്കും, പ്രതിസന്ധികൾക്കും ഇടയിൽ പിടിച്ചുനിൽക്കാനും വളരാനും, കഴിഞ്ഞുവെന്നതാണ് മഹാമാരിക്കാലമായ 2021ന്റെ ബാലൻസ് ഷീറ്റ് നോക്കുമ്പോൾ ആദ്യം എടുത്തു പറയേണ്ടത്.
സത്യത്തിൽ ദീർഘകാല അടച്ചിടലിനുശേഷം ആദ്യമായി ഷൂട്ടിങ്ങ് പുനരാംരംഭിച്ച് ഇന്ത്യൻ സിനിമാ വ്യവസായത്തിന് തന്നെ ആത്മവിശ്വാസത്തിന്റെയും, ധൈര്യത്തിന്റെയും, ബൂസ്റ്റർ ഡോസ് കൊടുത്തത് മലയാളമായിരുന്നു. അതുപോലെ തീയേറ്ററുകൾ അടഞ്ഞ് കിടന്നപ്പോൾ ഒ.ടി.ടിയിലൂടെ മലയാള സിനിമ അതിജീവിച്ചു. ഇതുകൊണ്ട് മറ്റൊരു ഗുണം കൂടിയുണ്ടായി. മലയാള സിനിമയുടെ കീർത്തി ലോകമെമ്പാടുമെത്തി. ചെറിയ ചിത്രങ്ങൾക്കുപോലും മുടക്കുമുതൽ തിരിച്ചുപിടിക്കാമെന്ന അവസ്ഥയുണ്ടായി. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണും, തിങ്കളാഴ്ച നിശ്ചയവും പോലുമുള്ള കൊച്ചു ചിത്രങ്ങൾ തീയേറ്ററിൽ ആണെങ്കിൽ വളരെ പെട്ടെന്ന് ഹോൾഡ് ഓവർ ആവുമായിരുന്നു. ഇപ്പോൾ ഒ.ടി.ക്കായി സിനിമ പിടിക്കുന്നവരുടെ തിരക്കാണ് കേരളത്തിലെങ്ങും. ഇരുപതോളം പടങ്ങളാണ് ഷൂട്ടിങ്ങ് പൂർത്തിയായി റിലീസിങ്ങ് കാത്തിരിക്കുന്നത്!
ഒ.ടി.ടിയിലും തീയേറ്റിലുമായി ഏകദേശം 160 ലേറെ ചിത്രങ്ങളാണ് ഈ വർഷം ഇറങ്ങിയത്. അതായത് ഓരോ രണ്ടുദിവസം കൂടുമ്പോഴും ഒരു സിനിമ റിലീസ് ചെയ്യുന്നു. ഡിസംബർ 31ന് ദിലീപിന്റെ കേശു ഈ വീടിന്റെ നാഥൻ അടക്കം എതാനും ചിത്രങ്ങൾ കൂടി ഇറങ്ങാനുണ്ട്. പക്ഷേ ഈ 160ൽ പതിവുപോലെ മുപ്പതോളം ചിത്രങ്ങൾക്ക് മാത്രമാണ് മുടക്കുമുതൽ തിരിച്ചുപടിക്കാൻ കഴിഞ്ഞിട്ടുള്ളത്. അത്് എക്കാലവും അങ്ങനെ തന്നെയാണ്. കഴിഞ്ഞ പത്തുവർഷമായി മലയാള സിനിമയുടെ ഗ്രാഫ് പരിശോധിച്ചാൽ അറിയാം, ഇറങ്ങുന്ന ചിത്രങ്ങളിൽ 20 ശതമാനത്തിന് താഴെയാണ് മുടക്കുമുതൽ തിരിച്ചുപടിക്കാൻ കഴിയാറുള്ളതെന്ന്.
മലയാളത്തിലെ തലമുറക്കൈമാറ്റത്തിന്റെ കൃത്യമായ സൂചനകളും ഈ വർഷമുണ്ട്. മമ്മൂട്ടി- മോഹൻലാൽ-ദിലീപ് എന്ന സമവാക്യം ഏതാണ്ട് കഴിയാറായെന്നും, ലാൽ- ദുൽഖർ- ടൊവീനോ ഈ ത്രയം ആയിരിക്കും ഇനി മലയാള സിനിമയെ നിയന്ത്രിക്കുകയെന്നും 2021ലെ കണക്കുകൾ വ്യക്തമാക്കുന്നു.
