- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛന് ഞാന്‍ ഒരു അഡ്വാന്‍സ് ഏല്‍പിച്ചിരുന്നു…. പോട്ടെ !.. പോയില്ലേ!; നിര്‍മ്മാതാവ് അരോമ മണിയുമായുള്ള അനുഭവം പങ്കുവെച്ച് പത്മരാജന്റെ മകന്‍
തിരുവനന്തപുരം: മലയാളത്തിലെ സൂപ്പര്‍ഹിറ്റ് നിര്‍മ്മാതാവ് അരോമ മണി കഴിഞ്ഞ ദിവസമാണ് വിട പറഞ്ഞത്.വിയോഗത്തിന് പിന്നാലെ പ്രമുഖതാരങ്ങള്‍ ഉള്‍പ്പടെ അനുശോചിച്ചും അദ്ദേഹവുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചും രംഗത്ത് വന്നിരുന്നു.അത്തരത്തില്‍ സമൂഹമാധ്യമത്തില്‍ വൈറലാവുകയാണ് സംവിധായകന്‍ പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍ പങ്കുവെച്ച കുറിപ്പ്.അച്ഛന് നല്‍കിയ അഡ്വന്‍സ് തുക തിരിച്ചുവാങ്ങാത്ത അനുഭവത്തെക്കുറിച്ചാണ് ഈ കുറിപ്പില്‍ അദ്ദേഹം പറയുന്നത്.
ഒരിയ്ക്കലും കഥയില്‍ ഇടപെടാതെ സംവിധായകന് പൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്ത നിര്‍മാതാവായിരുന്നു അദ്ദേഹം എന്നും അനന്തപത്മനാഭന്‍ കുറിക്കുന്നു.പത്മരാജന്റെ കള്ളന്‍ പവിത്രന്‍, തിങ്കളാഴ്ച്ച നല്ല ദിവസം എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചത് അരോമ മണിയായിരുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ഒരിയ്ക്കലും കഥയില്‍ ഇടപെടാതെ സംവിധായകന് പൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്ത നിര്‍മ്മാതാവ്. ഇങ്ങനെ ഒരാള്‍ ഇല്ലായിരുന്നെങ്കില്‍ 'കള്ളന്‍ പവിത്രന്‍' ' തിങ്കളാഴ്ച്ച നല്ല ദിവസം' എന്ന ചിത്രങ്ങള്‍ സംഭവിക്കില്ലായിരുന്നു. രണ്ടും പരീക്ഷണങ്ങള്‍
.അച്ഛന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ തീയേറ്ററില്‍ വിജയിച്ച ആദ്യ ചിത്രം 'പവിത്ര 'നായിരുന്നു. ഐഎഫ്എഫ്ഐ യില്‍ തിരഞ്ഞെടുക്കപ്പെടുകയും അത് വഴി ദൂരദര്‍ശന്‍ ഏറ്റെടുക്കുകയും ചെയ്തതോടെ ചിത്രം നിരൂപകപ്രശംസക്കൊപ്പം നല്ല ലാഭമായി.
'തിങ്കളാഴ്ച്ച നല്ല ദിവസം ' തീയേറ്ററില്‍ പരാജയപ്പെട്ടപ്പോഴും ദേശീയ പുരസ്‌ക്കാരവും ഐഎഫ്എഫ്ഐയില്‍ പ്രവേശനവും നേടി നഷ്ടം നികത്തി. മണി സര്‍ അരോമയുടെ ഓഫീസില്‍ വെച്ചിരിക്കുന്ന പടവും അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ഈ സിനിമയുടെ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
അച്ഛന്റെ വേര്‍പാടിന് തൊട്ട് മുമ്പും വരുന്ന 'ഏതെങ്കിലും ഒരു ചിത്രത്തിനു വേണ്ടി ' ഒരു അഡ്വാന്‍സ് അദ്ദേഹം ഏല്‍പ്പിച്ചിരുന്നു. കഥ ഒന്നും അറിയണ്ട..ഏല്‍പ്പിക്കുന്ന ആളിലുള്ള വിശ്വാസം !
അച്ഛന്റെ മരണം തിരക്കി വന്ന് ഇറങ്ങും മുമ്പേ എന്റെ കൈ പിടിച്ച് കുറച്ച് നേരം നിന്നു, ' അച്ഛന് ഞാന്‍ ഒരു അഡ്വാന്‍സ് ഏല്‍പിച്ചിരുന്നു…. പോട്ടെ !.. പോയില്ലേ!"
ആ അഡ്വാന്‍സ് ചെറിയതായിരുന്നില്ല. 50000 രൂപ ഇക്കാലത്ത് പോലും ഒരു ചെറിയ അഡ്വാന്‍സല്ലല്ലൊ.
നല്ല സിനിമകള്‍ക്കായ് നിലകൊണ്ട ഒന്നാന്തരം ഒരു നിര്‍മ്മാതാവിനെ, മനുഷ്യസ്നേഹിയെ കൂടി മലയാളത്തിന് നഷ്ടമാകുന്നു.
മണി സാറിന് സ്വസ്തി