- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അദ്ദേഹം ഗുണ്ടാ നേതാവായിരുന്നു; ഒരു സംഘർഷം കഴിഞ്ഞപ്പോൾ അച്ഛനെ അടുത്തേക്ക് വിളിച്ച് തൊട്ടടുത്ത ദിവസം വന്ന് തന്നെ നേരിൽക്കാണാനാവശ്യപ്പെട്ടു; അദ്ദേഹമാണ് മാറ്റങ്ങൾക്ക് തുടക്കമിട്ടത്: അച്ഛനേക്കുറിച്ച് അജയ് ദേവ് ഗൺ
മുംബൈ: 30 വർഷമായി ബോളിവുഡിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് അജയ് ദേവ്ഗൺ. ഇതിനകം 100ലേറെ സിനിമകളിലും അദ്ദേഹം അഭിനയിച്ചു. ഹിന്ദി സിനിമയിലെ പ്രശസ്ത സംഘട്ടന സംവിധായകനായിരുന്ന വീരു ദേവ്ഗണിന്റെ മകനാണെങ്കിലും തന്റേതായ രീതിയിൽ മുന്നോട്ടുപോയി വിജയം കൈവരിച്ച നടനാണ് അജയ്. ഇപ്പോൾ തന്റെ പിതാവിനേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അജയ് ദേവ്ഗൺ.
കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരൺ എട്ടാം സീസണിൽ പങ്കെടുക്കവേയാണ് അജയ് ദേവ്ഗൺ പിതാവിനേക്കുറിച്ച് തുറന്നുപറഞ്ഞത്. അച്ഛൻ കടന്നു വന്ന അതികഠിനമായ വഴികളെ കുറിച്ചാണ് അജയ് തുറന്നു പറഞ്ഞത്.
പതിമൂന്നാം വയസിൽ ഓൾഡ് പഞ്ചാബിലെ വീട്ടിൽ നിന്ന് എല്ലാം ഉപേക്ഷിച്ച് ബോംബേക്ക് വണ്ടി കയറിയയാളായിരുന്നു വീരുവെന്ന് അജയ് ദേവ്ഗൺ പറഞ്ഞു. ടിക്കറ്റില്ലാതെയായിരുന്നു യാത്ര ചെയ്തത്. പൊലീസ് പിടികൂടി ജയിലിലിട്ടു. ജോലിയോ വിശപ്പടക്കാൻ ഭക്ഷണമോ ഇല്ലാത്ത അവസ്ഥ. തന്റെ കാർ ദിവസവും കഴുകിത്തരികയാണെങ്കിൽ അതിനകത്ത് കിടക്കാൻ ഏതോ നല്ല മനസ് സമ്മതിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ നിർണായകമായതെന്ന് അജയ് ദേവ്ഗൺ പറഞ്ഞു.
''അവിടെ നിന്നാണ് അച്ഛൻ എല്ലാം തുടങ്ങിയത്. പതിയെ അദ്ദേഹം ഒരു കാർപ്പെന്ററായി മാറി. അതിനുശേഷം സിയോൺ-കോലിവാഡ മേഖലയിലെ ഗുണ്ടാനേതാവായും അദ്ദേഹം മാറി. സ്ഥിരമായി ആ മേഖലയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള സംഘർഷം നടക്കുമായിരുന്നു. ഒരിക്കൽ അങ്ങനെയൊരു സംഭവം നടക്കുമ്പോഴാണ് അന്നത്തെ വലിയ സംഘട്ടന സംവിധായകനായിരുന്ന രവി ഖന്ന ആ വഴി കടന്നുപോയത്. കാർ അവിടെ നിർത്തിയ അദ്ദേഹം സംഘർഷം കഴിഞ്ഞപ്പോൾ അച്ഛനെ അടുത്തേക്ക് വിളിച്ച് തൊട്ടടുത്ത ദിവസം വന്ന് തന്നെ നേരിൽക്കാണാനാവശ്യപ്പെട്ടു. അദ്ദേഹമാണ് അച്ഛനെ ഫൈറ്ററാക്കിയത്. എല്ലാം അവിടെ നിന്നാണ് തുടങ്ങിയത്.'' അജയ് ദേവ്ഗൺ ഓർത്തെടുത്തു.
200-ലേറെ ചിത്രങ്ങൾക്കാണ് വീരു ദേവ്ഗൺ സംഘട്ടനസംവിധാനം നിർവഹിച്ചത്. റോട്ടി കപ്പഡാ ഓർ മക്കാൻ, മിസ്റ്റർ നട്ട് വർലാൽ, ക്രാന്തി, ഫൂൽ ഓർ കാണ്ടേ, റാം തേരി ഗംഗാ മൈലി തുടങ്ങിയവ അതിൽ ചിലതാണ്. ക്രാന്തി എന്ന ചിത്രത്തിൽ ചെറിയ വേഷത്തിൽ അഭിനയിക്കുകയും ചെയ്തു. 2019 മെയ് 27നായിരുന്നു വീരു ദേവ്ഗൺ അന്തരിച്ചത്.