ഹിറ്റ് ചാർട്ടിൽ ഒന്നാമതെത്തിയ മിന്നൽ മുരളി
ഈ 160ലേറെ ചിത്രങ്ങളിലായി ഏകദേശം അയ്യായിരം കോടിയുടെ നിക്ഷേപം മലയാളത്തിൽ ഉണ്ടായിട്ടുണ്ട് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രാഥമിക വിലയിരുത്തൽ. ഇതിൽ എത്രകോടി പിരിഞ്ഞു കിട്ടി എന്നതിന്റെ കണക്ക് കൃത്യമല്ല. ഇതിൽ ഹിറ്റ് ചാർട്ടിൽ ഒന്നാമത് എത്തിയത് ടോവീനോ തോമസിന്റെ മിന്നൽ മുരളി തന്നെയാണ്. നെറ്റ്ഫ്ളികസിന്റെ വേൾഡ് ട്രൻഡിങ്ങിൽ ആദ്യ പത്തിൽ ഇടംപിടിക്കയും, ഇന്ത്യൻ ട്രെൻഡിങ്ങ് ലിസ്റ്റിൽ നമ്പർ വൺ ആവുകയും ചെയ്ത മിന്നൽ മരളി തീയേറ്ററിൽ റിലീസ് ചെയ്യുകയാണെങ്കിൽ നിഷ്പ്രയാസം 300 കോടി ക്ലബിൽ എത്തുമായിരുന്നു. അതുപോലെ ലോകവ്യാപകമായി മലയാളത്തിന്റെ വിപണി ഉയർത്തിയ ദൃശ്യം-2, ആമസോൺ പ്രൈമിന് ദക്ഷിണേന്ത്യയിൽ വൻ പ്രചാരം ഉണ്ടാക്കിയ ചിത്രമാണ്. തീയേറ്റർ റിലീസ് ഉണ്ടാവുകയാണെങ്കിൽ 200 കോടിക്ലബിൽ നിഷ്പ്രയാസം കയറുമായിരുന്നു സിനിമ. ആദ്യം തീയേറ്ററിൽ മാത്രം ഇറങ്ങിയ കുറുപ്പ് വെറും നാല േദിവസം കൊണ്ടാണ് 50 കോടി ക്ലബിൽ കയറിയത്. അന്ന് കേരളത്തിൽ ഹാഫ് ഓക്കുപ്പൻസിയാണ് തീയേറ്റിൽ ഉണ്ടായിരുന്നു. ഫുൾ ഓക്കുപ്പെൻസി ഉണ്ടായിരുന്നെങ്കിൽ നൂറുകോടിയിൽ എത്തുമായിരുന്നു ചിത്രമായിരുന്നു അത്. ഒ.ടി.ടി റിലീസും സാറ്റലെറ്റ് ഓവർസീസ് റൈറ്റുകളും വെച്ചുനോക്കുമ്പോൾ, മൊത്തം നൂറുകോടിയിലേറെ ബിസിനസ് പക്ഷേ കുറുപ്പ് നടത്തിക്കഴിഞ്ഞു. ഒരു കൊച്ചു ചിത്രമായ ജാൻ എ മൻ പോലും 15 കോടിരൂപ തീയേറ്റുകളിൽ നിന്ന് മാത്രം കളക്റ്റ് ചെയ്ത് കഴിഞ്ഞു. 2021ന്റെ ബാലൻസ് ഷീറ്റ് ഇങ്ങനെയാണ്.
സൂപ്പർ ഹിറ്റുകൾ- മിന്നൽ മുരളി, ദൃശ്യം-2, കുറുപ്പ്.
ഹിറ്റുകൾ- ജാൻ എ മെൻ, കോൾഡ് കേസ്, ഹോം, മാലിക്ക്, നായാട്ട്, ജോജി, ഓപ്പറേഷൻ ജാവ.
വിജയചിത്രങ്ങൾ- വെള്ളം, കാണെക്കാണെ, കുരുതി, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, തിങ്കളാഴച നിശ്ചയം, ഭീമന്റെ വഴി, സുമോഷ് ആൻഡ് രമേഷ്, അജഗജാന്തരം, മധുരം.
മുടക്കുമുതൽ തിരിച്ചുപിടിച്ചവ
സാറാസ്, കനകം കാമിനി കലഹം, വൂൾഫ്, നിഴൽ, ഇരുൾ, അനുഗ്രഹീതൻ ആന്റണി, ആർക്കറിയാം, ഉടുമ്പ്, ബിരിയാണി, സണ്ണി. ( കുറഞ്ഞ മുടക്ക്മുതലാണ് ഇവയിൽ പല ചിത്രങ്ങളെയും രക്ഷിച്ചത്)
ഫ്ളോപ്പുകൾ
മരക്കാർ അറബിക്കടലിന്റെ സിംഹം, ദ പ്രീസ്റ്റ്, വൺ, ലൗ, ഭ്രമം, എരിഡ, മ്യാവൂ
ഇപ്പോഴും ഒന്നാമൻ മോഹൻലാൽ തന്നെ
അമിതപ്രതീക്ഷകളുടെ ഭാരവുമായി എത്തിയ മരക്കാറിൽ ട്രോളന്മാർ പരിഹസിക്കുന്നപോലെ വെട്ടിയിട്ട വാഴപോലെ വീണുപോയെങ്കിലും, ദൃശ്യം-2വിന്റെ വൻ വിജയവും ആഗോളതലത്തിൽ തന്നെ വന്ന കീർത്തിയും മോഹൻലാലിന് ഈ വർഷം കിട്ടിയ നേട്ടങ്ങളാണ്. മാത്രമല്ല ലോക്ഡൗണിനുശേഷം ആദ്യമായി ഷൂട്ടിങ്ങ് പുനരാരംഭിച്ചതും ഈ ഒരു ഒറ്റ നടന്റെ റിസ്‌ക്കിലാണ്. എല്ലാംവരും മുഖംമൂടി കഴിയുന്ന സമയത്ത്, നിർഭയനായി മാസ്‌ക്ക് എടുത്തുമാറ്റി ലാൽ രംഗത്തിറങ്ങുകയായിരുന്നു. ആയിരക്കണക്കിന് ആളുകളുടെ അന്നം മുട്ടിക്കാതെ നോക്കിയതിന് ആ അർഥത്തിലും മോഹൻലാലിന് നാം നന്ദി പറയണം.
