- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൃശ്യം -2 അപ്രതീക്ഷിതമായി ആമസോണിൽ പോയി; തിയേറ്ററുകളിൽ നിന്ന് ലഭിക്കാനുള്ള പണം തന്നാൽ മാത്രമേ പുതിയ സിനിമകൾ നൽകൂവെന്ന് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ; തിയേറ്ററുകൾ തുറന്നാലും റിലീസ് ചെയ്യാൻ പുതിയ സിനിമയുണ്ടാവില്ല
കൊച്ചി: തിയേറ്ററുകൾ തുറന്നാലും പുതിയ മലയാള സിനിമകൾ റിലീസിന് ഉണ്ടാവുമോ എന്ന കാര്യത്തിൽ അവ്യക്തത. തിയേറ്ററുകളിൽ നിന്നും ലഭിക്കാനുള്ള പണം തന്നാൽ മാത്രമേ പുതിയ സിനിമകൾ വിതരണം ചെയ്യുകയുള്ളൂ എന്നാണ് ഡിസ്ട്രിബ്യൂട്ടേഷ്സ് അസോസിയേഷന്റെ നിലപാട്. അസോസിയേഷൻ പ്രസിഡണ്ട് സിയാദ് കോക്കറാണ് ഇക്കാര്യം അറിയിച്ചത്. നിർമ്മാതാക്കൾ സർക്കാരിന് മുൻപിൽ വച്ച് ഉപാധികൾ പരിഹരിച്ചാൽ മാത്രമേ സഹകരിക്കുക ഉള്ളൂവെന്നും സിയാദ് കോക്കർ പറഞ്ഞു.
നേരത്തെ കേരളത്തിലെ തിയേറ്ററുകൾ ജനുവരി അഞ്ച് മുതൽ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ആകെ സീറ്റുകളുടെ പകുതി മാത്രമേ ആളുകളെ പ്രവേശിപ്പിക്കുകയുള്ളു. തിങ്കളാഴ്ചയ്ക്കകം തിയേറ്ററുകൾ അണുവിമുക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.ടിക്കറ്റ് നിരക്കിൽ നിലവിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തമിഴ്നാട്ടിൽ വിജയ് നായകനാവുന്ന മാസ്റ്റർ റിലീസിന് തീരുമാനിച്ചിരുന്നു. ഇതോടെ കേരളത്തിൽ പടം റിലീസ് ചെയ്യുമോ ഇല്ലയോ എന്ന കാര്യത്തിൽ ആരാധകർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
തിയേറ്ററുകൾ പഴയ രീതിയിലേക്ക് എത്തുന്നതിന് വിജയിയെ പോലുള്ള ഒരു താരത്തിന്റെ സിനിമ ആവശ്യമാണെന്നും പ്രതിസന്ധിഘട്ടത്തിൽ തങ്ങളെ കൈവിടാതിരുന്ന വിജയിയുടെ ചിത്രം തന്നെയായിരിക്കും ആദ്യ പരിഗണനയെന്നും തിയേറ്റർ ഉടമകൾ അറിയിച്ചിരുന്നു.
അതേസമയം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് കരുതിയിരുന്ന മോഹൻലാലിന്റെ ദൃശ്യം 2 അപ്രതീക്ഷിതമായി ഇന്ന് ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരുന്നു. പുതുവത്സരത്തിൽ പുറത്തിറങ്ങിയ ടീസറിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഡ് കാലത്ത് നിശ്ചലമായ തിയേറ്റർ വ്യവസായത്തിന് ദൃശ്യം 2 വിന്റെ തിയേറ്റർ റിലീസ് ഗുണകരമാകുമെന്നായിരുന്നു വിലയിരുത്തലുകൾ.ചിത്രം ഒ.ടി.ടി റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് സമിശ്ര പ്രതികരണമാണ് ഇപ്പോൾ വരുന്നത്. കേരളത്തിൽ തിയേറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ തീരുമാനിച്ചതോടെ തീരുമാനം മാറ്റുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