കൊച്ചി: 'ഈ പറക്കും തളിക' സിനിമയിലെ സുന്ദരനെയും ആജന്മ ശത്രുവായ എലിയെയും ഓർമ്മയില്ലെ. പാസ്‌പോർട്ട് നശിപ്പിച്ച എലിയെ ബസിന്റെ ഗീയർ ലിവറുമായി ട്രാഫിക് ബ്ലോക്കിലിട്ട് ഓടിക്കുന്ന സുന്ദരന്റെ ആ ഓട്ടം. ഇന്നും പൊട്ടിച്ചിരിയോടെ അല്ലാതെ ആ സീനുകൾ കാണാൻ മലയാളികൾക്ക് സാധിക്കില്ല.

സുന്ദരന്റെ ആജീവാനന്ത ശത്രുവായ എലിയെ ഒടുവിൽ മകൻ സിനുമോൻ പിടിച്ചെന്ന് പറയുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. അതിന് കാരണം ആകട്ടെ സൂപ്പർ ഹിറ്റ് ചിത്രം രോമാഞ്ചവും. 'ഈ പറക്കും തളിക' 'രോമാഞ്ചം' എന്നീ ചിത്രത്തിലെയും സീനുകൾ ഉൾപ്പെടുത്തി ഉള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഈ പറക്കും തളികയിൽ ഹരിശ്രീ അശോകൻ ആയിരുന്നു സുന്ദരേശൻ എന്ന സുന്ദരനെ അവതരിപ്പിച്ചത്. പറക്കും തളികയിൽ അച്ഛൻ എലിയുടെ പിറകെ ആണ് ഓടിയതെങ്കിൽ, രോമാഞ്ചത്തിൽ അർജുൻ ആശോകൻ എലികളെ കൊല്ലുന്ന സീനാണ് ഉള്ളത്. സിനു സോളമൻ എന്ന കഥാപാത്രത്തെയാണ് അർജുൻ രോമാഞ്ചത്തിൽ അവതരിപ്പിച്ചത്.

എലിയുടെ ശല്യമുള്ള വീട്ടിൽ താമസിക്കുന്ന സിനുമോന് അതിനെ കാണുന്നത് തന്നെ ദേഷ്യമാണ്. എലിയ കയ്യിൽ കിട്ടിയാൽ അതിനെ മതിലിൽ എറിഞ്ഞ് കൊല്ലുന്നതാണ് സിനുമോന്റെ രീതി. മാത്രമല്ല താൻ കൊല്ലുന്ന ഓരോ എലികളെയും കൃത്യമായി കുഴിച്ചുമൂടുന്നുമുണ്ട് കക്ഷി. സിനുമോന് എലികളോട് എന്താണിത്ര ദേഷ്യമെന്നതിനുള്ള ഉത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്.

പാസ്പോർട്ട് കരണ്ടു തിന്ന എലിയെ കൊല്ലാനായി ബസിന്റെ ലിവറുമായി ഇറങ്ങിയ 'ഈ പറക്കും തളിക'യിലെ ഹരിശ്രീ അശോകൻ അവതരിപ്പിച്ച സുന്ദരൻ എന്ന കഥാപാത്രത്തിന്റെ മകനാണ് സിനുമോൻ എന്നാണ് ഈ വിദ്വാന്മാരുടെ കണ്ടെത്തൽ. അച്ഛന്റെ ജീവിതം തുലച്ച എലികളോടുള്ള ദേഷ്യം അങ്ങനെയാണ് സിനുമോനും ഉണ്ടാകുന്നതെന്ന് ഇവർ പറയുന്നു.

ചിത്രത്തിൽ എലികളെ സിനു കൊല്ലുന്നതും കുഴിച്ചിടുന്നതുമായ രംഗങ്ങൾ വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അച്ഛന് കൊടുത്ത വാക്ക് സിനുമോൻ പാലിച്ചെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

 
 
 
View this post on Instagram

A post shared by Varckichan J PuthenVeettil (@varckichan)

മലയാള സിനിമയിൽ നിന്ന് ഈ വർഷത്തെ ആദ്യ ഹിറ്റ് ചിത്രം ആയിരുന്നു രോമാഞ്ചം. ഹൊറർ കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രം തിയറ്ററുകളിൽ ചിരിപ്പൂരം ഒരുക്കി. 2007ൽ ബംഗളൂരുവിൽ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കൾക്കിടയിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

ഓജോ ബോർഡും ആത്മാവിനെ ക്ഷണിച്ചുവരുത്തലുമൊക്കെ ചേർത്ത് ഭയത്തിന്റെയും അതിലേറെ ചിരിയുടെയും രസക്കൂട്ടിലാണ് നവാഗത സംവിധായകൻ ജിത്തു മാധവൻ ചിത്രം ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 3 ന് ആണ് രോമാഞ്ചം തിയറ്ററുകളിലെത്തിയത്. ശേഷം പ്രമുഖ പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഏപ്രിൽ 7 ന് സ്ട്രീമിങ് ആരംഭിക്കുകയും ചെയ്തിരുന്നു.