മലേഷ്യയിലും സിങ്കപ്പൂരിലും തൊട്ട് ചൈനയിൽ വരെ മലയാള സിനിമയുടെ വിപണി വളർത്തിയ ചിത്രമായിരുന്നു ജീത്തുജോസഫിന്റെ ദൃശ്യം. അതിനേക്കാൾ മികച്ചത് എന്ന പേര് കിട്ടിയ ദൃശ്യം-2, ആമസോൺ പ്രൈമിലുടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ലഭിച്ചു. തുടർന്നങ്ങോട്ട് ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ മലയാള സിനിമക്ക് മികച്ച പരിഗണന ലഭിക്കുന്നതിനും ഈ മഹാവിജയം സഹായകമായി. എന്നാൽ നാളിതുവരെ മലയാളത്തിലെ ഒരു ചിത്രത്തിനുമില്ലാത്ത ഹൈപ്പുമായി ഇറങ്ങിയ മരക്കാറിന് ആദ്യ പ്രദർശനം കഴിഞ്ഞപ്പോൾ തൊട്ട് നെഗറ്റീവ് റിവ്യൂകളാണ് വന്നത്. എന്നിട്ടും തീയേറ്ററിൽനിന്ന് മാത്രമായി 50 കോടിക്കടുത്ത് ചിത്രത്തിന് നേടാൻ കഴിഞ്ഞെന്നത് മോഹൻലാൽ എന്ന ഒറ്റ നടന്റെ വിപണി മൂല്യത്തിന്റെ പുറത്താണ്. ഒ.ടി.ടി, സാറ്റലൈറ്റ്, ഓവർസീസ് റൈറ്റുകൾ ഒക്കെ വെച്ചുനോക്കുമ്പോൾ, വലിയ നഷ്ടമില്ലാതെ ആന്റണി പെരുമ്പാവൂരിന് തടിയെടുക്കാൻ കഴിയുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.
മോഹൻലാലിന്റെ ചലച്ചിത്ര ജീവിതം നോക്കിയാൽ അറിയാം, ഒരു പരാജയം കൊണ്ടൊന്നും വീണുപോകുന്ന നടനല്ല അദ്ദേഹമെന്ന്. ബി.ഉണ്ണികൃഷന്റെ ആറാട്ട്, ലാൽ സംവിധാനം നിർവഹിച്ച് അഭിനയിക്കുന്ന ബറോസ്, ബ്രോഡാഡി, എലോൺ, ടുവൽത്ത്മാൻ തുടങ്ങിയ ഒട്ടനവധി പ്രോജക്റ്റുകളാണ് 2022ൽ അദ്ദേഹത്തെ കാത്തിരിക്കുന്നത്. ഇന്നും 5കോടി പ്രതിഫലം വാങ്ങാൻ കഴിയുന്ന രീതിയിൽ, മലയാളത്തിലെ ഏറ്റവും വിലപിടിച്ച താരവും, വെറും 26ാമത്തെ വയസ്സിൽ സൂപ്പർ സ്റ്റാറായ ലാൽ തന്നെയാണ്.
മമ്മൂട്ടിക്കും ദിലീപിനും തിരിച്ചടി
2021ൽ ഇറങ്ങിയ രണ്ടുചിത്രങ്ങളും -ദ പ്രീസ്റ്റും, വണ്ണും- വേണ്ടത്ര വിജയം ആവാതെ പോയതാണ് മമ്മൂട്ടിക്ക് തിരിച്ചടിയാവുന്നത്. ആദ്യപകുതി ത്രില്ലിങ്ങ് ആയി എടുത്തിട്ടും രണ്ടാപകുതി ബോറായിപ്പോയതാണ് പ്രീസ്റ്റിന് തിരിച്ചടിയായത്. വൺ എന്ന ചിത്രത്തിൽ കടയ്ക്കൽ ചന്ദ്രൻ എന്ന പിണറായി വിജയനോട് സാമ്യമുള്ള മുഖ്യമന്ത്രിയെയയാണ് മമ്മൂട്ടി അവതിരിപ്പിച്ചത്. പക്ഷേ ആദ്യത്തെ പതിനഞ്ച് മിനുട്ട് കഴിഞ്ഞതോടെ ഈ ചിത്രവും ക്ലീഷേയിലേക്ക് കൂപ്പുകുത്തി. പക്ഷേ അപ്പോഴും മമ്മൂട്ടി ഫാൻസ് ചൂണ്ടിക്കാട്ടുന്നത് ഈ ചിത്രങ്ങളുടെ ഇനീഷ്യൽ കളക്ഷനാണ്. മമ്മൂട്ടി എന്ന താരത്തിന്റെ ജനപ്രീതി ഒട്ടും കുറഞ്ഞിട്ടില്ല എന്നതിന്റെ സൂചകമാണിത്. ദ പ്രീസ്റ്റിന് 28 കോടിക്കടത്തും, വണ്ണിന് 22 കോടിയും തീയേറ്റർ കളക്ഷൻ വന്നിട്ടുണ്ട്. സാറ്റലൈറ്റ് റൈറ്റ് അടക്കം എടുക്കുമ്പോൾ ഈ ചിത്രങ്ങൾ നഷ്ടം വരുത്തില്ല എന്നാണ് ആരാധകരുടെ വാദം.
