ഹൈദരാബാദ്: പുറത്തിറങ്ങും മുന്‍പെ വിവാദത്തില്‍പ്പെട്ട് ഉഴലുകയാണ് ഹരീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന രവിതേജ ചിത്രം മിസ്റ്റര്‍ ബച്ചന്‍. ആഗസ്റ്റ് 15-നാണ് മിസ്റ്റര്‍ ബച്ചന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും കഴിഞ്ഞ ദിവസം പുറത്ത് വിട്ട ഗാനമാണ് ചിത്രത്തിന് വിനയായിരിക്കുന്നത്. 56 വയസുള്ള രവി തേജ 25 വയസുള്ള നായികയ്ക്കൊപ്പം അതിരുകടന്ന രീതിയില്‍ ഗാനരംഗത്തിലെത്തിയതാണ് ആരാധകര്‍ക്ക് പരിഹസിക്കാനുള്ള കാരണമായിത്തീര്‍ന്നത്.

ഈയിടെയാണ് ചിത്രത്തിനുവേണ്ടി മിക്കി ജെ മേയര്‍ ഈണമിട്ട സിതാര്‍ എന്ന ഗാനം പുറത്തിറങ്ങിയത്. എന്നാല്‍ ഗാനത്തേക്കാള്‍ ആളുകള്‍ ശ്രദ്ധിച്ചത് ഗാനത്തിലെ ഗ്ലാമര്‍ അതിപ്രസരവും ആ രംഗത്തിലഭിനയിച്ച നായകന്റെയും നായികയുടേയും പ്രായവുമാണ്. ഗാനം കൊള്ളാമെന്ന് വാദിക്കുന്നുണ്ടവരുണ്ടെങ്കിലും ചില രംഗങ്ങളും നൃത്തച്ചുവടുകളും നല്ലരീതിയില്‍ കണ്ടിരിക്കാനാവില്ലെന്നാണ് പലരും വാദിക്കുന്നത്. ഇത്രയും പ്രായവ്യത്യാസമുള്ള രണ്ടുപേര്‍ ഇതുപോലൊരു ഗാനരംഗത്തില്‍ അഭിനയിക്കുന്നതിന്റെ ലോജിക്ക് എന്താണെന്ന് വിമര്‍ശകര്‍ ചോദിക്കുന്നു.

25 കാരിയായ ഭാഗ്യശ്രീ ബോര്‍സിനൊപ്പം 56 കാരനായ രവി തേജയുടെ നൃത്തച്ചുവടുകള്‍. ഇവിടെ നടിയുടെ മുഖം കാണിക്കാന്‍ പോലും സിനിമാ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കുന്നില്ല.. കാരണം അവര്‍ക്ക് വേണ്ടത് അവരെ ഗ്ലാമര്‍ പ്രദര്‍ശനത്തിനുള്ള ഒരു വസ്തുവാക്കുക എന്നതാണ് എന്നാണ് ഒരാളുടെ പ്രതികരണം.

നല്ലൊരു കണ്ടന്റ് കിട്ടിയില്ലെങ്കില്‍ ഇത്തരം മോശം പ്രവണതകളിലേക്ക് ഇവര്‍ പോകും. ഇത്തരത്തിലുള്ളവയെ തള്ളിക്കളയണമെന്നും നടിയും സംവിധായകനും ഒരുപോലെ വിമര്‍ശനം അര്‍ഹിക്കുന്നുവെന്നും കമന്റുകളുണ്ട്. തെലുങ്ക് പ്രേക്ഷകര്‍ മാസ് മഹാരാജ എന്ന് വിശേഷിപ്പിക്കുന്ന സൂപ്പര്‍താരമാണ് രവി തേജ. ബോളിവുഡ് ഹിറ്റ് ചിത്രമായ ദ റെയ്ഡിന്റെ റീമേക്ക് ആണ് മിസ്റ്റര്‍ ബച്ചന്‍