ചെന്നൈ: സിനിമാസ്വാദകർ ആകാംഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 'ജയിലറി'ന്റെ ഷോക്കേസ് വീഡിയോ പുറത്തുവിട്ടു. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷമാണ് രജനികാന്തിന്. രജനിയുടെ ആക്ഷൻ രംഗങ്ങളാണ് വീഡിയോയുടെ സവിശേഷത. പുറത്തുവന്ന് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ വീഡിയോ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.

മാസും ആക്ഷനും നിറച്ച പക്കാ ത്രില്ലർ ചിത്രം ആയിരിക്കും ജയിലർ എന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. രജനികാന്തിനൊപ്പം കട്ടയ്ക്ക് നിൽക്കാൻ വില്ലൻ കഥാപാത്രമായി വിനായകനും ഉണ്ട്. രമ്യ കൃഷ്ണൻ രജനികാന്തിന്റെ ഭാര്യ ആയാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് സൂചന.

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ. ഓഗസ്റ്റ് 10ന് ചിത്രം തിയറ്ററുകളിൽ എത്തും. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക.



സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ജയിലർ നിർമ്മിക്കുന്നത്. കേരളത്തിലെ വിതരണാവകാശം ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസിനാണ്. രജനികാന്തിനൊപ്പം ഒരു പ്രധാന കഥാപാത്രമായി മലയാളികളുടെ പ്രിയതാരം മോഹൻലാലും ചിത്രത്തിൽ എത്തുന്നുണ്ട്. ജാക്കി ഷ്രോഫ്, സുനിൽ, ശിവ രാജ്കുമാർ, തമന്ന, രമ്യ കൃഷ്ണൻ, വസന്ത് രവി, യോഗി ബാബു, റെഡിൻ കിങ്‌സ്‌ലി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. രജനിയുടെ കരിയറിലെ 169-ാം ചിത്രം എന്ന പ്രത്യേകതയും ജയിലറിന് ഉണ്ട്.

അതേസമയം, റിലീസിന് മുൻപ് തന്നെ കോടി ക്ലബ്ബിൽ ജയിലർ ഇടംപിടിച്ചിരിക്കുകയാണ്. ഓഗസ്റ്റ് ഒൻപതാം തീയതിയാണ് യുഎസ് പ്രീമിയറുകൾ. 1.8 ലക്ഷം മുതൽ 2 ലക്ഷം ഡോളർ വരെയാണ് യുഎസ് പ്രീമിയർ പ്രീ സെയിൽസ് വഴി ചിത്രം ഇതിനകം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ രൂപയിലേക്ക് മാറ്റിയാൽ ഒന്നര കോടി മുതൽ 1.65 കോടി വരെ വരും ഇത്. ട്രേഡ് അനലിസ്റ്റുകൾ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.