ചെന്നൈ: ഇന്ത്യൻ സിനിമയിലെ അപൂർവ്വ പ്രതിഭാസങ്ങളാണ് കമൽഹാസനും രജനീകാന്തും. ഇരുവരേയും ഒന്നിച്ച് കാണുമ്പോഴൊക്കെ പ്രേക്ഷകർക്കും സന്തോഷമേറെയാണ്. 1975 ൽ പുറത്തിറങ്ങിയ അപൂർവരാഗങ്ങൾ എന്ന ചിത്രത്തിൽ തുടങ്ങിയതാണ് ഇരുവരുടേയും സൗഹൃദം. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രവും രജനിയുടെ സിനിമ അരങ്ങേറ്റവും കൂടിയായിരുന്നു അപൂർവരാഗങ്ങൾ.

ചിത്രത്തിന്റെ വിജയത്തിന് ശേഷം ഇരുവരും ഒരുമിച്ച് ഇരുപതിലധികം സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തി. രജനികാന്തിനെ ആദ്യമായി കണ്ട നിമിഷത്തേക്കുറിച്ച് കമൽ ഹാസൻ വർഷങ്ങൾക്ക് മുൻപ് ഇന്ത്യ ടുഡേയ്ക്ക് നൽകിയ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ്.

'എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ഗോവിന്ദരാജൻ, അദ്ദേഹം ഇന്ന് ഇല്ല. ഞങ്ങൾ അവനെ ഗോവിന്ദ ഹാസൻ എന്നായിരുന്നു വിളിച്ചിരുന്നത്. കാരണം അവൻ എനിക്ക് ഒരു സഹോദരനെപ്പോലെയായിരുന്നു, ഞങ്ങൾ ഒരു കുടുംബമായിരുന്നു. എന്റെ സഹോദരനെപ്പോലെ അവനും ഒരു അഭിഭാഷകനായിരുന്നു. ഒരു ദിവസം ഷൂട്ടിംഗിനിടെ അദ്ദേഹത്തിന് സുഖമില്ലെന്ന് ആളുകൾ എന്നോട് പറഞ്ഞു.

മിക്കവാറും എല്ലാ ദിവസവും ഞങ്ങൾ കണ്ടുമുട്ടാറുണ്ടായിരുന്നു. അധികം വൈകാതെ അദ്ദേഹത്തിന് ക്യാൻസറാണെന്ന് അറിഞ്ഞു. ഞാൻ അന്ന് ചെറുപ്പമായിരുന്നു, ഇതെങ്ങനെ എടുക്കണമെന്ന് എനിക്കറിയില്ല. ജീവിതത്തിന്റെ ഭാ?ഗമാണ് മരണമെന്ന് എനിക്ക് മനസിലായില്ല. എന്നെ സംബന്ധിച്ചിടത്തോളം ഞാനൊരു വിഷാദാവസ്ഥയിലേക്ക് പോയി.

ആ സമയത്ത് ഞാൻ കെ ബാലചന്ദറിനൊപ്പം ഒരു സിനിമ ചെയ്യുകയായിരുന്നു, ഞാനായിരുന്നു അതിലെ നായകൻ. ചെന്നൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ശിവാജി റാവു (ഇപ്പോൾ രജനികാന്ത്) എന്നൊരാളെ അതിഥി വേഷത്തിനായി തെരഞ്ഞെടുത്തുവെന്നും അദ്ദേഹം വരുന്നത് ബം?ഗളൂരുവിൽ നിന്നാണെന്ന് മാത്രമേ എനിക്ക് അറിയുമായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ ആദ്യ ഷോട്ട് എടുക്കുന്ന അന്ന് എന്റെ സുഹൃത്തും സെറ്റിലേക്ക് വന്നു. അദ്ദേഹത്തിന് ശാരീരികമായി ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും ഞാൻ സെറ്റിലേക്ക് വരാൻ പറഞ്ഞു.

അക്കാലത്ത് അദ്ദേഹം ഫ്രഞ്ച് സ്‌റ്റൈലിൽ ആയിരുന്നു താടി വളർത്തിയിരുന്നത്. എന്റെ മേക്കപ്പ് ആർട്ടിസ്റ്റ് എന്റെ കമ്പനിയിൽ നിന്നുള്ള ആളായതു കൊണ്ട് രജനിയുടെ താടിയും ആ സിനിമയ്ക്കായി അതുപോലെ ചെയ്തു. ക്യാൻസർ ബാധിച്ച് മരിക്കുന്ന ഒരു കഥാപാത്രമായിരുന്നു രജനിയുടെ. കുറച്ച് കഴിഞ്ഞ് ഗോവിന്ദരാജൻ പറഞ്ഞു, എനിക്ക് ആ ആളെ ഇഷ്ടപ്പെട്ടു, അദ്ദേഹത്തിന് ഒരു സ്‌റ്റൈലുണ്ട്.

അദ്ദേഹത്തിന്റെ വേഷമെന്താണ്. അവന്റെ ആ ചോദ്യത്തിന് എനിക്ക് ഒരു മറുപടിയും പറയാൻ കഴിഞ്ഞില്ല. പിന്നെ എനിക്ക് രജനിയോട് വളരെയധികം സ്‌നേഹം തോന്നി. ഞാൻ അദ്ദേഹത്തോട് ഇത് ഇടയ്ക്ക് പറയാറുമുണ്ട്. രജനിയെ കാണുമ്പോൾ എന്റെ സുഹൃത്തിനെ തന്നെയാണ് ഞാൻ കാണുന്നത്. അന്ന് മുതൽ ഞങ്ങൾ ഒരുമിച്ചാണ്. പല വിയോജിപ്പുകളും ഞങ്ങൾക്കിടയിലുണ്ട്, പക്ഷേ ഇപ്പോഴും ഞങ്ങൾ സുഹൃത്തുക്കളാണ്- കമൽ ഹാസൻ പറഞ്ഞു.