പക്ഷേ ഈ 71ാം വയസ്സിലും നിരന്തരം അപ്ഡേറ്റ് ആവാനുള്ള ഈ നടന്റെ നിതാന്ത ശ്രമങ്ങൾക്ക് കൈയടി കൊടുക്കണം. അമൽ നീരദിന്റെ ഭീഷ്മ പർവം ഉടൻ റിലീസ് ആവുന്ന മമ്മൂട്ടിയുടെ വൻ പ്രോജക്റ്റ് ആണ്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. അതുപോലെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം, പുഴു എന്നീ ചിത്രങ്ങളും മമ്മൂട്ടി തീർത്തിട്ടുണ്ട്. സിബിഐ ഡയറിക്കുറിപ്പിന്റെ അടുത്തഭാഗം വരുന്നുവെന്നതും ആരാധകരെ ആവേശം കൊള്ളിക്കുന്നു.
2017ലെ രാമലീലക്കുശേഷം തുടർച്ചയായ പരാജയങ്ങളാണ് നടൻ ദിലീപിനെ കാത്തിരുന്നത്.അതിനുശേഷം ഇറങ്ങിയ കമ്മാരസംഭവം, കോടതി സമക്ഷം ബാലൻ വക്കീൽ, ജാക്ക് ആൻഡ് ഡാനിയൽ എന്നിവയൊക്കെ ബോക്സോഫീസിൽ കൂപ്പുകുത്തി. ഈവർഷം ദിലീപിന്റെ കേശു ഈ വീടിന്റെ നാഥൻ ഡിസംബർ 31ന് ഇറങ്ങുമെന്നാണ് പറയുന്ന്. ദിലീപ് ആരാധകർ എറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ദിലീപിന്റെ വേറിട്ട ഗെറ്റപ്പ് നേരത്തെ ചർച്ചായയിരുന്നു. നടിയെ ആക്രമിച്ച കേസിലെ വിവാദങ്ങളും, ദിലീപിന്റെ ഓഡിയോകൾ പുറത്തായതും ഈ വർഷവും ചർച്ചയായിരുന്നു. ഈ 54ാമത്തെ വയസ്സിലും യുവതാരമായി അറിയപ്പെടുന്ന ദിലീപ് എന്ന ഗോപാലകൃഷ്ണന്റെ ഭാവി തീരുമാനിക്കുന്ന ചിത്രം കൂടിയാണ് 'കേശു ഈ വീടിന്റെ നാഥൻ'.
പ്രതീക്ഷ നിലനിർത്തി ഫഹദും പൃഥ്വീരാജും
മോഹൻലാൽ കഴിഞ്ഞാൽ മലയാള വാണിജ്യ സിനിമയെ, നിർമ്മാതാവും സംവിധായകനും നടനുമൊക്കെയായി സജീവമാക്കുന്ന വ്യക്തിയാണ് പൃഥ്വീരാജ് സുകുമാരൻ. കോൾഡ് കേസ്, കുരുതി, ഭ്രമം എന്നീ മുന്ന് ചിത്രങ്ങളാണ് പൃഥ്വീരാജിന്റെതായി ഈ വർഷം ഉണ്ടായിരുന്നത്. ഇതിൽ ഭ്രമം മാത്രമാണ് പ്രതീക്ഷകൾക്ക് ഒത്ത് ഉയരാതെ പോയത്. ഒ.ടി.ടി റിലീസായ കോൾഡ് കേസ് ഹിറ്റാവുകയും ചെയ്തു. കുരുതിക്കും നല്ല പ്രതികരണമാണ് ലഭിച്ചത്. ആരും ചെയ്യാൻ മടിക്കുന്ന പ്രതിനായക വേഷമാണ് പൃഥി കുരുതിയിൽ ചെയ്തത്. 2022ലും കൈനിറയെ ചിത്രങ്ങളാണ് ഈ നടനുള്ളത്.
മഹേഷ്നാരായണന്റെ മാലിക്ക് എന്ന ചിത്രത്തിന് ആമസോൺ പ്രൈമിലൂടെ കിട്ടിയ അസാധാരണമായ സ്വീകര്യത ഫഹദ് എന്ന നടന്റെ വിപണിമൂല്യത്തിന്റെ അംഗീകാരം കൂടിയായിരുന്നു. ചിത്രം പ്രതീക്ഷക്ക് ഒത്ത് ഉയരാഞ്ഞിട്ടും ഫഹദിന്റെ കഥാപാത്രം ശ്രദ്ധേയമായി. നെഗറ്റീവും പോസറ്റീവുമായ ഒരുപാട് റിവ്യൂകളും, ബീമാപ്പള്ളിക്കാരുടെ പ്രതിഷേധവുമൊക്കെ ചിത്രത്തെ ലൈവായി നിർത്തിച്ചു. ദിലീഷ് പോത്തന്റെ ജോജിയും ഒ.ടി.ടി ഹിറ്റായി. ഫഹദിന്റെ വില്ലൻ ടച്ചുള്ള നായകനും ശ്രദ്ധിക്കപ്പെട്ടു. ആമസോൺ പ്രൈമിൽ റിലീസായ 'ഇരുൾ' മാത്രമാണ് 2021ൽ അത്ര ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രം. പക്ഷേ വർഷാവസാനം ഇറങ്ങിയ പുഷ്പയെന്ന തെലുങ്ക് ചിത്രത്തിൽ വില്ലനായി എത്തിയും ഫഹദ് ഞെട്ടിച്ചു.
