മുംബൈ: ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഹൃത്വിക് റോഷനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ഫൈറ്റർ. ജനുവരി 25 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കണ്ടു ശീലിച്ച കഥയാണെങ്കിലും മികച്ച നിലവാരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ആരാധകരുടെ പ്രതികരണം. സിനിമ മൂന്നാം ദിവസം ആകുമ്പോൾ 90 കോടിയിലേക്ക് എത്തിയിട്ടുണ്ട്.

ഫൈറ്റർ വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുകയാണ്. 250 കോടി ബജറ്റിലൊരുങ്ങിയ ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരിക്കുന്നത് നടൻ ഹൃത്വിക് റോഷനാണെന്നാണ് വിവരം. റിപ്പോർട്ട് പ്രകാരം 85 കോടിയാണ് നടൻ പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. ഫൈറ്ററിൽ എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ഷംഷേർ പത്താനിയ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചിരിക്കുന്നത്. വൻ മേക്കോവറിലായിരുന്നു ചിത്രത്തിലെത്തിയത്. ഇതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ കൂട്ടത്തിലേക്ക് ഹൃത്വിക് റോഷനും എത്തിയിട്ടുണ്ട്.

ദീപിക പദുകോൺ ആണ് ചിത്രത്തിലെ നായിക. ഇതാദ്യമായിട്ടാണ് ദീപികയും ഹൃത്വിക് റോഷനും ഒന്നിച്ച് ഓൺസ്‌ക്രീനിൽ എത്തുന്നത്. 20 കോടിയാണ് ദീപികയുടെ പ്രതിഫലം. നടൻ അനിൽ കപൂറും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 15 കോടിയാണ് പ്രതിഫലം. നടൻ കരൺ സിങ് ഗ്രോവറാണ് ഫൈറ്ററിലെ വില്ലൻ. രണ്ട് കോടിയാണ് നടൻ പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. നടൻ അക്ഷയ് ഒബ്റോയ് ആണ് ചിത്രത്തിൽ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു കോടിയാണ് നടന്റെ പ്രതിഫലം

ഷാറൂഖ് ഖാന്റെ പത്താന് ശേഷം സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ഫൈറ്റർ. ഒരു മുഴുനീള ആക്ഷൻ ചിത്രമാണിത്. ഇന്ത്യൻ വ്യോമസേനയിലെ ഏവിയേറ്റർമാരുടെ കഥ പറയുന്ന ചിത്രത്തിൽ പുൽവാമ ഭീകരാക്രമണവും ബാലാകോട്ടിൽ നൽകിയ തിരിച്ചടിയെയുമൊക്കെ ചർച്ചയാവുന്നുണ്ട്.