- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൂപ്പർഹിറ്റ് ചാർട്ടിലേക്ക് 2018; നാല് ദിവസം കൊണ്ട് ആഗോള തലത്തിൽ നേടിയത് 32 കോടി രൂപ; മൂന്ന് ദിവസം കൊണ്ട് കേരളത്തിൽ നിന്നും നേടിയത് ഒൻപതു കോടി രൂപ
കൊച്ചി: ബോക്‌സോഫീസിൽ കുതിപ്പു തുടർന്ന് 2018 സിനിമ. പ്രളയം ഇതിവൃത്തമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത സിനിമക്ക് റെക്കോർഡ് കലക്ഷനാണ് ലഭിക്കുന്നത്. നാല് ദിവസം കൊണ്ട് ചിത്രം വാരിയത് 32 കോടിയാണ്. സിനിമയുടെ ആഗോള കലക്ഷനാണിത്. ഇതോടെ ഒടിടി, സാറ്റ്ലൈറ്റ്, തിയറ്റർ ഷെയർ, ഓവർസീസ് ഷെയർ എന്നിവയിലൂടെ സിനിമ സാമ്പത്തികമായും ലാഭമായിക്കഴിഞ്ഞു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കേരളത്തിൽനിന്നു മാത്രം ലഭിച്ചത് ഒൻപതു കോടി രൂപയാണ്. യുഎഇ കലക്ഷൻ 9.3 കോടി.
ആദ്യ ദിനം 1.85 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കലക്ഷൻ. രണ്ടാം ദിവസം ഏകദേശം 3.5 കോടി രൂപയും. ശനിയാഴ്ച അർധരാത്രി മാത്രം 67 സ്പെഷൽ ഷോകളാണ് കേരളത്തിലുടനീളം നടന്നത്. ഞായറാഴ്ചയിലെ 90 ശതമാനം ടിക്കറ്റുകളും വിറ്റുപോയിട്ടുണ്ട്. ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് 2018 പോകുന്നതെന്ന് ബോക്സ് ഓഫിസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇടവേളയ്ക്ക് ശേഷം തിയറ്ററുകൾ സജീവമായതിന്റെ ആഹ്ലാദത്തിലാണ് തിയറ്റർ ഉടമകൾ. അവധി ദിനങ്ങൾ അല്ലാത്ത ദിവസങ്ങളിലും വലിയ തിരക്കാണ് ചിത്രത്തിന് അനുഭവപ്പെടുന്നത്. ജൂഡ് ആന്തണി ജോസഫിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരിക്കും 2018.
വൻ താരനിരയുണ്ടായിട്ടും വലിയ പ്രമോഷനൊന്നുമില്ലാതെ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് 2018. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, അപർണ ബാലമുരളി, അജു വർഗീസ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ വേഷമിടുന്നത്. അഖിൽ പി. ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അഖിൽ ജോർജാണ്. ചമൻ ചാക്കോ ചിത്രസംയോജനം. നോബിൻ പോളിന്റേതാണ് സംഗീതം. വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈൻ. ക്യാവ്യാ ഫിലിംസ്, പി.കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി.കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവരാണ് നിർമ്മാണം.
മറുനാടന് ഡെസ്ക്