ഇമേജ് മാറി കുഞ്ചാക്കോ; ഒപ്പം ജോജുവും ജയസൂര്യയും
പോയവർഷത്തെ ഏറ്റവും തകർപ്പൻ പ്രകടനം കാഴ്ച വെച്ച താരങ്ങളിൽ ഒരാൾ ജോജു ജോർജാണ്. മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ടിലെ നായകവേഷം അദ്ദേഹത്തിന് വലിയ അംഗീകാരങ്ങൾ നേടിത്തരുമെന്ന് നിരൂപകർ പറയുന്നു. അതുപോലെ വർഷാവസാനം ഒ.ടി.ടി റിലീസ് ആയി ഇറങ്ങിയ മുധരത്തിലും അസാധ്യ പ്രകടനമാണ് ജോജുവിന്റെത്. ചിത്രത്തിനും വലിയ പ്രേക്ഷക അംഗീകാരമാണ് ലഭിക്കുന്നത്.
വെള്ളം എന്ന പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രത്തിൽ മുഴുക്കുടിയനായി ജീവിക്കുന്ന പ്രകടനമാണ് ജയസൂര്യ കാഴ്ചവെച്ചത്. അതിന് അർഹിക്കുന്ന രീതിയിൽ സംസ്ഥാന അവാർഡും അദ്ദേഹത്തിന് വന്നുചേർന്നു. ഒ.ടി.ടി റിലീസായ രഞ്ജിത്് ശങ്കറിന്റെ സണ്ണിയെന്ന കൊച്ചു ചിത്രത്തിലും ജയസൂര്യയുടെ അഭിനയം പ്രശംസിക്കപ്പെട്ടു. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ ജയസൂര്യ കാട്ടുന്ന ജാഗ്രത പ്രശംസനീയമാണ്. പേരിന്റെ പേരിൽ വിവാദമായ ഈശോയാണ് 2022ൽ ജയസൂര്യയുടെ പ്രതീക്ഷ.
ലിപ്പ് ലോക്ക് ചെയ്യുന്ന ഒരു കുഞ്ചാക്കോ ബോബനെ നിങ്ങൾക്ക് പരിചയമുണ്ടോ.2021ൽ അതും സംഭവിച്ചു. മമ്മൂട്ടി കഴിഞ്ഞാൽ മലയാളത്തിന്റെ മോറൽ ബ്രാൻഡ് അംബാസിഡർ ആയിരുന്നു കുഞ്ചാക്കോബോബൻ തന്റെ ചോക്ക്ളേറ്റ് ഇമേജ് മറികടന്ന ചിത്രമായിരുന്നു 'ഭീമന്റെ വഴി'. ലോകത്തിലെ ഏറ്റവും വലിയ ആനന്ദം സെക്സ് വിത്ത് ആൾക്കഹോൾ ആണെന്നൊക്കെ പറയുന്ന ഭീമന്റെ വഴിയിലെ നായകകഥാപാത്രം കുഞ്ചാക്കോയുടെ ഇമേജ് മാറ്റം കൂടിയാണ്. ചിത്രം വലിയ വിജയം ആവുകയും ചെയ്തു. അതുപോലെ നായാട്ടും കുഞ്ചാക്കോ ബോബന് വലിയ തോതിൽ ഗുണം ചെയ്തു.
ഈ രീതിയിൽ ഒരു ഇമേജ് മാറ്റത്തിന് നടൻ ജയറാമിനെപ്പോലുള്ളവർക്ക് കഴിയുന്നില്ല. അതുകൊണ്ടുതന്നെ ജയറാമൊക്കെ ഏതാണ്ട് ഔട്ടായ മട്ടിലാണ് കാര്യങ്ങൾ. തിരിച്ചുവരാനുള്ള സുരേഷ് ഗോപിയുടെ ശ്രമങ്ങളും വിജയിച്ചില്ല. കാവലിന് വലിയ കൂവലാണ് ജനങ്ങളിൽനിന്ന് കിട്ടിയത്. എന്നാൽ സുരാജ് വെഞ്ഞാറമൂട് കൃത്യമായി ക്യാരാട്കർ റോളുകൾ ചെയ്ത് പിടിച്ചു നിൽക്കുന്നുണ്ട്. കാണക്കാണെയുടെ വിജയം ഉദാഹരണം. ആഹാ എന്ന വടംവലി ചിത്രം എട്ടു നിലയിൽ പൊട്ടിയെങ്കിലും, സൂപ്പർ ഹിറ്റായ കുറുപ്പ് ഇന്ദ്രജത്തിന് ഗുണം ചെയ്തു. ഇതിലെ പൊലീസ് വേഷം നായകന് സമാനമായി ശ്രദ്ധിക്കപ്പെട്ടു.
