കൊച്ചി: മോഹൻലാലിന്റെ നേരും നൂറ് കോടി ക്ലബ്ബിലെത്തുമെന്ന് റിപ്പോർട്ടുകൾ. വലിയ ബഹളമില്ലാതെ ഇറങ്ങിയ ഈ ചിത്രം ക്രിസ്മസ് ദിനത്തിൽ നേടിയത് കേരളത്തിൽ നിന്നും 4.05കോടി രൂപയാണ്. അഞ്ചു ദിവസം കൊണ്ട് കേരളത്തിൽ നിന്നും 16 കോടിയോളം നേടിയെന്നാണ് വിലയിരുത്തൽ. ആഗോള തലത്തിൽ 30 കോടി നേടിക്കഴിഞ്ഞു. ഓടിടിയും സാറ്റലൈറ്റ് റൈറ്റും എല്ലാം കൂടി വമ്പൻ ലാഭം നിർമ്മാതാവിന് ചിത്രം നൽകും. ചിത്രത്തിന് ആദ്യ ദിനം രണ്ടു കോടിയായിരുന്നു കളക്ഷൻ. അതാണ് പിന്നീടുള്ള മൂന്ന് കോടിക്ക് മുകളിലേക്ക് കടക്കുന്നത്.

ഏറ്റവും മികച്ച കോർട്ട് റൂം ഡ്രാമയാണ് സിനിമ. കഴിഞ്ഞ വർഷം മനോജ് വാജ്‌പേയുടെ കോർട്ട് റൂം ഡ്രാമാ ചിത്രമായ സിർഫ് ഏക് ബന്ദാ ബാക്കി ഹേ വലിയ ചർച്ചയായിരുന്നു. ഉത്തരേന്ത്യൻ ആൾദൈവത്തെ വിചാരണയിലൂടെ അഴിക്കുള്ളിലാക്കുന്ന സംഭവ കഥയായിരുന്നു ആ ചിത്രം. അതേ മോഡലിലാണ് നേരും തയ്യാറാക്കിയത്. സസ്‌പെൻസ് ആദ്യമേ പൊളിച്ച് വിചാരണയിലേക്ക് കടക്കുന്ന രീതി. ഹിന്ദി ചിത്രത്തിൽ മനോജ് വാജ്‌പേയ് പുറത്തെടുത്തതിനേക്കാൾ മികവ് നേരിൽ മോഹൻലാൽ പ്രകടിപ്പിക്കുന്നു. എല്ലാ അർത്ഥത്തിലും അസാധാരണ വക്കീൽ പ്രഭാവം ലാൽ പ്രകടിപ്പിച്ചു. അതു തന്നെയാണ് പ്രേക്ഷകരെ തിയേറ്ററിലേക്ക് അടുപ്പിക്കുന്നത്. മനോജ് വാജ്‌പേയ് ചിത്രത്തിന് ബോക്‌സോഫീസിൽ കിട്ടിയതിലും വലിയ അംഗീകാരാമാണ് നേര് നേടുന്നത്.

ചരിത്രം തിരുത്തിയ വമ്പൻ വിജയ ചിത്രമായി നേര് അങ്ങനെ മുന്നേറുന്നു. അധികം ഹൈപ്പില്ലാതെ റിലീസിനോടടുത്ത് മാത്രമാണ് ചിത്രം ചർച്ചകളിൽ നിറഞ്ഞതെങ്കിലും റിലീസിനേ നേര് വൻ വിജയം ഉറപ്പിച്ചിരുന്നു. തുടർന്നും മികച്ച സ്വീകാര്യതയാണ് ഓരോ ദിവസവും നേരിന് ലഭിക്കുന്നത്. ക്രിസ്മസിന് കേരളത്തിൽ നിന്ന് നാല് കോടി രൂപ നേര് നേടി എന്നാത് അമ്പത് കോടി ക്ലബ്ബിൽ ചിത്രം അതിവേഗം എത്തുമെന്നതിന്റെ സൂചനയാണ്. ഓടിടിയും സാറ്റലൈറ്റ് റൈറ്റും എല്ലാം കൂടിയാകുമ്പോൾ ചിത്രം 150 കോടി ക്ലബ്ബിലെത്തുമെന്നാണ് വിലയിരുത്തൽ. പുതുവർഷത്തിന്റെ ആഘോഷവും തിയേറ്ററിൽ ആളെ എത്തിക്കും. ഇതും നേരിന് ഇനിയുള്ള ദിവസവും കളക്ഷൻ കൂട്ടും. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ലാൽ ആരാധകർ തിയേറ്ററിൽ വിജയാഘോഷം നടത്തുന്നത്.

ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ റെക്കോർഡ് കലക്ഷനാണ് തിയറ്ററുകളിൽ നിന്നും ചിത്രം നേടിയത്. വിദേശത്തുനിന്നും സിനിമയ്ക്കു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ട്രേഡ് അനലിസ്റ്റ് എ.ബി. ജോർജ് ആണ് കലക്ഷൻ വിവരങ്ങൾ പുറത്തുവിട്ടത്. ഈ വർഷം ജനുവരിയിൽ റിലീസ് ചെയ്ത 'എലോണി'നുശേഷം തിയറ്ററുകളിലെത്തുന്ന ഒരു മോഹൻലാൽ ചിത്രമാണ് 'നേര്'. എലോൺ എല്ലാ അർത്ഥത്തിലും പ്രേക്ഷകർക്ക് നിരാശയാണ് നൽകിയത്. അതിന് ശേഷം രജനികാന്ത് ചിത്രം 'ജയിലറി'ലെ മോഹൻലാലിന്റെ അതിഥിവേഷവും ആരാധകർ ആഘോഷമാക്കിയിരുന്നു. പക്ഷേ അതിൽ ഗസ്റ്റ് റോളിൽ മാത്രമായിരുന്നു ലാൽ അഭിനയിച്ചത്.

നേരിൽ എല്ലാ കഥാപാത്രങ്ങളും മികവ് പുലർത്തി. ആരേയും മാറ്റി നിർത്താൻ കഴിയുന്നില്ലെന്നതാണ് വസ്തുത. ആദ്യാവസാനം സസ്‌പെൻസ് ഇല്ലാതെ തന്നെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. ആഗോളതലത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ നേര് ആകെ 30 കോടി രൂപയിൽ അധികം നേടി എന്നും ബോക്‌സ് ഓഫീസ് റിപ്പോർട്ടുണ്ട്. എന്തായാലും മോഹൻലാലിന് മികച്ച ഒരു തിരിച്ചുവരവ് നേരിലൂടെ നടത്താനായി എന്ന് വ്യക്തം. ഏതൊക്കെ റെക്കോർഡുകളും മോഹൻലാൽ ചിത്രം കളക്ഷനിൽ മറികടക്കുക എന്ന ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. അഭിഭാഷകനായെത്തുന്ന മോഹൻലാലിന്റെ ത്രസിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിന്റെ ൈഹലൈറ്റെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

അനശ്വര രാജന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഈ സിനിമയിലേതെന്നും റിപ്പോർട്ട് ഉണ്ട്. ജീത്തു-മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു. ആ പ്രതീക്ഷകൾക്ക് കോട്ടം തട്ടിയില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഇമോഷനൽ കോർട്ട് റൂം ഡ്രാമയായി ചിത്രത്തെ അവതരിപ്പിക്കുന്നതിൽ ജീത്തു നൂറ് ശതമാനം വിജയിച്ചുവെന്നും പ്രേക്ഷകർ പറയുന്നു. സിദ്ദീഖ് ആണ് കയ്യടി നേടുന്ന മറ്റൊരു താരം. കോടതിയും വ്യവഹാരവും നിയമയുദ്ധവുമൊക്കെ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ഒരു ലീഗൽ ത്രില്ലർ ഡ്രാമ പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്നു.

അതോടൊപ്പം ഈ ചിത്രം ശക്തമായ കുടുംബ ബന്ധങ്ങളിലൂടെയും സഞ്ചരിക്കുന്നുണ്ട്. പ്രിയാമണി, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, മാത്യു വർഗീസ്, കലേഷ്, രമാദേവി, കലാഭവൻ ജിന്റോ, രശ്മി അനിൽ, ഡോ.പ്രശാന്ത് എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.