കൊച്ചി : ക്രിസ്മസ് റിലീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മലയാള സിനിമയെ വിട്ടൊഴിഞ്ഞില്ല. സിനിമാ സമരത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടുമായി റിലീസിങ് തിയറ്ററുകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ ഉറച്ചു നിൽകുകയാണ്. എന്നാൽ പഴയ നില തുടർന്നേ മതിയാകൂവെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും. ഇതോടെയാണ് പ്രശ്‌ന പരിഹാരം നീളുന്നത്. സർക്കാർ ഇടപെട്ടിട്ടും പരിഹാര ഫോർമുല ഉണ്ടായിട്ടില്ല. അതിനിടെ റിലീസ് ചെയ്യുന്ന സിനിമകളുടെ തിയറ്റർ വിഹിതത്തിൽ പകുതി വേണമെന്ന ആവശ്യത്തിൽ നിന്നു പിന്നോട്ടില്ലെന്നു പ്രസിഡന്റ് ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിനു ശേഷം നേതാക്കൾ വ്യക്തമാക്കി.

നിലവിൽ 40% ആണ് ആദ്യ ആഴ്ചയിൽ തിയറ്ററുകളുടെ വിഹിതം. ഇത് 50% ആക്കി ഉയർത്താൻ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ ചർച്ച കൂടാതെ തീരുമാനിച്ചതിനെ തുടർന്നാണു റിലീസിങ് നിർത്തിവച്ച് നിർമ്മാതാക്കളും വിതരണക്കാരും സമരം ആരംഭിച്ചത്. തിയറ്ററിലുള്ള മലയാളം സിനിമകൾ കൂടി പിൻവലിച്ച് സമരം ശക്തമാക്കാനുള്ള നിർമ്മാതാക്കളുടേയും വിതരണക്കാരുടേയും നീക്കത്തെ അന്യഭാഷാ സിനിമകൾ പ്രദർശിപ്പിച്ചു നേരിടാനാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ തീരുമാനം. ഇതോടെ മലയാള സിനിമകൾക്ക് ഇനിയും പെട്ടിയിൽ ഇരിക്കേണ്ട അവസ്ഥയും വരും. ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാതെ നിലപാട് കടുപ്പിച്ചതോടെ ഒത്തുതീർപ്പിനുള്ള സാധ്യത അടഞ്ഞു സിനിമാ പ്രതിസന്ധി രൂക്ഷമാവുമെന്നാണ് സൂചന.

അതേസമയം തീരുമാനങ്ങളിൽ വിയോജിപ്പുള്ള തിയറ്ററുടമകളെ ഒപ്പം കൂട്ടി പുതിയ സിനിമകൾ റിലീസ് ചെയ്തു എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിൽ ഭിന്നത സൃഷ്ടിക്കാനുള്ള നീക്കവും സജീവമാണ്. അതിനിടെ ഇന്നലെ കൊച്ചിയിൽ ചേർന്ന എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ യോഗത്തിൽ പങ്കെടുത്തവർ ലിബർട്ടി ബഷീറിനു പിന്തുണ പ്രഖ്യാപിച്ചു. ഇത് നിർമ്മാതാക്കളുടെ നീക്കത്തിന് വെല്ലുവിളിയാണ്. ബഷീറിനെ ഏകാധിപതിയെന്നു വിളിച്ചവർ സംഘടനയുടെ ശക്തി ഭയപ്പെടുന്നവരാണെന്ന് അഡൈ്വസറി കമ്മിറ്റി അംഗം കെ. വിജയകുമാർ പറഞ്ഞു. നിലപാടിൽ ഒരു മാറ്റവുമില്ലെന്നും തിയറ്റർ വിഹിതത്തിൽ 50% കിട്ടിയേ തീരുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിറ്റായ ദംഗൽ ഉൾപ്പെടെയുള്ള അന്യഭാഷാ സിനിമകൾ തിയറ്ററുകളിലുള്ളതിനാൽ മലയാള സിനിമകൾ എല്ലാം പിൻവലിച്ചാലും തിയറ്ററുകൾ അടച്ചിടേണ്ട സാഹചര്യമില്ലെന്നും നേതാക്കൾ പറഞ്ഞു. അതേസമയം ചുരുക്കം അന്യഭാഷ സിനിമകളാണു തിയറ്ററുകളിലുള്ളതെന്നതിനാൽ സമരം നീണ്ടാൽ ഭൂരിപക്ഷം തിയറ്ററുകളും കൂടുതൽ പ്രതിസന്ധിയിലാവുമെന്നുറപ്പാണ്. ഈ സാഹചര്യം മുതലാക്കി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെ അതൃപ്തരെ തങ്ങൾക്കൊപ്പം എത്തിക്കാനാണു നിർമ്മാതാക്കളും വിതരണക്കാരും ശ്രമിക്കുന്നത്.

അതിനിടെ സിനിമാ സമരം പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നു ഫിലിം ചേംബർ. മലയാള സിനിമകൾ തഴഞ്ഞുകൊണ്ട് ഇതര ഭാഷ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഫിലിം ചേംബർ വൈസ് പ്രസിഡന്റ് സജി നന്ത്യാട്ട് ആവശ്യപ്പെട്ടു. ഉത്സവ സീസണിൽ ചിത്രം റിലീസ് ചെയ്യാൻ കഴിയാതിരുന്നതോടെ വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് നിർമ്മാതാക്കൾ പറയുന്നത്.

മോഹൻലാൽ നായകനായ ജിബു ജേക്കബ് ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, സത്യൻ അന്തിക്കാടിന്റെ ദുൽഖർ സൽമാൻ ചിത്രം ജോമോന്റെ സുവിശേഷങ്ങൾ, ജയസൂര്യയെ നായകനാക്കി സിദ്ദിഖ് ഒരുക്കിയ ഫുക്രി, നവാഗതനായ ജെയ് കെ ഒരുക്കിയ പൃഥ്വിരാജ് ചിത്രം എസ്ര എന്നിവയാണ് ഇത്തവണ ക്രിസ്മസ് റിലീസുകളായി എത്തേണ്ടിയിരുന്നത്. തർക്കം മൂലം റിലീസ് സാധ്യമാകാതെ വന്നതോടെ ഈ ചിത്രങ്ങളുടെ അണിയറ പ്രവർത്തകരും താരങ്ങളും കടുത്ത ആശങ്കയിലാണ്.