മലപ്പുറം: കഞ്ചാവ് കടത്തിൽ സിനിമ അസിസ്റ്റന്റ് ക്യാമറമാൻ മലപ്പുറത്ത് അറസ്റ്റിൽ. കൊല്ലം സ്വദേശിയും സിനിമയിൽ അസിസ്റ്റന്റ് ക്യാമറമാൻ ആയി പ്രവൃത്തിച്ചു വന്നിരുന്നതുമായ കൊല്ലം കൊട്ടിയം ചിറവിള പുത്തൻ വീട്ടിൽ സുരേഷ് മകൻ 22 വയസ്സുള്ള അശോക് എന്ന സുമിത്തിനെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

2021 നവംബർ മാസം ആണ് കേസിനാസ്പദമായ സംഭവം, തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആലിങ്ങൽ എന്ന സ്ഥലത്ത് പൊലീസ് വാഹന പരിശോധന നടത്തി വരുന്ന സമയം പ്രതിയും സംഘവും കാറിൽ കാസർഗോഡ് നിന്നും കൊല്ലത്തേക്ക് പോകും വഴി ആലിങ്ങൽ വെച്ചു വാഹനം തടയുകയും വാഹനത്തിനുള്ളിൽ നിന്ന് നിരോധിത കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് പ്രതികൾ കാർ ഉപേക്ഷിച്ച് ഓടി രക്ഷപെടുകയും ആയിരുന്നു തുടർന്ന് പ്രതികൾ ഒളിവിൽ പോവുകയും ചെയ്തു,

ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതികളിൽ ഒരാളെ തിരൂർ പൊലീസ് മാർച്ച് മാസം കൊല്ലത്തുനിന്നും അറസ്റ്റ് ചെയ്യുകയും തുടർന്ന് അന്വേഷണം നടത്തി വരവെ തിരൂർ ഡിവൈ.എസ്‌പി.ബെന്നി യുടെ നിർദ്ദേശപ്രകരം തിരൂർ എസ്.എച്ച്. ഒ. ജിജോ എം.ജെയുടെ നേതൃത്വത്തിൽ സ്‌ക്വാഡ് അംഗങ്ങളായ എസ്. ഐ. പ്രമോദ്, രാജേഷ്, ജയപ്രകാശ്, സുമേഷ് സംഘമാണ് പ്രതിയെ തിരുവനന്തപുരം തമ്പാനുരിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്,

തുടർന്ന് പ്രതിയെ ചോദ്യം ചെയ്തതിൽ സിനിമ മേഖലയിൽ പ്രവൃത്തിക്കുന്നവർക്കു വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്നും മുൻപും നിരവധി തവണ കാസർഗോഡ് നിന്നും കഞ്ചാവ് എത്തിച്ച് കച്ചവടം നടത്തിയിട്ടുണ്ട് എന്നും പൊലീസ് അറിയിച്ചു. പ്രതിയെ ഇന്ന് മഞ്ചേരി സെഷൻസ് കോടതി മുൻപാകെ ഹാജരാക്കി കോടതി റിമാന്റ് ചെയ്തു.