കൊച്ചി: സംസ്ഥാനത്തെ സിനിമാ റിലീസ് പ്രതിസന്ധിക്കു പരിഹാരമാകുന്നു. എക്‌സിബിറ്റേഷൻ ഫെഡറേഷന്റേതല്ലാത്ത തിയറ്ററുകളിൽ പുതിയ സിനിമ പ്രദർശിപ്പിക്കാനാണു തീരുമാനം.നിർമ്മാതാക്കളുടെ സംഘടനയാണു തീരുമാനമെടുത്തത്.

പ്രതിസന്ധി മാറുന്നതിനാൽ പൃഥ്വിരാജിന്റ എസ്ര 19ന് തിയറ്ററിലെത്തും. ചൊവ്വാഴ്ച എക്‌സിബിറ്റേഷൻ ഫെഡറേഷൻ യോഗം ചേരുമെന്നാണു വിവരം. എ ക്ലാസ് തീയറ്ററുകളെ ഒഴിവാക്കി സിനിമകൾ റിലീസ് ചെയ്യാൻ നിർമ്മാതാക്കളും വിതരണക്കാരും തീരുമാനിക്കുകയായിരുന്നു.

തീയറ്റർ വിഹിതത്തെ ചൊല്ലിയുള്ള തർക്കം മൂലം റിലീസ് മുടങ്ങിയ ചിത്രങ്ങളാണ് ജനുവരി 12 മുതൽ തീയറ്ററുകളിൽ എത്തുന്നത്. പൃഥ്വിരാജ് ചിത്രം 'എസ്ര' ഉൾപ്പടെ ആറോളം ചിത്രങ്ങളാണ് റിലീസിന് തയാറായിരിക്കുന്നത്. ബി ക്ലാസ് തീയറ്ററുകളിലും മൾട്ടിപ്ലക്‌സ് കോംപ്ലക്‌സുകളിലും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിൽ ഉൾപ്പെടാത്ത തീയറ്ററുകളിലും സിനിമകൾ റിലീസ് ചെയ്യും.

എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെ ചില അംഗങ്ങളും റിലീസിന് തയാറായിട്ടുണ്ടെന്നാണ് നിർമ്മാതാക്കളും വിതരണക്കാരും അവകാശപ്പെടുന്നത്. ജനുവരി 12ന് വിനീതും ലക്ഷ്മി ഗോപാലസ്വാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കാംബോജി എന്ന ചിത്രം റിലീസിനെത്തും. ജനുവരി 19, 26 തീയതികളിലാകും മറ്റ് ചിത്രങ്ങൾ പ്രദർശനത്തിന് എത്തുക.

19ന് മുൻപ് നിലവിലെ തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ടുവന്നില്ലെങ്കിൽ ഇനി എ ക്ലാസ് തീയറ്ററുകൾക്ക് സിനിമകൾ നൽകില്ലെന്ന് നിർമ്മാതാക്കളും വിതരണക്കാരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.