മുംബൈ: പരാജയങ്ങളില്‍ ഉഴറുമ്പോഴും വീണ്ടുമൊരു റീമേക്ക് ചിത്രവുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. മുദാസര്‍ അസീസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഖേല്‍ ഖേല്‍ മേം ആണ് അക്ഷയ് കുമാറിന്റെ അടുത്ത റിലീസ്. സിനിമയുടെ ട്രെയിലര്‍ എത്തി.ഓഗസ്റ്റ് 15 ആണ് ചിത്രത്തിന്റെ റിലീസ്.കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഖേല്‍ ഖേല്‍ മേം, പാവ്ലോ ജെനോവീസ് സംവിധാനം ചെതയ്ത ഇറ്റാലിയന്‍ ചിത്രം പെര്‍ഫെക്ട് സ്ട്രേഞ്ചേഴ്സിന്റെ ഔദ്യോഗിക റീമേക്ക് ആണ്.

അമ്മി വിര്‍ക്, വാണി കപൂര്‍, തപ്സി പന്നു, ഫര്‍ദീന്‍ ഖാന്‍, പ്രഗ്യ ജയ്സ്വാള്‍, ആദിത്യ സീല്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തിലേത്.അക്ഷയ് കുമാറിന്റെ കഴിഞ്ഞ റിലീസ് സൂര്യ നായകനായ സൂരരൈ പോട്രിന്റെ റീമേക്ക് ആയിരുന്നു. സര്‍ഫിര എന്ന ഈ ചിത്രം ബോക്സ്ഓഫിസില്‍ തകര്‍ന്നടിഞ്ഞു. പുതിയ സിനിമയിലൂടെ ഒരു വിജയം തിരിച്ചുപിടിക്കാം എന്ന പ്രതീക്ഷയിലാണ് താരം.

മോഹന്‍ലാല്‍ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ 'ട്വെല്‍ത്ത് മാന്‍', പെര്‍ഫെക്ട് സ്ട്രേഞ്ചേഴ്സിന്റെ പ്ലോട്ടിന് സമാനമായ കഥ പറഞ്ഞ ചിത്രമാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.എന്നാല്‍ ഈ അക്ഷയ് കുമാര്‍ ചിത്രം അതിന്റെ ഔദ്യോഗിക റീമേക്ക് ആയിത്തന്നെയാണ് പുറത്തിറങ്ങുന്നത്.റഷ്യ, ജര്‍മനി, ഇന്തോനേഷ്യ എന്നിങ്ങനെ പല രാജ്യങ്ങളില്‍ റീമേക്ക് ചെയ്യപ്പെട്ട ചിത്രമാണിത്.