ഇന്ദ്രൻസിനും നായകൻ ആവാം; യുവ തരംഗം
ഒ.ടി.ടി തരംഗത്തിൽ ആർക്കും നായകൻ ആവാമെന്നും ചെറിയ ബജറ്റിൽ സിനിമ എടുക്കാമെന്നുമുള്ള അവസ്ഥ വന്നിരിക്കുന്നു. ഇന്ദ്രൻസ് നായകനായ ഒരു ചിത്രം ഹിറ്റാവുമെന്ന് മലയാള സിനിമയുടെ പഴയ ഫോർമാറ്റ്‌വെച്ച് പറയുവാൻ കഴിയുമായിരുന്നോ. പക്ഷേ ഹോമിൽ അതു സംഭവിച്ചു. അതുപോലെ തന്നെ വോൾഫ് എന്ന ചിത്രത്തിലെ ഇർഷാദിന്റെ പ്രകടനവും, ഓർത്തുവക്കെപ്പെടേണ്ടതാണ്. ആൻണി വർഗീസ്, ശ്രീനാഥ് ഭാസി, ബാലുവർഗീസ്, അർജുൻ അശോക് തൊട്ട് പ്രണവ് മോഹൻലാൽവരെയുള്ള യുവനടന്മാർ കഴിവു തെളിയിച്ച വർഷമായിരുന്നു കടന്നുപോയത്. സുമേഷ് ആൻഡ് രമേഷ് എന്ന ചിത്രം നോക്കുക. ശ്രീനാഥ് ഭാസിയുടെയും ബാലുവർഗീസിന്റെയും ഒറ്റ പ്രകടനമാണ് ചിത്രത്തെ രക്ഷിച്ചത്.
ഓപ്പറേഷൻ ജാവ എന്ന കൊച്ചു ചിത്രവും ബാലുവർഗീസ് അടക്കമുള്ള യുവത്വത്തിന്റെ വിജയമായി. അതുപോലെ അജഗജാന്തരത്തിലെ ആന്റണി വർഗീസിന്റെ പ്രകടനവും തീപാറുന്നതാണ്. ടൈപ്പാവാതെ കഥാപാത്രങ്ങൾ തെരഞ്ഞെടുത്താൽ അടുത്ത സൂപ്പർ സ്റ്റാറാണ് ഈ യുവാവ്. നടനും സംവിധായകനുമായ ജോണി ആന്റണിയും ബേസിൽ ജോസഫും ശരിക്കും ചിരിയും ചിന്തയും ഉണർത്തുന്നവരാണ്. ജാൻ എ മനിൽ നടൻ എന്ന നിലയിലുള്ള ബേസിലിന്റെ പ്രകടനവും കിടുവാണ്. യുവ നടൻ നിവിൻ പോളിക്കും മോശം വർഷമായിരുന്നു കടന്നുപോകുന്നത്്. നിവിന്റെ കനകം കാമിനി കലഹം ആവറേജിൽ ഒതുങ്ങി. രാജീവ് രവിയുടെ തുറമുഖമാണ് ഇനി നിവിൻ ആരാധർ പ്രതീക്ഷയോടെ കാണുന്നത്.
ഇങ്ങനെ യുവ നടന്മാർ വിലുസന്ന മലയാള സിനിമയിൽ ശക്തമായ നായികാ വേഷങ്ങൾ ഇത്തവണ കണ്ടില്ല. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലും, നായാട്ടിലും, മാലിക്കിലുമായി നിമിഷ സജയനും, ഹോമിൽ മഞ്ജുപിള്ളയും, അടക്കമുള്ള ഏതാനും വനിതാ കഥാപാത്രങ്ങളാണ് മനസ്സിൽ തങ്ങുന്നത്. മിന്നൽ മുരളിയിലെ നായിക പുതുമുഖ താരം ഫെമിന ജോർജും ശ്രദ്ധിക്കപ്പെട്ടു. അജഗജാന്തരം പോലുള്ള സിനിമകളിൽ നായികമാർ തന്നെയില്ല. ദൃശ്യത്തിലെ ഓവർ മേക്കപ്പുള്ള മീനയും, മരക്കാറിലെ ഇത്തിരി കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കുന്ന പരുവത്തിലുള്ള മഞ്ജു വാര്യരെയും വെച്ച് അഡ്ജസ്റ്റ് ചെയ്യാം. മിക്ക സിനിമകളിലെയും നായികമാരെ ഓർക്കാൻ പോലും കഴിയുന്നില്ല. എന്നാൽ രണ്ട് മലയാള നടിമാർ തമിഴകത്ത് വെന്നിക്കൊടി പാറിച്ചത് മറക്കാൻ കഴിയില്ല. ജയ് ഭീമിലുടെ ലിജോ മോൾ ജോസും, മാനാടിലുടെ കല്യാണി പ്രിയദർശനും. വരും ദിനങ്ങളിൽ ഇരുവരും മലയാള സിനിമയിലും കൂടുതൽ സജീവമാകുമെന്ന് ത്രീക്ഷിക്കാം.
ബേസിലും ചിദംബരവും പിന്നെ ശ്രീനാഥും
അതുപോലെ സംവിധാന രംഗത്തും, മ്യൂസിക്കിലും, ക്യാമറയിലുമൊക്കെ മലയാള സിനിമയിൽ യുവത്വം നിറയുകയാണ്. മിന്നൽ മുരളിയെ വേൾഡ് ട്രെൻഡിങ്ങിൽ എത്തിച്ച ബേസിൽ ജോസഫ് തന്നെയാണ് ഈ വർഷത്തെ താരം. ആദ്യ ചിത്രമായ 'ജാൻ എ മൻ' ചിദംബരം എന്ന സംവിധായകന്റെ കഴിവ് തെളിയിക്കുന്നു. കുറുപ്പിലുടെ ശ്രീനാഥ് രാജേന്ദ്രനും പ്രതീക്ഷ കാത്തു. കോൾഡ് കേസിലെ തനുബാലക്ക്, ഓപ്പറേഷൻ ജാവയിലെ തരുൺ മൂർത്തി, അജഗജാന്തരത്തിലെ ടിനു പാപ്പച്ചൻ, ഹോം ഒരുക്കിയ റോജിൻ തോമസ്...അങ്ങനെ എത്രയെത്ര യുവ സംവിധാകയൻ. ഇവർ പുതിയ കാഴ്ചയുടെ വസന്തം തീർക്കയാണ് മലയാളത്തിൽ. ഇതോടൊപ്പം ജീത്തുജോസഫുമാത്രമാണ് തൊട്ടടുത്ത തലമുറയിൽനിന്ന് ഉള്ളത്.
