കൊച്ചി: ഉർവശിയും ഇന്ദ്രൻസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ജലധാര 'ജലധാര പമ്പ് സെറ്റ്: സിൻസ് 1962' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ചിത്രം
കോർട്ട് റൂം ആക്ഷേപഹാസ്യമാണ്. ഒരു കേസുമായി ബന്ധപ്പെട്ട് വർഷങ്ങളായി കോടതിയിൽ കയറിയിറങ്ങുന്ന കഥാപാത്രങ്ങളായാണ് ഉർവശിയും ഇന്ദ്രൻസും എത്തുന്നത്.

ട്രെയിലറിൽ തന്നെ ചിരിയുണർത്തുന്ന നിരവധി രംഗങ്ങളുണ്ട്. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ചിത്രത്തിന്റെ ട്രെയിലർ നടൻ ദിലീപ് പുറത്തിറക്കി. ദിലീപിനെ കൂടാതെ ഇന്ദ്രജിത്ത്, ആസിഫ് അലി, ആന്റണി വർഗീസ്, ലാൽ ജോസ്, സുരാജ് വെഞ്ഞാറമ്മൂട്, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവരും ട്രെയിലർ പങ്കുവച്ചു.



ഏഴ് വർഷങ്ങൾക്കു ശേഷം സനുഷ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്. സാഗർ, ജോണി ആന്റണി, ടി ജി രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, നിഷ സാരംഗ്, അഞ്ജലി സുനിൽകുമാർ, സ്നേഹ ബാബു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഉർവശിയും ഇന്ദ്രൻസും ഒന്നിച്ചുള്ള ഒരു രംഗം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വണ്ടർ ഫ്രെയിംസ് ഫിലിം ലാന്റിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സംഗീത ശശിധരൻ, ആര്യ പൃഥ്വിരാജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജിത് പുരുഷോത്തമൻ നിർവഹിക്കുന്നു. ലൊക്കേഷൻ പാലക്കാട്. പ്രജിൻ എംപി., ആഷിഷ് ചിന്നപ്പ എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ. ചന്ദ്രന്റേതാണ്. സജിത്ത് പുരുഷൻ ഛായാഗ്രഹണവും കൈലാസ് സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. എഡിറ്റർ രതിൻ രാധാകൃഷ്ണൻ.