മുംബൈ: ദീപിക പദുക്കോണിന്റെ കരിയർ മാറ്റിമറിച്ച ചിത്രമായ ഓം ശാന്തി ഓംന്റെ 16 ാം വാർഷികം ആഘോഷിക്കുകയാണ് ബോളിവുഡ് ലോകം. ഈ അവസരത്തിൽ പ്രേക്ഷകർക്ക് നന്ദി അറിയിച്ച് താരം രംഗത്ത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ദീപിക പദുക്കോൺ ''നന്ദി'' അറിയിച്ച് പോസ്റ്റിട്ടത്.

2007-ലാണ് ഫറാ ഖാൻ സംവിധാനം ചെയ്ത 'ഓം ശാന്തി ഓം' പുറത്തിറങ്ങിയത്. ഷാരൂഖ് ഖാനും ദീപിക പദുകോണുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കോമഡി ഫാന്റസി ഘടകങ്ങളുള്ള ഒരു റൊമാന്റിക് ഡ്രാമയാണ് 'ഓം ശാന്തി ഓം'.

ശാന്തിപ്രിയ എന്ന പ്രശസ്ത നടിയുമായി പ്രണയത്തിലായ 1970കളിലെ ജൂനിയർ ഫിലിം ആർട്ടിസ്റ്റായ ഓമിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. അവരുടെ പ്രണയകഥ ഒരു ദാരുണമായ വഴിത്തിരിവിലേക്ക് മാറുന്നു. ശാന്തിപ്രിയയെ രക്ഷിക്കാൻ ശ്രമിച്ച് ഓം മരിക്കുന്നു, അവരുടെ മരണത്തിന് പ്രതികാരം ചെയ്യാൻ ഓം പുനർജനിക്കുന്നു. ശാന്തിപ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദീപികയുടെ പ്രകടനം വളരെയധികം ശ്രദ്ധ നേടുകയും വരും വർഷങ്ങളിലെ വിജയകരമായ കരിയറിന് കളമൊരുക്കുകയും ചെയ്തു.

റൊമാൻസ്, ഡ്രാമ, ഫാന്റസി എന്നിവയുടെ ഘടകങ്ങൾ മനോഹരമായി സമന്വയിപ്പിച്ച 'ഓം ശാന്തി ഓമിൽ' ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം പ്രത്യക്ഷപ്പെട്ട ഒരു ഗാനരംഗവുമുണ്ട്.ഈ ചിത്രം വാണിജ്യപരമായി വിജയിക്കുകയും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തു.