തിരുവനന്തപുരം : വിജയ് സിനിമയായ ഭൈരവ 12നു കേരളത്തിലെ നൂറിലേറെ തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ഉറപ്പായി. പുറമേ 19 മുതൽ ഓരോ ആഴ്ചയും ഓരോ പുതിയ മലയാള സിനിമ വീതം റിലീസ് ചെയ്യാനാണു നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം. കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നിസ്സഹകരണത്തിനിടെയാണ് ബി ക്ലാസ് തിയേറ്ററുകളെ കൂട്ടുപിടിച്ച് ഈ നീക്കം.

പരമാവധി കൂടുതൽ തിയറ്ററുകളിൽ ഭൈരവ റിലീസ് ചെയ്യുകയാണു ലക്ഷ്യമെന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജി.സുരേഷ്‌കുമാർ അറിയിച്ചു. ഫെഡറേഷൻ അംഗങ്ങളായ കുറെ തിയറ്റർ ഉടമകളും ഈ സിനിമ നിലവിലുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പ്രദർശിപ്പിക്കാൻ തയാറായിട്ടുണ്ട്. ഫെഡറേഷൻ അംഗങ്ങളായ അൻപതിലേറെ തിയറ്റർ ഉടമകൾ ഭൈരവ പ്രദർശിപ്പിക്കാൻ തയാറായി കരാർ ഒപ്പുവച്ചതായി കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.രഞ്ജിത്ത് അറിയിച്ചു. ഇതോടെ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിൽ പിളർപ്പിനുള്ള സാധ്യതയും തെളിഞ്ഞു.

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, എസ്ര, ജോമോന്റെ സുവിശേഷങ്ങൾ, ഫുക്രി എന്നീ പുതിയ മലയാള സിനിമകളിൽ ഒന്ന് 19നു റീലിസ് ചെയ്യും. തുടർന്നുള്ള ഓരോ ആഴ്ചയും ഇതിൽ ഓരോ സിനിമ വീതം റിലീസ് ചെയ്യാനാണു തീരുമാനം. ഫെഡറേഷന്റെ തിയറ്ററുകൾ ഇന്നുമുതൽ അടച്ചിടാൻ തീരുമാനിച്ചാലും ഭൈരവ ഉൾപ്പെടെയുള്ള പുതിയ സിനിമകൾ പ്രദർശിപ്പിക്കാൻ തയാറാകുന്ന എല്ലാ തിയറ്ററുകളിലും പരമാവധി ഓടിക്കുമെന്നും സുരേഷും രഞ്ജിത്തും അറിയിച്ചു.

കളക്ഷൻ തുക പങ്കുവയ്ക്കുന്നതിലെ തർക്കാണ് കേരളത്തിലെ സിനിമാ പ്രതിസന്ധിക്ക് കാരണം. നിലവിൽ അറുപത് ശതമാനം നിർമ്മാതവിനും നാൽപത് ശതമാനം തിയേറ്റർ ഉടമയ്ക്കുമാണ് വീതം വയ്ക്കുന്നത്. ഇത് അമ്പത്-അമ്പത് ശതമാനം വീതം വയ്ക്കലാകണമെന്നാണ് തിയേറ്റർ ഉടമകളുടെ ആവശ്യം.