കൊച്ചി: തള്ളി മറിച്ചെത്തിയതായിരുന്നു മരയ്ക്കാർ അറബിക്കടലിന്റെ സിംഹമെന്ന ചിത്രം. ആദ്യ ദിനം തിയേറ്ററിലേക്ക് ഒഴുകിയെത്തിയവർ എല്ലാം നിരാശരായി. ബ്ലാക്കിൽ ടിക്കറ്റ് എടുത്ത് കയറിയവർ അന്താളിച്ചു. മുടക്കു മുതൽ തിരിച്ചു പിടിക്കാതെ ചിത്രം തിയേറ്ററിൽ വീണു. കളക്ഷനിൽ നേട്ടമുണ്ടാക്കിയെങ്കിലും നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിലും ഫാൻസ് പൂർണ്ണ തൃപ്തനായിരുന്നില്ല. ഓടിടിയിലെ വിജയനായകനായി ലാൽ അതിനിടെയും തുടർന്നു. പക്ഷേ മമ്മൂട്ടി ചിത്രങ്ങളെല്ലാം 2023ൽ വിജയമായി. അതുകൊണ്ട് തന്നെ ജിത്തു ജോസഫിന്റെ ചിത്രം 'നേര്' വിജയിക്കേണ്ടത് അനിവാര്യതയായിരുന്നു. തള്ളുകൾക്കൊന്നും അണിയറക്കാർ നിന്നില്ല. ചിത്രം തിയേറ്ററിൽ എത്തി. ആദ്യ ഷോകൾക്ക് തള്ളുന്ന പതിവ് ഈ മോഹൻലാൽ ചിത്രത്തിന് ഇത്തവണ പ്രേക്ഷകരും കാട്ടിയില്ല. നേരിനെ അഭിപ്രായം അറിഞ്ഞ് അവർ നെഞ്ചിലേറ്റി.

തിയേറ്ററിൽ നിന്ന് പുറത്തു വരുന്ന കണക്കുകൾ തന്നെ അഭിപ്രായം നോക്കി ആളുകൾ സിനിമ കാണാൻ കയറിയതിന് തെളിവാണ്. മോഹൻലാൽ ചിത്രത്തിന് റിലീസ് ദിവസം വലിയ പിന്തുണ കിട്ടും. ആദ്യ ദിനം ഫസ്റ്റ് ഷോ എന്തായാലും തകർക്കും. പിന്നാലെ മോശമെങ്കിൽ ആളു കുറയും. ഇതാണ് രീതി. എന്നാൽ നേരിന് ആദ്യ ഷോയിലൂടെ കേരളത്തിൽ നിന്ന് നേടാനായത് വെറും 30 ലക്ഷം മാത്രമാണെന്നാണ് കണക്കുകൾ പുറത്തു വരുന്നത്. എന്നാൽ ആദ്യ ഷോ കഴിഞ്ഞതോടെ കൂടുതൽ പേർ തിയേറ്ററിൽ എത്തി. 35 ലക്ഷം കിട്ടി. വൈകുന്നേര ഷോയിൽ ഇത് 63 ലക്ഷമായി ഉയർന്നു. രാത്രിയിൽ 93 ലക്ഷവും. അങ്ങനെ ആദ്യ ദിനം നല്ല കളക്ഷൻ സിനിമയെ തേടിയെത്തി.

 

