കൊച്ചി: ഒരു ഭാരത സർക്കാർ ഉല്പന്നം എന്ന സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ. പേരിൽ നിന്ന് ഭാരതം മാറ്റി സർക്കാർ ഉല്പന്നം എന്നാക്കിയില്ലെങ്കിൽ പ്രദർശനാനുമതി നൽകികൊണ്ടുള്ള സർട്ടിഫിക്കറ്റ് അനുവദിക്കില്ലെന്നാണ് സെൻസർ ബോർഡ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ചിത്രത്തിന്റേ പേരുമാറ്റും. ചിത്രത്തിന്റെ നിലവിലെ പേരിൽ നിന്ന് ഭാരതം മാറ്റി സർക്കാർ ഉൽപ്പന്നം എന്നാക്കണമെന്ന സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ ആവശ്യ പ്രകാരമാണിത്.

സുഭീഷ് സുബി, ഷെല്ലി, ഗൗരി ജി കിഷൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ഭാരത സർക്കാർ ഉൽപ്പന്നം. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ അജു വർഗീസ്, ജാഫർ ഇടുക്കി, വിനീത് വാസുദേവൻ, ദർശന നായർ, ജോയ് മാത്യു, ലാൽ ജോസ്, വിജയ് ബാബു, ഹരീഷ് കണാരൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കാരണം വ്യക്തമാക്കാതെയാണ് സെൻസർ ബോർഡിന്റെ നിർദ്ദേശമെന്നും നിവർത്തിയില്ലാത്തതുകൊണ്ടാണ് ചിത്രത്തിന്റെ പേര് മാറ്റുന്നതെന്നും അണിയറ പ്രവർത്തകർ പ്രതികരിച്ചു. ഒരു ഭാരത സർക്കാർ ഉൽപ്പന്നം എന്ന പേര് മാറ്റിയില്ലെങ്കിൽ പ്രവേശനാനുമതി നൽകികൊണ്ടുള്ള സർട്ടിഫിക്കറ്റ് അനുവദിക്കില്ലെന്ന ബോർഡിന്റെ നിലപാടിനെ തുടർന്നാണ് പുതിയ നീക്കം.

ഫൺ-ഫാമിലി എന്റർടെയ്നർ വിഭാഗത്തിലാണ് ചിത്രം ഒരുക്കുന്നത്. സർക്കാറിന്റെ പുരുഷവന്ധ്യംകരണം പദ്ധതി ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും അതിന്റെ നർമ്മത്തിൽ ചാലിച്ച ആഖ്യാനവുമാണ് സിനിമയുട ഇതിവൃത്തം. ടി.വി കൃഷ്ണൻ തുരുത്തി, രഞ്ജിത്ത് ജഗന്നാഥൻ, കെ.സി രഘുനാഥ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ എഴുതിയത് നിസാം റാവുത്തർ ആണ്. അൻസർ ഷായാണ് ഛായാഗ്രഹണം. മാർച്ച് മാസത്തിൽ ചിത്രം റിലീസ് ചെയ്യും.