മുംബൈ:ഷാരൂഖ് ഖാനെ നായകനാക്കി രാജ്കുമാർ ഹിറാനിയുടെ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഡങ്കി'. സിനിമയുടെ ഫസ്റ്റ് ഡ്രോപ്പ് പുറത്തുവന്നതോടെ വലിയ പ്രതീക്ഷയാണ് എങ്ങും. തുടർച്ചയായി മൂന്ന് സിനിമകളിൽ ആയിരം കോടി കളക്ഷൻ നേടുമോ ഷാരൂഖ് ചിത്രം എന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്. ഡിസംബർ 22 ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിൽ തപ്സി പന്നുവാണ് നായിക. ഷാരൂഖിന്റെ ജന്മദിനത്തിൽ പുറത്തിറക്കിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

'പഠാൻ', 'ജവാൻ' എന്നീ ചിത്രങ്ങളുടെ ഗംഭീര വിജയത്തിന് ശേഷം റിലീസ് ചെയ്യുന്ന ഷാരൂഖ് ചിത്രമാണ് 'ഡങ്കി'. ഇരു ചിത്രങ്ങളും 1000 കോടി ക്ലബിൽ ഇടം നേടിയതിനാൽ ഷാരൂഖ് ഖാന്റെ പ്രതിഫലത്തിൽ വലിയ വർധനവ് ഉണ്ടായെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം സിനിമയിൽ രണ്ടു വർഷത്തെ ഇടവേളയെടുത്താണ് ഷാരൂഖ് 'പഠാനി'ലൂടെ തിരിച്ചുവന്നത്. അതിനിടെ ഏതാനും സിനിമകളിൽ അതിഥി വേഷത്തിലെത്തിയെങ്കിലും മുഖ്യകഥാപാത്രമായെത്തുന്ന സിനിമകളിൽ നിന്ന് ഷാരൂഖ് ഇടവേളയെടുക്കുകയായിരുന്നു.

'ഡങ്കി'യിൽ 100 കോടിയിലേറെ ഷാരൂഖ് പ്രതിഫലം പറ്റുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു. ഇന്ത്യയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ വീണ്ടും ഒന്നാം സ്ഥാനത്ത് ഷാരൂഖ് എത്തിയെങ്കിലും 'ഡങ്കി'യിലെ പ്രതിഫലത്തെക്കുറിച്ച് വരുന്ന റിപ്പോർട്ടുകൾ വാസ്തവ വിരുദ്ധമാണെന്ന് കോയിമോയി റിപ്പോർട്ട് ചെയ്യുന്നു.

28 കോടിയാണ് ഡങ്കിയിലെ ഷാരൂഖിന്റെ പ്രതിഫലം. ഷാരൂഖാന്റെയും ഭാര്യ ഗൗരി ഖാന്റെയും ഉടമസ്ഥതയിലുള്ളറെഡ് ചില്ലീസ് ഇന്റർനാഷ്ണലാണ് ഡങ്കിയുടെ നിർമ്മാണ പങ്കാളിലൊന്ന്. രാജ്കുമാർ ഹിറാനി, ജ്യോതി ദേശ് പാണ്ഡെ എന്നിവരാണ് മറ്റു നിർമ്മാതാക്കൾ. 28 കോടി കൂടാതെ സിനിമയുടെ വരുമാനത്തിന് അനുസൃതമായി ഒരു നിർമ്മാതാവ് എന്ന നിലയിൽ ഷാരൂഖിന് ഒരു വിഹിതം ലഭിക്കും.

നായിക തപ്സി പന്നുവിന്റെ പ്രതിഫലം 11 കോടിയാണ്. വിക്കി കൗശലിന്റെ പ്രതിഫലം 12 കോടിയോളം വരും. മറ്റു താരങ്ങളായ ബൊമൻ ഇറാനിക്കും സതീഷ് ഷായ്ക്കും യഥാക്രമം 15 കോടിയും 7 കോടിയുമാണ് പ്രതിഫലം.