കേരള ബോക്‌സ് ഓഫീസിൽ റിലീസ് കളക്ഷനിൽ മോഹൻലാലിന് നേര് ഏതാണ്ട് മൂന്ന് കോടി രൂപയ്ക്ക് അടുത്ത് നേടിയേക്കുമെന്നാണ് തുടക്കത്തിൽ ലഭിക്കുന്ന റിപ്പോർട്ട്. ഇന്ത്യയിൽ മോഹൻലാലിന്റെ റിലീസ് ദിവസ കളക്ഷൻ പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്‌നിൽകിന്റെ റിപ്പോർട്ട് പ്രകാരം നെറ്റ് മാത്രം 2.80 കോടി രൂപയാണ്. മറ്റൊരു പ്രമുഖ അനലിസ്റ്റുകളായ വാട്ട് ദ ഫസ് സൂചിപ്പിക്കുന്നത് പ്രകാരം കേരള ബോക്‌സ് ഓഫീസിൽ റിലീസിന് നേര് നേടിയത് 2.23 കോടി രൂപയാണ്. മികച്ച റിവ്യുകൾ ലഭിച്ചതിനാൽ രാത്രി ഷോകളിൽ വൻ കുതിച്ച് ചാട്ടം ഉണ്ടായി എന്നും അത് ബോക്‌സ് ഓഫീസിൽ കാര്യമായി പ്രതിഫലിക്കും എന്ന സൂചനയും വാട്ട് ദ ഫസ് നൽകുന്നു. എന്തായാലും ബോക്‌സ് ഓഫീസിലും മോഹൻലാലിന് ബോക്‌സോഫീസിൽ തിരിച്ചുവരവായി മാറുകയാണ് ജീത്തു ജോസഫിന്റെ നേര്.

വൻ ഹൈപ്പില്ലാതെ പൂർത്തിയായ മോഹൻലാൽ ചിത്രം നേര് അടുത്തിടെയാണ് ചർച്ചകളിൽ നിറയാൻ തുടങ്ങിയത്. അതിനാൽ നിലവിലെ സൂചനയനുസരിച്ച് കളക്ഷനിൽ നേരിന് മികച്ച നേട്ടമുണ്ടാക്കാൻ കഴിയും എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നതും. റിയലിസ്റ്റിക് സമീപനമാണ് മോഹനലാലിന്റെ നേരിന് സംവിധായകൻ ജീത്തു ജോസഫ് നൽകിയിരിക്കുന്നത്. സംവിധായകൻ ജീത്തു ജോസഫ് റിയലിസ്റ്റിക്കായി കഥ അവതരിപ്പിക്കാനാണ് എന്നും ശ്രമിക്കാറുള്ളത് എന്നും മോഹൻലാലും വ്യക്തമാക്കിയിരുന്നു.

യഥാർഥ ജീവിതത്തിൽ അഭിഭാഷകയാണ് നേരിന്റെ തിരക്കഥാകൃത്ത് ശാന്തി മായാദേവി. നേര് ഒരു സത്യാന്വേഷണമാണ് എന്നും കഥാപാത്രത്തെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാൻ നടൻ എന്ന നിലയിൽ സഹായിച്ചത് നേരിന്റെ തിരക്കഥാകൃത്തായ ശാന്തി മായാദേവിയുടെ നിർദ്ദേശങ്ങളാണെന്നും മോഹൻലാൽ വ്യക്തമാക്കിയിരുന്നു. അനശ്വര രാജനും പ്രിയാമണിയുമൊക്കെ നേര് എന്ന ചിത്രത്തിൽ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്.

ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നേടിയിരിക്കുകയാണ് എന്നും നേരിന്റെ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ഓൺലൈനിൽ പ്രദർശനത്തിനെത്താൻ സാധ്യത എന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്. ത്രില്ലർ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ഖ്യാതി ഇന്ത്യക്ക് പുറത്തുവരെ എത്തിച്ച അപൂർവം സംവിധായകരിൽ ഒരാളായ ജീത്തു ജോസഫ് സംവിധാനം നേര് പ്രതീക്ഷയാണ്. ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രമാണ് നേര് എന്നതും മറ്റൊരു പ്രത്യേകതയാണ്.

സിദ്ദിഖും മോഹൻലാലും മത്സരിച്ചഭിനയിക്കുമ്പോൾ പോലും നേര് സാറയുടെ ചിത്രം തന്നെയാണ്. ഒരു യഥാർഥ അഭിഭാഷകന്റെ സൂക്ഷ്മതകൾ സമർഥമായി പകർത്തിക്കൊണ്ടാണ് മോഹൻലാൽ നമ്മളെ അത്ഭുതപ്പെടുത്തുന്നത്.