- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Beyond Stories
'പാൻ ഇന്ത്യൻ ഒന്നുമില്ല ജീവിതഗന്ധിയായ കഥ; നായകൻ മോഹൻലാൽ; നിർമ്മാണം ആശിർവാദ്'; പിറന്നാൾ ദിനത്തിൽ പ്രഖ്യാപനവുമായി സത്യൻ അന്തിക്കാട്; ആവേശത്തിൽ ആരാധകർ
കൊച്ചി: സംവിധായകൻ സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു. തന്റെ അടുത്ത സിനിമ മോഹൻലാലിനൊപ്പമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് തന്നെയാണ് അറിയിച്ചത്. പിറന്നാൾ ദിനത്തിൽ ഒരു എഫ് എം റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യൻ അന്തിക്കാട് ഇക്കാര്യം പ്രഖ്യാപിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരിക്കും ചിത്രം നിർമ്മിക്കുകയെന്നും സത്യൻ വ്യക്തമാക്കി.
തന്റേത് ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കില്ലെന്നും മോഹൻലാലിനെ എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന പോലെ സാധാരണക്കാരനായിട്ടുള്ള ചിത്രമായിരിക്കും തന്റേതെന്നും എന്നാൽ ഇതുവരെ ചെയ്തതിൽ നിന്ന് പുതുമയുള്ളതായിരിക്കും ഈ ചിത്രമെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥ രചനയിലാണ് താനിപ്പോളെന്നും ഔദ്യോഗിക പ്രഖ്യാപനം അതിന് ശേഷമായിരിക്കുമെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.
പാൻ ഇന്ത്യൻ ഒന്നുമില്ല ജീവിതഗന്ധിയായ കഥയായിരിക്കും മോഹൻലാലിനെ നായകനാക്കി ആലോചിക്കുന്നത്. അടുത്തകാലത്ത് നേര് എന്ന ഒരു സിനിമ വൻ വിജയമായത് കാണിക്കുന്നത് നമ്മളിൽ ഒരാളായി മോഹൻലാലിനെ കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു എന്നതാണ്. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന തന്റെ ചിത്രത്തിന്റെ ആലോചനകളിലേക്ക് കടന്നിട്ടുണ്ട് എന്നും കുറഞ്ഞത് നാല് മാസമെങ്കിലും ഉണ്ടായാൽ മാത്രമേ തുടങ്ങാനാവൂ എന്നും സത്യൻ അന്തിക്കാട് വ്യക്തമാക്കി.
മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന 20 -ാമത്തെ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. മലയാളത്തനിമയുള്ളതാണ് സത്യൻ അന്തിക്കാടിന്റെ മോഹൻലാൽ ചിത്രങ്ങൾ എന്നൊരു പ്രത്യേകതയുമുണ്ട്. എട്ട് വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാലും സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നത്. 2015 ൽ ഇറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രമായിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം. ജയറാമിനെ നായകനാക്കി ഒരുക്കിയ മകൾ എന്ന ചിത്രമായിരുന്നു സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് തീയേറ്ററിൽ എത്തിയ അവസാന ചിത്രം.
അതേസമയം മോഹൻലാൽ നായകനായി എത്തിയ 'നേര്' തീയേറ്ററുകളിൽ വൻ വിജയമായിരുന്നു. ലോകവ്യാപകമായി 50 കോടിയിലധികം രൂപയാണ് റിലീസ് ചെയ്ത് പത്ത് ദിവസം കൊണ്ട് 'നേര്' കളക്റ്റ് ചെയ്തത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിനൊപ്പം അനശ്വര രാജൻ, ജഗദീഷ്, പ്രിയാമണി, സിദ്ധീഖ് എന്നിവരായിരുന്നു പ്രധാനവേഷത്തിൽ എത്തിയത്.
മറുനാടന് മലയാളി ബ്യൂറോ