ബെംഗളൂരു: 6.2 കോടിയുടെ വഞ്ചന കേസിൽ ജാമ്യം എടുത്ത് സൂപ്പർതാരം രജനികാന്തിന്റെ ഭാര്യ ലത രജനീകാന്ത്. ബെംഗളൂരുവിലെ ഒന്നാം എസിഎംഎം കോടതിയിൽ ഹാജരായാണ് ജാമ്യം എടുത്തത്. 2014ൽ പുറത്തിറങ്ങിയ കൊച്ചടിയാൻ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് കേസ്. തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം തള്ളിയ ലത, തങ്ങളെ അപമാനിക്കാനും ഉപദ്രവിക്കാനും നൽകിയ കേസാണ് ഇതെന്ന് ആരോപിച്ചു.

എന്നെ സംബന്ധിച്ചിടത്തോളം ഇത് പ്രമുഖനായ ഒരു വ്യക്തിയെ അപമാനിക്കുന്നതിനും ഉപദ്രവിക്കുന്നതിനും ചൂഷണം ചെയ്യുന്നതിനുമുള്ള കേസാണ്. സെലിബ്രിറ്റിയായി ഇരിക്കുന്നതിന് നമ്മൾ കൊടുക്കുന്ന വിലയാണിത്. വലിയ ഒരു കേസല്ല ഇത്, പക്ഷേ വാർത്ത വളരെ വലുതായി മാറുന്നു. ഒരു വഞ്ചനയും ഇല്ല. ഈ പറയുന്ന പണവുമായി എനിക്ക് യാതൊരു ബന്ധവുമില്ല. മീഡിയ വണ്ണും അവരും തമ്മിലുള്ള പ്രശ്നമാണിത്. അവർ തമ്മിൽ പരിഹരിച്ച കേസാണ് അത്. ജാമ്യക്കാരി എന്ന നിലയിൽ അവർ പണം നൽകിയതായി എനിക്ക് ഉറപ്പാണ്. - ലത രജനീകാന്ത് പറഞ്ഞു.

കൊച്ചടിയാൻ സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഡ് ബ്യൂറോ അഡ്വർടൈസിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ലതയ്‌ക്കെതിരെ കേസ് കൊടുത്തത്. നേരത്തെ ലതയ്‌ക്കെതിരെ ചുമത്തിയ വഞ്ചന കുറ്റം ഉൾപ്പടെയുള്ള സുപ്രധാന വകുപ്പുകൾ കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു.

എന്നാൽ എതിർകക്ഷിയായ ചെന്നൈ ആസ്ഥാനമായുള്ള കമ്പനി ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്ന് ഒക്ടോബർ 10 ന് ലത രജനീകാന്തിനെതിരായ കുറ്റങ്ങൾ സുപ്രീം കോടതി പുനഃസ്ഥാപിച്ചു. ഇതോടെയാണ് ബെംഗളൂരുവിലെ ഒന്നാം എസിഎംഎം കോടതിയിൽ കേസിലെ വിചാരണ ആരംഭിച്ചത്.