മുംബൈ: പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രമാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ പ്രതീക്ഷിച്ച വിജയം നേടിയില്ല എന്നു മാത്രമല്ല, നിരവധി വിമർശനങ്ങൾക്കും കാരണമായി തീർന്നു. ഇപ്പോഴിതാ ആദിപുരുഷ് ചിത്രത്തിൽ തനിക്ക് തെറ്റ് സംഭവിച്ചുവെന്ന് തുറന്നു പറയുകയാണ് തിരക്കഥാകൃത്ത് മനോജ് മുംതാഷിർ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പടുത്തിയത്. തന്റെ ഭാഗത്തുനിന്നുണ്ടായത് നൂറ് ശതമാനം തെറ്റാണെന്നും എന്നാൽ മനഃപൂർവ്വമല്ലെന്നും അഭിമുഖത്തിൽ പറഞ്ഞു.

'ആദിപുരുഷിന്റെ കാര്യത്തിൽ എനിക്ക് പിഴവ് സംഭവിച്ചു. അതിൽ യാതൊരു സംശയവുമില്ല. എന്റെ എഴുത്ത് മികച്ചതാണെന്ന് പറഞ്ഞ് തെറ്റിനെ ന്യായീകരിക്കുന്ന ആളല്ല ഞാൻ. ആദിപുരുഷിൽ എനിക്ക് പറ്റിയത് നൂറ് ശതമാനം തെറ്റാണ്. എന്നാൽ മനഃപൂർവ്വമല്ല. ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.ഈ സംഭവത്തിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഇതൊരു പാഠമായിട്ടാണ് കാണുന്നത്.

ആദിപുരുഷുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ ഞാൻ നൽകിയ വിശദീകരണം തെറ്റായി. ആ സമയത്ത് ഞാൻ പ്രതികരിക്കാൻ പാടില്ലായിരുന്നു. അതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്. എന്റെ വാക്കുകളിൽ അന്ന് അവർക്ക് ദേഷ്യം തോന്നിയത് സ്വാഭാവികമാണ്. അവരുടെ വികാരത്തെ ഞാൻ മാനിക്കണമായിരുന്നു. ഇന്നെനിക്ക് ആ തെറ്റ് മനസിലായി'- മനോജ് മുംതാഷിർ കൂട്ടിച്ചേർത്തു.