കൊച്ചി: മലയാള സിനിമയിൽ യുവതാരം പ്രണവ് പ്രശാന്തും, നായകനിരയിലേക്ക്. മോഡലിങ് രംഗത്തുനിന്ന് വെള്ളിത്തിരയിലെത്തിയ പ്രണവ് പ്രശാന്ത് രാജ്യാന്തര ശ്രദ്ധയാകർഷിച്ച പുതിയ ചിത്രം 'ഫ്‌ളഷി'ലൂടെയാണ് നായകനായി തിളങ്ങിയിരിക്കുന്നത്. പരസ്യ കലാരംഗത്ത് ഏറെ ശ്രദ്ധേയനായ പ്രണവ് പ്രശാന്ത് ആദ്യമായി നായകനായ ചിത്രം കൂടിയാണ് ഫ്‌ളഷ്.

ലക്ഷദ്വീപിന്റെ കഥ പറയുന്ന ചിത്രം കണ്ടിറങ്ങുന്നവർക്കാർക്കും പ്രണവിനെ മറക്കാനാവില്ല. പ്രേക്ഷകരുടെ മനസ്സിൽ ഒരു നൊമ്പരമായ കഥാപാത്രം കൂടിയാണ് പ്രണവ്. അന്യനാട്ടിൽ കൊലചെയ്യപ്പെടുന്ന സഹോദരിയുടെ ഓർമ്മകളും പേറി ആ നാട്ടിലെത്തുന്ന പ്രണവ് നീറുന്നൊരു ഓർമ്മയാണ്.

ഫ്‌ളഷിലെ സങ്കടങ്ങൾ നിറഞ്ഞ ആ യുവാവല്ല സത്യത്തിൽ പ്രണവ്, സിനിമയുടെ എല്ലാ മേഖലകളെക്കുറിച്ചും പഠിച്ച് നൂതന ആശയങ്ങൾ പങ്കുവെയ്ക്കാൻ കരുത്തുള്ള ഒരു നടൻ കൂടിയാണ്. അഭിനയം തന്റെ പാഷനാണെങ്കിലും സിനിമയുടെ എല്ലാ മേഖലകളിലും കൈയൊപ്പ് ചാർത്താൻ തനിക്കേറെ ആഗ്രഹമുണ്ടെന്നും പ്രണവ് പറയുന്നു.

മലയാളത്തിന് പുറമേ മറ്റ് ഭാഷകളിൽ നിന്നും അവസരങ്ങൾ പ്രണവിനെത്തേടി ഇപ്പോൾ വരുന്നുണ്ട്. സിനിമയിലെ പുതിയ മാറ്റങ്ങൾക്കനുസരിച്ച് മാറുന്ന ഒരു കലാകാരൻ കൂടിയാണ് പ്രണവ്. പ്രമുഖ സംഗീത സംവിധായകാൻ എ.ആർ.റഹ്‌മാന്റെ അസിസ്റ്റന്റാണ് പ്രണവിന്റെ സഹോദരൻ കമൽ പ്രശാന്ത്. നിരവധി തമിഴ്ചിത്രത്തിൽ കമൽ സംഗീതം ചെയ്തിട്ടുണ്ട്. ജ്യേഷ്ഠന്റെ കരുതലും, ഉപദേശവും തന്റെ കലാജീവിതത്തെ ഏറെ സഹായിക്കന്നതായ് പ്രണവ് പറയുന്നു. ചിത്രികരണത്തിന് ഒരുങ്ങുന്ന 'അതിര്' എന്ന മലയാള സിനിമയാണ് പ്രണവിന്റെ പുതിയ ചിത്രം.