- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Beyond Stories
സംവിധായകൻ കെ ജി ജോർജിനും എം മോഹനും അഞ്ച് ലക്ഷം വീതം ചികിത്സാ സഹായം; സർക്കാരിന് നന്ദി അറിയിച്ച് ജോർജിന്റെ കുടുംബം; ഏറെ ആശ്വാസമാണെന്ന് സെൽമ ജോർജ്
തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര സംവിധായകരായ കെ ജി ജോർജ്, എം മോഹൻ എന്നിവർക്ക് ചികിത്സാ സഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അഞ്ച് ലക്ഷം രൂപ വീതം സാമ്പത്തിക സഹായമാണ് അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനിച്ചത്.
സ്വപ്നാടനം, യവനിക, ഇരകൾ, അദാമിന്റെ വാരിയെല്ല് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് കെ ജി ജോർജ്. ചികിത്സാസഹായം അനുവദിച്ചതിൽ സംസ്ഥാന സർക്കാരിന് ജോർജിന്റെ കുടുംബം നന്ദിയറിയിച്ചു. ശാരീരികാവശതകൾ അനുഭവിക്കുന്ന അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് വലിയ തുക ആവശ്യമായ സമയത്തെ സർക്കാർ സഹായം ഏറെ ആശ്വാസമാണെന്ന് ഭാര്യയും ഗായികയുമായ സെൽമ ജോർജ് പറഞ്ഞു. ചികിത്സാസഹായം അതിവേഗം അനുവദിച്ചുകിട്ടാൻ താൽപ്പര്യപൂർവം ഇടപെട്ട മന്ത്രി പി രാജീവിനും സെൽമ നന്ദി പറഞ്ഞു.
നാലുവർഷത്തിലേറെയായി സ്വകാര്യസ്ഥാപനത്തിൽ ആരോഗ്യപ്രവർത്തകരുടെ പരിചരണത്തിലുള്ള ജോർജ്, രണ്ടുമാസമായി ഇടപ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയിലാണ്. എഴുപത്തേഴുകാരനായ അദ്ദേഹത്തെ ശ്വാസകോശ അണുബാധയെ തുടർന്ന് കഫക്കെട്ട് ഗുരുതരമായപ്പോഴാണ് ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്. രണ്ടുമാസത്തെ ചികിത്സയിൽ ആരോഗ്യം വീണ്ടെടുത്തു. 2010ൽ ഡൽഹിയിൽ വച്ചുണ്ടായ ഹൃദയാഘാതത്തോടെയാണ് കെ ജി ജോർജിന് ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയത്. തുടർന്ന് നിരന്തരചികിത്സയിലാണ്.
എഴുന്നേറ്റുനിൽക്കാനും മറ്റൊരാളുടെ സഹായത്തോടെ നടക്കാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്. ഓർമയുമുണ്ട്. അടുത്തദിവസം കാക്കനാട്ടെ പരിചരണകേന്ദ്രത്തിലേക്ക് കൊണ്ടുപോകുമെന്ന് സെൽമ ജോർജ് പറഞ്ഞു. മകൻ അരുൺകുമാറിനും കുടുംബത്തിനുമൊപ്പം സെൽമ ഇപ്പോൾ ഗോവയിലാണ്. മകൾ താര ദോഹയിലാണ്.
പ്രശസ്ത സിനിമാ സംവിധായകൻ എം.മോഹൻ ഇരിങ്ങാലക്കുട സ്വദേശിയാണ്. രണ്ട് പെൺകുട്ടികൾ, ശാലിനി എന്റെ കൂട്ടുകാരി, വിടപറയുംമുൻപേ, മംഗളം നേരുന്നു, രചന, ആലോലം, ഒരു കഥ ഒരു നുണക്കഥ, ഇസബെല്ല, പക്ഷേ, സാക്ഷ്യം, അങ്ങനെ ഒരു അവധിക്കാലത്ത് തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനാണ് മോഹൻ. അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ സിനിമകൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