കൊച്ചി: മിത്ത് പരാമർശ വിവാദത്തിനിടെയാണ് 'ജയ് ഗണേശ്' എന്ന പേരിൽ നടൻ ഉണ്ണി മുകുന്ദൻ തന്റെ പുതിയ സിനിമ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. രഞ്ജിത് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകൻ. ഒറ്റപ്പാലത്തെ ഗണേശോത്സവ വേദിയിൽവെച്ച് ഉണ്ണി മുകുന്ദനാണ് ചിത്രം പ്രഖ്യാപിച്ചത്. രഞ്ജിത് ശങ്കറും ഫേസ്‌ബുക്കിലൂടെ ചിത്രത്തേക്കുറിച്ചുള്ള വിവരം പങ്കുവെച്ചിരുന്നു. ഉണ്ണി മുകുന്ദന്റെ നിർമ്മാണ കമ്പനിയും ഡ്രീംസ് ആൻഡ് ബിയോണ്ടും ചേർന്നാണ് ജയ് ഗണേശ് നിർമ്മിക്കുന്നത്.

വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം എന്ന ചിത്രത്തിൽ അയ്യപ്പനായി വേഷമിട്ടതിനു പിന്നാലെയാണ് ജയ് ഗണേശിൽ ഗണപതിയായി ഉണ്ണി മുകുന്ദൻ എത്തുന്നത്. ജയ് ഗണേശിന്റെ തിരക്കഥ പൂർത്തിയാക്കിയ ശേഷം ഈ വേഷം അവതരിപ്പിക്കാനുള്ള ഒരു നടനായുള്ള തിരച്ചിലിലായിരുന്നു താനെന്നാണ് നായകനായി ഉണ്ണി മുകുന്ദനിലേക്ക് എത്തിയതിനേക്കുറിച്ച് രഞ്ജിത് ശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചത്.

മാളികപ്പുറം പുറത്തിറങ്ങിയശേഷം ഏഴുമാസത്തിനിടെ ഉണ്ണിയുടേതായി ഒരു സിനിമയും ചിത്രീകരിച്ചിട്ടില്ല. ശരിയായ തിരക്കഥയ്ക്കായി അദ്ദേഹം കാത്തിരിക്കുകയായിരുന്നു. ഞങ്ങൾ ജയ് ഗണേശിനേക്കുറിച്ച് ചർച്ച ചെയ്തു. തിരക്കഥ അദ്ദേഹത്തിന് ഇഷ്ടമായി. ഞാൻ എന്റെ നടനേയും കണ്ടെത്തി. ഞങ്ങൾ ഇരുവരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ വഴിയിലെ ഓരോ ചുവടും ആസ്വദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രഞ്ജിത് ശങ്കർ കുറിച്ചു. കുറിപ്പിനൊപ്പം ഒരു ടൈറ്റിൽ ആനിമേഷൻ വീഡിയോയും രഞ്ജിത് ശങ്കർ പുറത്തുവിട്ടിരുന്നു.

അതേ സമയം ചിത്രത്തിന്റെ ടൈറ്റിൽ മിത്ത് വിവാദങ്ങൾക്ക് മുമ്പ് രജിസ്റ്റർ ചെയ്തതെന്ന് രഞ്ജിത് ശങ്കർ വ്യക്തമാക്കി. 'മിത്താണോ ഭാവനയോ സാങ്കൽപ്പിക കഥാപാത്രമോ അതോ യാഥാർഥ്യമോ' എന്ന ടാഗ്ലൈനോടെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ചിത്രത്തിന്റെ പേര് ചർച്ചയാകുന്നതിനിടെയാണ് രഞ്ജിത് ശങ്കർ ഇക്കാര്യം പറഞ്ഞത്.

സ്പീക്കർ എ.എൻ. ഷംസീറിന്റെ മിത്ത് പരാമർശം ചർച്ചയായതോടെയാണ് ഇത്തരമൊരു ചിത്രവുമായി ഉണ്ണി മുകുന്ദൻ എത്തുന്നതെന്നും വിവാദങ്ങൾക്കിടെ തട്ടിക്കൂട്ടിയ സിനിമയാണെന്നും ഇതിൽ രാഷ്ട്രീയമുണ്ടെന്നുമൊക്കെയായിരുന്നു വിമർശനങ്ങൾ.

