ഹൈദരബാദ്: കല്‍ക്കിക്ക് പിന്നാലെ വീണ്ടും തെലുങ്കില്‍ സജീവമാകാന്‍ ദുല്‍ഖര്‍.പവന്‍ സാദിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആകാശം ലോ ഒക താര എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും തെലുങ്കിലെത്തുന്നത്. ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം എത്തിയിരിക്കുന്നത്.

വ്യത്യസ്തമായ കഥപറച്ചിലിനും സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട സംവിധായകനാണ് പവന്‍ സാദിനേനി.ആകര്‍ഷകമായ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു കൊണ്ടാണ് പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ വമ്പന്‍ ചിത്രം തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനികളായ ഗീത ആര്‍ട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്.

മഹാനടി, സീതാ രാമം, കല്‍ക്കി തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയില്‍ ശ്രദ്ധേയനായ ദുല്‍ഖര്‍, തെലുങ്കില്‍ വലിയ ആരാധക വൃന്ദവും ജനപ്രീതിയും ഇതിനോടകം നേടിയെടുത്തിട്ടുണ്ട്.ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തെക്കുറിചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വിടും. തെലുങ്ക് കൂടാതെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ആകാശം ലോ ഒക താര പ്രേക്ഷകരുടെ മുന്നിലെത്തുക.