കൊച്ചി: കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലെ വൈവിധ്യം കൊണ്ടു അടുത്തിടെ അമ്പരപ്പിക്കുകായാണ് മമ്മൂട്ടി എന്ന താരം. ഇപ്പോഴിതാ വീണ്ടും ആരാധകരെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം. എല്ലാവരും ആകാക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസിങ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ.

ഫെബ്രുവരി 15നാണ് പ്രദർശനത്തിനെത്തുന്നത്. റിലീസ് തീയതിക്കൊപ്പം ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്റർ പോലെ ഡാർക്ക് പശ്ചാത്തലത്തിലാണ് പുതിയ പോസ്റ്ററും ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയോടൊപ്പം വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരാണ് മറ്റുതാരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് ഒരുങ്ങുന്നത്.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും ഥചഛഠ സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ആന്റേ ജോസഫിന്റെ 'ആൻ മെഗാ മീഡിയ' ചിത്രം കേരളത്തിലെ തിയറ്ററുകളിൽ വിതരണത്തിന് എത്തിക്കും. ഓവർസീസ് ഡിസ്ട്രിബ്യൂഷൻ സ്വന്തമാക്കിയിരിക്കുന്നത് ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ്.

ഛായാഗ്രഹണം: ഷെഹ്നാദ് ജലാൽ, ചിത്രസംയോജനം: ഷഫീഖ് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്‌സ്: എം ആർ രാജകൃഷ്ണൻ, മേക്കപ്പ്: റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ, പിആർഒ: ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

2024ൽ മമ്മൂട്ടിയുടേതായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. കാതലാണ് ഏറ്റവും ഒടുവിൽ തിയറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം. ഒ.ടി.ടിയിലും ഈ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു.