ഹൈദരാബാദ്: മാസ് ആക്ഷൻ ചിത്രമായ സലാർ വൻ പണം വാരിപ്പടങ്ങളുടെ കൂട്ടത്തിലേക്ക് കുതിക്കുകയാണ്. വലിയ സ്വീകരണമാണ് ചിത്രത്തിന് ഇന്ത്യയ്ക്ക് അകത്തും പുറത്തും ലഭിച്ചത്. ഈ സിനിമയ്ക്കായി പ്രഭാസ് വാങ്ങിയത് വൻ പ്രതിഫലമെന്ന് റിപ്പോർട്ട്. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം 100 കോടി രൂപയും സിനിമയുടെ ബോക്‌സോഫീസ് ലാഭത്തിന്റെ 10 ശതമാനവുമാണ് നടൻ പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. ബാഹുബലിക്ക് ശേഷം മികച്ച ബോക്‌സോഫീസ് കളക്ഷൻ നേടുന്ന പ്രഭാസ് ചിത്രമാണ് സലാർ.

'കൽകി 2898 എഡി' ആണ് ഇനി പുറത്തിറങ്ങാനുള്ള പ്രഭാസിന്റെ ചിത്രം. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുകോണും അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കമൽ ഹാസൻ ആണ് വില്ലൻ. ഈ ചിത്രത്തിലെ നടന്റെ പ്രതിഫലം 250 കോടിക്ക് മുകളിലാണെന്നാണ് വിവരം.

സാലറിൽ പൃഥ്വിരാജും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 4 കോടി രൂപയാണ് പൃഥ്വിരാജ് പ്രതിഫലം. ശ്രുതി ഹാസനാണ് സലാറിലെ നായിക. എട്ട് കോടി രൂപയാണ് നടിയുടെ പ്രതിഫലം. അതുപോലെ ജഗപതി ബാബുവും സിനിമയിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നാല് കോടിയാണ് നടന്റേയും സലാറിലെ പ്രതിഫലമെന്നാണ് വിവരം.

പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ രണ്ട് ഭാഗങ്ങളിലായിട്ടാണ് എത്തുന്നത്. ഡിസംബർ 22 ന് ആദ്യഭാഗമായ സീസ്ഫയർ ആണ് റിലീസ് ചെയ്തത്. ബോബി സിംഹ, ശ്രിയ റെഡ്ഡി, ഈശ്വരി റാവൂ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂർ ആണ് ചിത്രം നിർമ്മിച്ചത്.