ചെന്നൈ: സൂപ്പർ താരം രജനികാന്ത് നായകനാവുന്ന ഏറ്റവും പുതിയ ചിത്രത്തിന് പേരിട്ടു. വേട്ടയൻ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപന വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. രജനികാന്ത് നായകനാവുന്ന 170-ാമത്തെ ചിത്രമാണിത്. ജയ് ഭീം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വമ്പൻ താരങ്ങളാണ് അണിനിരക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസാണ് നിർമ്മാണം. രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടൈറ്റിൽ അനൗൺസ് ചെയ്തിരിക്കുന്നത്.

രജനികാന്തിന്റെ സ്‌റ്റൈലിഷ് രംഗങ്ങൾകൂടി ഉൾപ്പെടുത്തിയാണ് ടൈറ്റിൽ ടീസർ പുറത്തുവിട്ടിരിക്കുന്നത്. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബട്ടി എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലുണ്ടാവും. 1991-ൽ ഹം എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചഭിനയിച്ചത്.

ജയിലർ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന് ശേഷം രജനികാന്ത് നായകനായി എത്തുന്ന ചിത്രം കൂടിയാണ് വേട്ടയ്യൻ. അമിതാഭ് ബച്ചനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മുപ്പത്തി മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. അന്ധ കാനൂൺ, ഗെരഫ്താർ തുടങ്ങിയ ചിത്രങ്ങളിലും ബച്ചനും രജനികാന്തും ഒന്നിച്ച് അഭിനയിച്ചിരുന്നു.



അതേസമയം ഫഹദ് ഫാസിലും റാണയും രജനികാന്തിനൊപ്പം ആദ്യമായാണ് അഭിനയിക്കുന്നത്. മഞ്ജു വാര്യർ, ദുഷാരാ വിജയൻ, റിതിക സിങ് എന്നിവരാണ് നായികമാർ. ഇവരുടെ പോസ്റ്ററുകൾ നേരത്തേ ലൈക്ക പ്രൊഡക്ഷൻസ് പുറത്തുവിട്ടിരുന്നു. അനിരുദ്ധ് ആണ് തലൈവർ ചിത്രത്തിന്റെ സംഗീതസംവിധാനം. എസ്.ആർ. കതിരാണ് ഛായാഗ്രഹണം. അൻബറിവ് സംഘട്ടനസംവിധാനവും ഫിലോമിൻരാജ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരനാണ് ചിത്രം നിർമ്മിക്കുന്നത്.