തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ സിനിമ രംഗത്തേക്ക് തിരിച്ചുവരുന്നു.സംവിധായകന്‍ ആയിട്ടല്ല മറിച്ച് നടനയാണ് ഇത്തവണ അല്‍ഫോണ്‍സ് എത്തുന്നത്. ഇതാദ്യമായാണ് തന്റെതല്ലാത്ത ചിത്രത്തില്‍ അല്‍ഫോണ്‍സ് നടനായി എത്തുന്നത്. ചെമ്പരത്തിപ്പൂ, ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അല്‍ഫോണ്‍സ് പുത്രന്‍ എത്തുന്നത്.

അല്‍ഫോണ്‍സ് പുത്രന്‍ സെറ്റില്‍ എത്തിയതിന്റെ വിഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് അരുണ്‍ വൈഗ സന്തോഷവാര്‍ത്ത പങ്കുവച്ചത്. നിരന്തരമായ തന്റെ ശ്രമത്തിന്റെ ഫലമായാണ് അല്‍ഫോണ്‍സ് പുത്രനെ സിനിമയിലേക്ക് കൊണ്ടുവരാനായത് എന്നാണ് അരുണ്‍ വീഡിയോയ്ക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.ഒരുപാട് ആരാധിക്കുന്ന ആ മാജിക് മെയ്ക്കറിനോടു ആക്ഷന്‍ പറയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അരുണ്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

തനിക്ക് പ്രേമം തോന്നിയ ഒരു സിനിമയാണ് പ്രേമം. എത്ര തവണ കണ്ടുവെന്ന് അറിയില്ല, അതില്‍ വര്‍ക്ക് ചെയ്ത എല്ലാവരെയും പരിചയപ്പെടണം എന്ന് ഒരുപാട് ആഗ്രഹം തോന്നി. അങ്ങനെ സിജു വില്‍സണ്‍ ഭായ് ശബരീഷ് ഭായ് എന്റെ ചങ്ക് വിഷ്ണു ഗോവിന്ദ് ഒക്കെ സുഹ്രുത്തുക്കള്‍ ആയി. രാജേഷ് മുരുഗേശനാണ് എനിക്കായും സംഗീതം ചെയ്യുന്നത്. അതും ഒരു ഭാഗ്യം. എഡിറ്റിംഗ് കൊണ്ടും ഡയറക്ഷന്‍ കൊണ്ടും എന്നെ വിസ്മയിപ്പിച്ച ആ മനുഷ്യനെ മാത്രം കുറെ ശ്രമിച്ചെങ്കിലും പരിചയപ്പെടാന്‍ പറ്റിയില്ല… അങ്ങനെ ആ ദിവസം വന്നു നിരന്തരമായ എന്റെ ശ്രമത്തിന്റെ ഫലമായി എന്റെ പുതിയ സിനിമയില്‍ ഒരു കാമിയോ റോള്‍ അല്‍ഫോന്‍സ് പുത്രന്‍ ഇന്നലെ ചെയ്തു… ആ ക്യാരക്ടര്‍ എഴുതുമ്പോള്‍ തന്നെ അദ്ദേഹം ആയിരുന്നു മനസ്സില്‍.

അങ്ങനെ ഞാന്‍ ഒരുപാട് ആരാധിക്കുന്ന ആ മാജിക് മെയ്ക്കറിനോടു ഇന്നലെ ആക്ഷന്‍ പറഞ്ഞു. ആഗ്രഹിച്ച കാര്യങ്ങള്‍ നമ്മളിലേക്ക് എത്തുമ്പോഴുള്ള സുഖം അത് വേറെ തന്നെ ആണ്. ഒരുപാട് നാള്‍ അറിയാവുന്ന ഒരു സുഹൃത്തിനെ പോലെ, ഒരു അനിയനെ പോലെയാണ് അദ്ദേഹം എന്നോട് പെരുമാറിയത്. സിനിമയുടെ ഒരുപാട് അനുഭവങ്ങള്‍, പുതിയ പുതിയ കാര്യങ്ങള്‍ അങ്ങനെ കുറെ ഞങ്ങള്‍ സംസാരിച്ചു. ഇന്നലത്തെ ദിവസം എങ്ങനെ പോയിരുന്നു എനിക്ക് അറിയില്ല ഏറ്റവും മനോഹരമായ ഒരു ദിവസം തന്നതിന് ഒരുപാട് ഒരുപാട് നന്ദി ചേട്ട… നേരത്തിനും പ്രേമത്തിനും ഗോള്‍ഡിനും അപ്പുറം ഒരു ഗംഭീര സിനിമയുമായി ചേട്ടന്‍ വരട്ടെ, അത് ഒരുപാട് ആഗ്രഹിക്കുന്നു പ്രാര്‍ത്ഥിക്കുന്നു. വിളിച്ചപ്പോള്‍ വന്നതിന് ഹൃദയത്തില്‍ നിന്നും നന്ദി…ശേഷം സ്‌ക്രീനില്‍.'

ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രീയേഷന്‍സ്, പൂയപ്പിള്ളി ഫിലിംസ്, എന്നീ ബാനറില്‍ ആന്‍, സജീവ്, അലക്സാണ്ടര്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'മൈക്ക്', 'ഖല്‍ബ്', 'ഗോളം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണിത്. ജോണി ആന്റണി, ഇന്ദ്രന്‍സ്, ഡോ.റോണി, മനോജ്.കെ.യു, ബിലാല്‍ മൂസി, സംഗീത, മഞ്ജു പിള്ള, സാരംഗി ശ്യാം, അഖില അനോകി, മെറീസാ ജോസ്, ഡോ. ചാന്ദിനി ശ്രീകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

റോയിച്ചനായ് ജോണി ആന്റണിയും ടോണിയായ് രഞ്ജിത്ത് സജീവും എത്തുന്ന ഈ ചിത്രത്തില്‍ ഏകയായ് സാരംഗി ശ്യാമും മൈക്കിളച്ചനായ് ഇന്ദ്രന്‍സും റോസ്സമ്മയായ് മഞ്ജു പിള്ളയും അന്നക്കുട്ടിയായ് സംഗീതയും മാധവനായ് മനോജ് കെ ജയനും വേഷമിടുന്നു. ഈരാറ്റുപേട്ട, മൂന്നാര്‍, കൊച്ചി, തിരുവനന്തപ്പുരം, ചെന്നൈ എന്നിവിടങ്ങള്‍ പ്രധാന ലോക്കേഷനുകളായ ചിത്രത്തിന്റെ ചിത്രീകരണം ഈരാറ്റുപേട്ട, വട്ടവട എന്നിവിടങ്ങളിലായ് പുരോഗമിക്കുന്നു.