സാംസ്‌കാരിക കേരളത്തിൽ സംസ്‌കാര ശൂന്യമായ ഒരുപാട് കാര്യങ്ങൾ ദിനംപ്രതി നമ്മൾ കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ട്. കൊള്ള, കോല, സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ, കുട്ടികൾക്കെതിരെയുള്ള പീഡനങ്ങൾ, അഴിമതി, തീവ്രവാദം, ഭീകരവാദം, അസഹിഷ്ണുത, വിലക്കയറ്റം തുടങ്ങി മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമായ ഒരുപാട് പ്രവർത്തികൾ ഇന്ന് സമൂഹത്തെ വേട്ടയാടുന്നുണ്ട്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടുത്ത വെല്ലുവിളിയായിട്ടാണ് ഇത്തരം പ്രശ്‌നങ്ങളെ നമുക്ക് കാണാൻ കഴിയുക. ഇതിൽ സാധാരണ ജനങ്ങളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒരു പ്രശ്‌നമാണ് ''വിലക്കയറ്റം''. വിലക്കയറ്റം എല്ലാ മേഖലയിലും രൂക്ഷമായികൊണ്ടിരിക്കുകയാണ്. സാധന സാമഗ്രികളുടെയും പഴം പച്ചക്കറി പലചരക്കുകളുടേയും അവൈശ്വസനീയവും ആകസ്മികവുമായ വില വർദ്ധന കാരണം കുടുംബ ബജറ്റ് താളം തെറ്റി ജനങ്ങൾ പിച്ച തെണ്ടേണ്ട അവസ്ഥയാണ് ഇപ്പോൾ സംജാതമായിക്കൊണ്ടിരിക്കുന്നത്. മാറി മാറി വരുന്ന സർക്കാറുകൾ ഓഫറുകൾ കൊടുത്ത് ബാലറ്റ് പെട്ടി നിറക്കാനും വാഗ്ദാനങ്ങൾ കൊണ്ട് പെരു മഴ പെയ്യിക്കാനും വീറും വാശിയും മത്സരവും നടത്തുന്നുണ്ടെങ്കിലും അതൊന്നും പാലിക്കാതിരിക്കാനുള്ള രാഷ്ട്രീയ പാർട്ടികളുടെ ഐക്യം പലരേയും പോലെ എന്നെയും ആശങ്കയിലാക്കുന്നുണ്ട്.

വിലക്കയറ്റത്തിന്റെ എല്ലാ മേഖലയും വെളിച്ചത്തുകൊണ്ട് വരാനോ വിശദമാക്കാനോ ഉള്ള സമയമോ അവസരമോ ഇല്ലാത്തതിനാലും ഇതൊരു കലയുമായി ബന്ധപ്പെട്ട ലേഖനമായതിനാലും ആ ഭാഗം മാത്രം വ്യകതമാക്കാൻ ആഗ്രഹിക്കുന്നു. ഈ ഏപ്രിൽ മാസം കോഴിക്കോട് ജില്ലയിലുള്ള ഒരു സിനിമാ തിയേറ്ററിൽ ഞാൻ 'കിങ് ലയർ' എന്ന സിനിമ കാണാൻ പോയി. അന്ന് 100 രൂപ കൊടുത്താണ് ഞാൻ ടിക്കറ്റെടുത്തത്. ഇതേ തിയേറ്ററിൽ ഞാൻ കഴിഞ്ഞയാഴ്ച സിനിമ കാണാൻ പോയി.സിനിമ മാറിയാൽ പൈസയും മാറുമോ എന്നൊരു സന്ദേഹം എനിക്ക് തോന്നി. ഞാൻ ഫ്രണ്ടിനോട് ചോദിച്ചപ്പോൾ അവൻ എന്നെ കളിയാക്കി ചിരിക്കുകയാണ് ചെയ്തത്. അങ്ങനെ സിനിമക്ക് അനുസരിച്ച് ടിക്കറ്റിൽ മാറ്റം വരില്ലെന്നവൻ പറഞ്ഞു. പക്ഷെ 'പ്രേതം' എന്ന സിനിമ ഞാൻ കണ്ടത് 110 രൂപ കൊടുത്തിട്ടാണ്. അപ്പോഴാണ് സുഹൃത്ത് പറഞ്ഞത് ഈ അടുത്തു വരെ 100 രൂപയായിരുന്നു ചാർജ് ഇപ്പോഴാണ് 110 ആക്കിയതെന്ന്. തോന്നിയത് പോലെ ജനങ്ങളെ പിഴിയാനും ചൂഷണം ചെയ്യാനും ഇവർക്കൊക്കെ ആരാണ് ലൈസൻസ് കൊടുത്തത്? സാധാരണക്കാരായ പ്രേക്ഷകരുടെ കലാസ്‌നേഹത്തെ ധാർഷ്ട്യത്തിന്റെ മുഖം മൂടിയണിഞ്ഞ് അരിഞ്ഞ് വീഴ്‌ത്താനാണോ നിങ്ങൾ ശ്രമിക്കുന്നത്? ഇതിനൊന്നും ഇവിടെ നിയമമില്ല? ആരാണ് ഇതിനൊക്കെ ഉത്തരവാദി? സംസ്‌കാരമില്ലാത്ത മന്ത്രിമാരോ? അതോ ആഡംബര ജീവിതം നയിക്കാൻ വേണ്ടി കോടികൾ കൈപ്പറ്റുന്ന സൂപ്പർ താരങ്ങളോ? അതുമല്ലെങ്കിൽ ജനങ്ങളുടെ കാലാസ്വാദനത്തെ ചൂഷണം ചെയ്യുന്ന തിയേറ്റർകാരോ? ആര് തന്നെയായാലും ഇതൊന്നും മനുഷ്യ മനസ്സാക്ഷിക്ക് നിലക്കുന്ന കാര്യങ്ങളല്ല.