എന്നാൽ, സിനിമക്ക് ഏറ്റവും അനുയോജ്യമായതിനാലാണ് 'ജയ് ഗണേശ്' എന്ന പേര് നൽകിയതെന്നും സിനിമ കാണുമ്പോൾ അത് മനസ്സിലാകുമെന്നും സംവിധായകൻ രഞ്ജിത് ശങ്കർ വിശദീകരിച്ചു. തന്റെ സിനിമകൾ ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ടു മാസം മുമ്പ് തന്നെ പേര് പ്രഖ്യാപിക്കാറുണ്ട്. ടൈറ്റിൽ രജിസ്‌ട്രേഷൻ ഒരുപാട് സമയമെടുക്കുന്നതാണ്. അത് കഴിഞ്ഞ ജൂണിൽ പൂർത്തിയായതുമാണ്. ഇപ്പോഴത്തെ വിവാദവുമായി സിനിമയുടെ പേര് കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

'ജയ് ഗണേശ് എന്ന സിനിമയുടെ പേര് 2023 ജൂൺ 19ന് രഞ്ജിത്ത് ശങ്കർ രജിസ്റ്റർ ചെയ്തതാണ്. 2023 ജൂലൈ 21ന് സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ പ്രസംഗത്തിലാണ് വിവാദ പരാമർശങ്ങൾ ഉണ്ടായത്. രഞ്ജിത് ശങ്കർ ഇതുവരെ ചെയ്തതിൽനിന്ന് വ്യത്യസ്തമായ ഒരു കോമഡി ത്രില്ലർ എന്റർടെയ്നറായിരിക്കും ജയ് ഗണേശ്. സിനിമയുടെ ചിത്രീകരണം നവംബർ ഒന്നിന് ആരംഭിക്കും', അണിയറപ്രവർത്തകർ പറഞ്ഞു.

സ്പീക്കർ ഷംസീറിന്റെ ഗണപതിയുമായി ബന്ധപ്പെട്ട മിത്ത് പരാമർശത്തിനെതിരെ നിരവധി ഹൈന്ദവ സംഘടനകൾ രംഗത്ത് വന്നിരുന്നു. നടൻ ഉണ്ണി മുകുന്ദന് പുറമെ സുരേഷ് ഗോപി, ജയസൂര്യ, നടി അനുശ്രീ എന്നിവരും വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നു.

ഈയിടെ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വിനായകചതുർഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്‌കാരികസമ്മേളനത്തിൽ മിത്ത് വിവാദത്തേക്കുറിച്ച് ഉണ്ണി മുകുന്ദൻ സംസാരിച്ചിരുന്നു. ഇന്ന് ഗണപതി മിത്താണെന്നു പറയുന്നവർ നാളെ കൃഷ്ണനും ശിവനും പിന്നെ നമ്മളും മിത്താണെന്നു പറയുമെന്നാണ് അദ്ദേഹം പറഞ്ഞത്. ആര് ആർക്കുവേണ്ടിയാണ് ഇതു പറയുന്നതെന്നു മനസ്സിലാക്കണം. വിഷമമുണ്ടായി എന്ന് ഉറക്കെ പറയാനെങ്കിലും തയ്യാറാകണം. ഇല്ലെങ്കിൽ നമ്മൾ നടത്തുന്ന ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും അർഥമില്ലാതാകും. ജീവിതദുഃഖങ്ങൾ തരണംചെയ്യാനുള്ള ആശ്രയമാണ് ദൈവമെന്ന് അറിയാത്തവരില്ല. മര്യാദയുടെ പേരിലെങ്കിലും ദൈവങ്ങൾക്കുവേണ്ടി സംസാരിക്കാൻ മടിക്കരുത്. അതിന് ചങ്കൂറ്റത്തിന്റെ ആവശ്യമില്ലെന്നുമായിരുന്നു താരം പറഞ്ഞത്.

ഫോർ ഇയേഴ്‌സ് എന്ന ചിത്രമാണ് രഞ്ജിത് ശങ്കറിന്റേതായി ഒടുവിൽ പുറത്തുവന്നത്. സർജാനോ ഖാലിദും പ്രിയാ വാര്യരുമായിരുന്നു മുഖ്യവേഷങ്ങളിൽ. ജൂനിയർ ഗന്ധർവ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി ഈയിടെ പ്രഖ്യാപിച്ച ചിത്രം.