- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുഴ മുതൽ പുഴ വരെ സിനിമയ്ക്ക് പിന്നാലെ 'മലബാർ സിംഹം വാരിയൻകുന്നൻ' പുറത്തിറങ്ങി; വാരിയൻകുന്നന്റെ യഥാർത്ഥ ജീവിതമാണ് സിനിമയെന്ന് അണിയറ പ്രവർത്തകർ; ഹ്രസ്വ ചിത്രം പുറത്തിറക്കിയത് വാരിയംകുന്നൻ കുടുംബം തന്നെ
കോഴിക്കോട്: 1921 ൽ മലബാറിൽ നടന്ന ഹിന്ദു വംശഹത്യയായിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു രാമസിംഹൻ അബൂബക്കറിന്റെ '1921 പുഴ മുതൽ പുഴ വരെ'' പുറത്തിറങ്ങിയത്. മാപ്പിള ലഹളയായും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായും കർഷക ലഹളയായും വളച്ചൊടിച്ച് രേഖപ്പെടുത്തപ്പെട്ടത് ഹിന്ദു വംശഹത്യയുടെ ചരിത്രമായിരുന്നെന്ന് പറഞ്ഞ സിനിമ പോരാളിയായി ഒരു കൂട്ടം ചരിത്രകാരന്മാർ വിശേഷിപ്പിച്ച വാരിയംകുന്നൻ ഭീരുവായ വർഗീയവാദിയായിരുന്നുവെന്നും വ്യക്തമാക്കി.
എന്നാൽ ഇപ്പോഴിതാ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സത്യസന്ധമായ ചരിത്രം അടയാളപ്പെടുത്തുന്ന സിനിമയെന്ന പ്രഖ്യാപനത്തോടെ 'മലബാർ സിംഹം വാരിയൻകുന്നൻ' എന്ന ഷോർട്ട് ഫിലിം പുറത്തിറങ്ങിയിരിക്കുകയാണ്. ആഷിഖ് അബു ഉൾപ്പെടെ വാരിയൻ കുന്നന്റെ സിനിമ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വാരിയൻ കുന്നൻ കുടുംബം തന്നെ ഇത്തരമൊരു ഷോർട്ട് ഫിലിമുമായി രംഗത്തെത്തിയത്.
സ്വതന്ത്ര സമര സേനാനിയും ധീര രക്തസാക്ഷിയുമായിരുന്നു വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. സത്യസന്ധമായ ചരിത്രരേഖയുടെ ചരിത്ര പണ്ഡിതരുടെ പിന്തുണയോട് കൂടിയാണ് ഷോർട്ട് ഫിലിം നിർമ്മിച്ചിട്ടുള്ളതെന്നും വാർത്താ സമ്മേളനത്തിൽ ഷോർട്ട് ഫിലിമിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെട്ടു. ബ്രിട്ടീഷുകാർക്കെതിരെ അവസാന ശ്വാസം വരെ പോരാടിയ വ്യക്തിയായിരുന്നു അദ്ദേഹം.
ഹിന്ദുവിനെയും മുസൽമാനെയും ക്രിസ്ത്യാനിയെയും ദലിതനെയും ഒരുമിപ്പിച്ച് നിർത്തി അദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെ പട നയിച്ചു. രാജ്യം വിട്ട് പോകാനുള്ള ആനുകൂല്യം പുച്ഛിച്ച് തള്ളി മലയാള മണ്ണിൽ ധീരമായ മരണം ഏറ്റുവാങ്ങി ഈ മണ്ണിനോട് അലിഞ്ഞുചേരാൻ അദ്ദേഹം ആഗ്രഹിച്ചു. ആ വഴി സ്വീകരിച്ച സമാനതകളില്ലാത്ത ദേശസ്നേഹിയായിരുന്നു അദ്ദേഹമെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബമായ ചക്കിപറമ്പൻ നിർമ്മിച്ച ഷോർട്ട് ഫിലിം ഫൈസൽ ഹുസൈൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
ഗ്രന്ഥകാരനും ചരിത്ര ഗവേഷകനുമായ ജാഫർ ഈരാറ്റുപേട്ടയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രബീഷ് ലിൻസി ആണ് ക്യാമറ. ബാപ്പു വാവാട് ഗാനരചനയും സിബു സുകുമാരൻ സംഗീത സംവിധാനവും നിർവഹിച്ചു. സിനിമ നാടക നടൻ സുനിലാണ് വാരിയൻ കുന്നനായി വേഷമിട്ടത്. നൂറോളം കലാകാരന്മാർ ഭാഗമായ ചിത്രം വയനാട്, ആനക്കാംപൊയിൽ, പൊറ്റശ്ശേരി എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. യൂട്യൂബ് ചാനൽ ആയ ഓറഞ്ച് മീഡിയയാണ് ചിത്രം പ്രേക്ഷകരിൽ എത്തിച്ചിരിക്കുന്നത്. ഈ ഷോർട്ട് ഫിലിം പ്രഖ്യാപിച്ചത് മുതൽ രൂക്ഷമായ സൈബർ ആക്രമണവും ഭീഷണിയും നേരിടേണ്ടി വന്നുവെന്ന് ചിത്രത്തിന്റെ സംവിധായകൻ ഫൈസൽ ഹുസൈൻ, ഗാന രചയിതാവ് ബാപ്പു വാവാട്, പ്രൊഫ. രാജശേഖർ, സുഹാസ് ലാംഡ, റിഷാദ് മുഹമ്മദ്, മുക്കം വിജയൻ, അക്കു അക്ബർ എന്നിവർ പറഞ്ഞു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.