നമ്മുടെ അയൽ സംസ്ഥാനമായ തമിഴ് നാട്ടിൽ ഒരു തിയേറ്റർ ചാർജ് വർദ്ധിപ്പിക്കണമെങ്കിൽ സർക്കാരിന്റെ ഉത്തരവ് വേണം. വർഷങ്ങളായി അവിടെ (ഷോപ്പിങ് മാളുകളിൽ പോലും) 85 രൂപയാണ് ടിക്കറ്റ് ചാർജ്. ഇതെന്തുകൊണ്ടാണ് കേരളത്തിൽ നടത്താൻ കഴിയാത്തത്? ഭരിക്കുന്നവർ ജനങ്ങളെ സേവിക്കാനാണ് നിലകൊള്ളേണ്ടത് എന്ന പാഠം മറന്ന് പോകുന്നിടത്താണ് ഒരു സർക്കാർ നശിച്ച് തുടങ്ങുന്നത് എന്ന പരമാർത്ഥം മറന്ന് പോകരുത്. നാളെ ഒരു സിനിമ കാണാൻ തിയേറ്റർകാർ ചുമരിന്മേൽ ഒട്ടിച്ചു വെക്കുന്ന പൈസ മുഴുവൻ കൊടുക്കേണ്ടി വരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക് എങ്കിൽ സിനിമ കാണണോ വേണ്ടയോ എന്ന തീരുമാനം എടുക്കാൻ ഞങ്ങൾ ജനങ്ങളും നിർബന്ധിതരാകും എന്ന് അറിയിക്കുന്നു.

തിയേറ്ററിലെ ടിക്കറ്റ് ചാർജ് പൂർണമായും സർക്കാരിന്റെ നിയന്ത്രണത്തിലാക്കുക. ജനങ്ങളുടെ അനുവാദമോ സഹകരണമോ കൂടാതെ ചാർജ് വർദ്ധിപ്പിക്കാതിരിക്കുക. താരങ്ങളുടെ കാട് കയറിയ വീട് മോദി പീഡിപ്പിക്കാനും, കുലുക്കമില്ലാതെ യാത്ര ചെയ്യാൻ ബെൻസ് വാങ്ങാനും ജനങ്ങളെ ഞെരുക്കാം എന്ന ആശയം മുന്നോട്ട് വെക്കുന്നത് ഉചിതമായ കാര്യമാണെന്ന് തോന്നുന്നില്ല. കലയേയും കലാകാരന്മാരേയും ഞങ്ങൾക്കിഷ്ടമാണ്. പ്രത്യേകിച്ച് സിനിമയേയും സിനിമാ താരങ്ങളേയും. പക്ഷെ അത് ജനങ്ങളുടെ ഒരു കഴിവ് കേടോ പിടിപ്പു കേടോ ആയി നിങ്ങൾ കാണരുത്. സിനിമാ സ്‌നേഹം പ്രകടിപ്പിക്കാൻ ബാങ്കിൽ നിന്ന് ലോണെടുക്കേണ്ട അവസ്ഥയിലേക്ക് ഞങ്ങളെ കൊണ്ടെത്തിക്കരുത്. അങ്ങനെ വന്നാൽ അതിന്റെ പ്രത്യാഘാതം സിനിമാക്കാർക്കും അതിന്റെ അണിയറ പ്രവർത്തകർക്കും മാത്രമായിരിക്കും എന്ന കാര്യം ഓർമയിൽ വെക്കുക.