- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു സിനിമ ചെയ്തതിന് ശേഷം ഞാന്‍ നിങ്ങളുടെ വീട്ടില്‍ വന്നിരിക്കട്ടെ? ബാക്കി സമയം ഞാന്‍ എന്ത് ചെയ്യണം? പരിഹസിക്കുന്നവരോട് അക്ഷയ് കുമാര്‍
മുംബൈ: ബോളിവുഡിലെ ഹിറ്റ്മേക്കറായിരുന്നു അക്ഷയ് കുമാറിന് ഇപ്പോള്‍ ചീത്ത സമയമാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന അവസ്ഥയാണിപ്പോള്‍. ഇതോടെ സോഷ്യല്‍ മീഡിയയില്‍ അടക്കം ട്രോളുകളും സജീവമാണ്. ഇപ്പോഴിതാ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അക്ഷയ് കുമാര്‍ രംഗത്തുവന്നു.
സംരംഭകന് ഗസല്‍ അലഗുമായിട്ടുള്ള സംഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്. 'വര്‍ഷത്തില്‍ നാല് സിനിമകള്‍ ചെയ്യുന്നത് എന്തിനാണെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. നാല് സിനിമ ചെയ്യുന്നതിന് പകരം ഒരു സിനിമയില്‍ ശ്രദ്ധിക്കണമെന്നാണ് ഇവര്‍ പറയുന്നത്. ഇത്തക്കാരോട് എനിക്ക് പറയാനുള്ളത്; ഒരു സിനിമ ചെയ്തതിന് ശേഷം ഞാന്‍ നിങ്ങളുടെ വീട്ടില്‍ വന്നിരിക്കട്ടെ? ബാക്കി സമയം ഞാന്‍ എന്ത് ചെയ്യണം- അക്ഷയ് കുമാര്‍ തുടര്‍ന്നു.
ഞാന്‍ ഒരുപാട് ജോലി ചെയ്യുന്നതിനെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്നുണ്ട്. നോക്കൂ ഇവിടെ ജോലിയുള്ളവര്‍ ഭാഗ്യവാന്മാരാണ്. ഇവിടെ തൊഴിലില്ലായ്മയുണ്ടെന്ന് പറയുന്നു. അത് നടക്കുന്നു ഇതു നടക്കുന്നു എന്നിങ്ങനെയൊക്കെ പറയുന്നുണ്ട്. ആര്‍ക്കെങ്കിലും ജോലി കിട്ടുന്നുണ്ടെങ്കില്‍ അവര്‍ അത് ചെയ്യട്ടെ- അക്ഷയ് കുമാര്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
അക്ഷയ് കുമാറിനെ കേന്ദ്രകഥാപാത്രമാക്കി സുധ കൊങ്ങര സംവിധാനം ചെയ്ത ചിത്രമായ സര്ഫിരയും ബോക്സോഫീസില്‍ വന്‍ പരാജയമായി മാറിയിരുന്നു. സൂര്യയുടെ സൂരറൈ പോട്ര് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണിത്. ജൂലൈ 12 ന് പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസില്‍ ശ്രദ്ധിക്കപ്പെട്ടില്ല. ഈ കഴിഞ്ഞ ഏപ്രിലില്‍ പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെ ബഡേ മിയാന്‍ ഛോട്ടെ മിയാന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ അവസ്ഥയും ഇതുതന്നെയായിരുന്നു.
350 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ആകെ സമാഹരിച്ചത് 102.16 കോടിയാണ്.ഖേല്‍ ഖേല്‍ മേ, സിങ്കം എഗെയ്ന് എന്നീ ചിത്രങ്ങളാണ് ഈ വര്‍ഷം പുറത്തിറങ്ങാനൊരുങ്ങുന്നത്.