കൊച്ചി: ജൂഡ് ആന്റണി ചിത്രം 2018-ന്റെ ഒ.ടി.ടി റിലീസിനെതിരെ തിയേറ്ററുകൾ അടച്ചിട്ട് സൂചനാ പണിമുടക്കിന് ഫിയോക്. ബുധനാഴ്ചയും വ്യാഴാഴ്ചയും സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ അടച്ചിടുമെന്ന് ഫിയോക് അറിയിച്ചു. ഫിയോക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സിനിമ തിയറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാൽ മാത്രമേ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യാവൂ എന്നായിരുന്നു തിയറ്റർ ഉടമകളും നിർമ്മാതാക്കളും തമ്മിലുള്ള ധാരണ

കരാർ ലംഘിച്ച് '2018' നേരത്തെ ഒ.ടി.ടിക്ക് നൽകിയെന്നാണ് ആരോപണം. '2018' ജൂൺ ഏഴിനാണ് ഒ.ടി.ടി റിലീസാകുന്നത്. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. റെക്കോഡ് കളക്ഷനുമായി തിയേറ്ററിൽ മുന്നേറുന്നതിനിടെയാണ് 2018 ഒ.ടി.ടിയിലെത്തുന്നത്. ചിത്രം പുറത്തിറങ്ങി 33-ാം ദിവസമാണ് ഒ.ടി.ടി റിലീസ്.

സമരം നടക്കുന്ന ദിവസങ്ങളിൽ സിനിമ ഓൺലൈനിൽ ബുക്ക് ചെയ്തവരുടെ ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യുമെന്ന് ഉടമകൾ അറിയിച്ചു. അതേസമയം, തിയേറ്ററുകൾ അടച്ചിടില്ലെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ അറിയിച്ചു. പ്രദർശനം തുടരുമെന്നും സംഘടന വ്യക്തമാക്കി.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, കലൈയരസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് 2018-ലെ പ്രധാനതാരങ്ങൾ. 'കാവ്യാ ഫിലിംസ്', 'പി കെ പ്രൈം പ്രൊഡക്ഷൻസ് 'എന്നിവയുടെ ബാനറിൽ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജന്റെതാണ് സഹ തിരക്കഥ.

കേരളം 2018 ൽ നേരിട്ട പ്രളയം പശ്ചാത്തലമാക്കിയ ചിത്രം ആദ്യ ദിനങ്ങളിൽ തന്നെ വൻ മൗത്ത് പബ്ലിസിറ്റിയാണ് നേടിയത്. വാരങ്ങൾക്കിപ്പുറവും ഹൗസ്ഫുൾ ഷോകൾ നേടിയതോടെ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയവുമായി മാറി ചിത്രം. ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 160 കോടിയിലധികം ചിത്രം നേടിയതായാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.

പുലിമുരുകനെ മറികടന്നാണ് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് എന്ന സ്ഥാനം ചിത്രം നേടിയെടുത്തത്. മലയാളം പതിപ്പിന്റെ വിജയത്തിനു പിന്നാലെ ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും നിർമ്മാതാക്കൾ പുറത്തിറക്കിയിരുന്നു. ഇതിൽ തെലുങ്ക് പതിപ്പിന് മികച്ച ഇനിഷ്യൽ ലഭിച്ചിരുന്നു. അതേസമയം സൂചനാ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ അറിയിച്ചിട്ടുണ്ട്.