പഴയ തലമുറാ സംവിധായകർ മൊത്തം ഔട്ട് ആവുകയാണ്. ജോഷിക്കും സത്യൻ അന്തിക്കാടിന്റെയും സിനിമയില്ലാത്ത കാലമാണ് കടന്നുപോയത്. പ്രിയദർശനും ലാൽജോസും അടക്കമുള്ള വൻ മരങ്ങൾ വീഴുകയും ചെയ്തു. കാലത്തിന് അനുസരിച്ച അപഡേറ്റ് ആവുന്നില്ല എന്നതാണ് ഇവർക്ക് പറ്റുന്ന പ്രധാന പ്രശ്നം.
എത്രയോ സിനിമകൾ എടുത്ത എക്സ്പീരിയൻസുള്ള വി.കെ പ്രകാശിന്റെ എരീഡ എന്ന ചിത്രം നോക്കുക. ഒരു പുതുമയും നൽകാൻ കഴിയുന്നില്ല. അതുപോലെ ഹിറ്റ്മേക്കർ ലാൽജോസിന്റെ മ്യാവൂ എന്ന പുതിയ ചിത്രം, തീർത്തും പഴഞ്ചൻ ഫോർമാറ്റിലാണ് എടുത്തിട്ടുള്ളത്. വെബ്സീരീസുകളയും, കൊറിയ തൊട്ട് ഒറിയവരെയുള്ള വിദേശ പടങ്ങളും കണ്ട്, അതിന്റെ കുറ്റവും കുറവും വിലയിരുത്തി പോസ്റ്റ് ഇടുന്നവരാണ് യുവ തലമുറ. അവരെ തൃപ്്തിപ്പെടുത്താൻ കഴിയുന്ന രീതിയിലുള്ള പഠനവും ഗവേഷണവുമില്ലാതെ തട്ടിക്കൂട്ടിന് സിനിമയെടുത്താൽ ഫലം നെഗറ്റീവ് ആയിരിക്കും.
മാറിയ ചലച്ചിത്രാനുഭവത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി. ചലച്ചിത്രത്തിന്റെ ഭാഷയൊന്നുമല്ല സൗന്ദര്യമാണ് ജനം നോക്കിയത്. ഒ.ടി. ടിയിൽ അല്ലായിരുന്നെങ്കിൽ ചുരുളി വെളിച്ചം കാണുക പോലും ഇല്ലായിരുന്നു. ലഭ്യമായ പുതിയ സാധ്യതകൾ വെച്ച് മലയാള സിനിമ വളരുക തന്നെയാണെന്ന് ചുരുക്കം.
ഇനി ദുൽഖറിന്റെയും ടൊവീനോയുടെയും കാലം
രണ്ട് പുതിയ സൂപ്പർ താരങ്ങളുടെ ഉദയം കണ്ടുകൊണ്ടാണ് 2021 പടിയറങ്ങുന്നത്. ദുൽഖർ സൽമാനും ടൊവീനോ തോമസും. ഹാഫ് ഓക്കുപ്പൻസിയിൽ വെറും നാലു ദിവസം കൊണ്ട് കുറുപ്പ് 50 കോടിയിൽ എത്തിയത് ദുൽഖർ എന്ന നടന്റെ ബ്രാൻഡ് ഇമേജ് കൊണ്ട് കൂടിയാണ്. നടൻ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽനിന്ന് കുതറിച്ചാടി, ആരാധകരുടെ കുഞ്ഞിക്ക മലയാളത്തിന്റെ പുതിയ സൂപ്പർ സ്റ്റാർ ആയി ഉയർന്നുവെന്ന് ട്രേഡ് അനലിസ്റ്റുകളും ഫിലിം ജേർണലിസ്റ്റുകളും വിലയിരുത്തുന്നു. ആഗോള വിപണിയുള്ള മലയാള നടൻ എന്നാണ് ദ ഹിന്ദു കുറുപ്പിന്റെ വിജയത്തോടെ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ടൈംസ് ഓഫ് ഇന്ത്യയാകട്ടെ മലയാളത്തിലെ ഇനിയുള്ള ബോക്സോഫീസ് മത്സരം ലാലും, ദുൽഖറും തമ്മിലാണെന്ന് ചൂണ്ടിക്കാട്ടുന്നു.
മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, പൃഥീരാജ്, നിവിൻപോളി, ദുൽഖർ, ജയസൂര്യ എന്നിങ്ങനെയുള്ള ശ്രേണിയിലാണ് മലയാള സിനിമയുടെ താരപദവി ഇപ്പോൾ പോയിക്കൊണ്ടിരിന്നത്. സാറ്റലൈറ്റ് ഓവർസീസ് റൈറ്റുകളും, ഇതേ ശ്രേണിയിലുള്ള വിപണി മൂല്യത്തെ അടിസ്ഥാനമാക്കിയായിരുന്നു. ഈ പട്ടികയിൽ ആറാമതുള്ള ദൂൽഖർ ആണ് കുറുപ്പിലൂടെ ഒറ്റയടിക്ക് രണ്ടാമത് എത്തിയിരിക്കുന്നത്. ശരിക്കും രാജാവിന്റെ മകൻ മോഹൻലാലിന് കൊടുത്ത അതേ ഹൈപ്പ് തന്നെയാണ്, കുറുപ്പിലെ പ്രതിനായകനിലൂടെ ദുൽഖറിന് കിട്ടിയത്. കോവിഡിൽ വിറങ്ങലിച്ച് നിൽക്കുന്ന മലയാളത്തിലെ തീയേറ്റർ വ്യവസായത്തെ രക്ഷിച്ച വ്യക്തിയെന്ന നിലയിൽ കൂടിയായിരിക്കും ദൂൽഖർ ഭാവിയിൽ അറിയപ്പെടുക. ഒ.ടി.ടിയുടെ വലിയ ഭീഷണി നിലനിൽക്കുന്ന സമയത്ത്, ഇതുപോലെ ഒരു ചിത്രം ഇല്ലായിരുന്നെങ്കിൽ കേരളത്തിലെ തീയേറ്റർ വ്യവസായം ഏറെ പിറകോട്ട് അടിക്കുമായിരുന്നു. ഗൾഫ് രാജ്യങ്ങളിലും വൻ തുക സമ്പാദിക്കാൻ ചിത്രത്തിനു കഴിഞ്ഞു. ചിത്രത്തിന്റെ പത്തുകോടിയോളം കളക്ഷൻ വന്നിരിക്കുന്നത് ജി.സി.സി രാജ്യങ്ങളിൽ നിന്നാണ്. ന്യൂയാർക്കിലെ വിഖ്യതമായ ടൈം സ്‌ക്വയറിന് അടുത്ത തീയേറ്ററുകളിലും കുറുപ്പ് പ്രദർശിപ്പിച്ചു. സാധാരണ അമേരിക്കയിൽ റിലീസ് ചെയ്യപ്പെടുന്ന മലയാള പടങ്ങൾ അപ്രധാനമായ തീയേറ്ററുകളിലേക്ക് മാറ്റപ്പെടുകയാണ് പതിവ്. അങ്ങനെ മലയാള സിനിമയുടെ വിപണി ലോകമെമ്പാടും എത്തിക്കുന്നതിലും കുറുപ്പ് വഹിച്ച പങ്ക് ചെറുതല്ല.
മിന്നൽ മുരളിയാണെങ്കിൽ ഒ.ടി.ടിയുടെ ചരിത്രംപോലും തിരുത്തിക്കഴിഞ്ഞു. മലയാളത്തിന്റെ സ്വന്തം സൂപ്പർഹീറോയാണ് നെറ്റ് ഫ്‌ളിക്‌സിനും ഇന്ത്യയിൽ നല്ല കാലം എത്തിച്ചത്. ഇതോടെ നെറ്റ്ഫിൽക്സ് ആമസോൺ പ്രൈമിനെയും വെട്ടിച്ചുകഴിഞ്ഞു. ഇന്ത്യയിൽ ട്രെൻഡിംഗിൽ നമ്പർ വണ്ണും ലോക സിനിമയിൽ ആദ്യ പത്തിലും ഈ മലയാള ചിത്രമുണ്ട്. . ഡിസംബർ 24ന് ഉച്ചക്ക് 1.30നാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. അന്നുമുതൽ മിന്നൽ മുരളി ഇന്ത്യൻ ടോപ് ലിസ്റ്റിൽ ഉണ്ടായിരുന്നു.സിരീസുകളായ എമിലി ഇൻ പാരീസ്, ദ് വിച്ചർ, ഡികപ്പിൾഡ്, ആരണ്യക് എന്നിവയെല്ലാം ലിസ്റ്റിൽ മിന്നൽ മുരളിക്ക് താഴെയാണ്. ടൊവീനോക്ക് ഒപ്പം വില്ലൻ ഗുരു സോമസുന്ദരത്തിന്റെ കരിയർ ഗ്രാഫും ചിത്രം വൻ തോതിൽ ഉയർത്തിയിരിക്കയാണ്. അടുത്തകാലത്തായി അൽപ്പം പിറകോട്ട് പോയിരുന്ന ടൊവീനോ എന്ന യുവ നടന് മിന്നൽ മുരളിയോടെ പാൻ ഇന്ത്യൻ നായക സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്- ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നു.
വാൽക്കഷ്ണം: ഈ 160 ചിത്രങ്ങളിൽ തീയേറ്ററിൽ ഒരാഴ്ച പോലും തികക്കാത്തതും, ഒ.ടി.ടിയിൽ ഇറങ്ങിയതുപോലും ആരും അറഞ്ഞിട്ടില്ലാത്തതുമായ ഏകദേശം 60 ഓളം ചിത്രങ്ങൾ ഉണ്ട്. ഈ പടങ്ങളൊക്കെ ഇറക്കാനുള്ള 'ചേതാവികാരം' എന്താണെന്ന് പിടികിട്ടുന്നില്ല. എത്ര നിർമ്മാതാക്കളുടെ കോടികൾ ആയിരിക്കാം ഇങ്ങനെ ധൂളിയാവുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