കൊച്ചി: മലയാള സിനിമയിൽ സമീപകാലത്ത് ചലച്ചിത്ര പ്രേക്ഷകരെ വിസ്മയിപ്പിച്ച ചിത്രങ്ങളിൽ ഒന്നാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കോമ്പിനേഷൻ ആദ്യമായി സംഭവിക്കുന്നതിന്റെ ആവേശമാണ് പ്രഖ്യാപനസമയം മുതൽ സിനിമാ പ്രേമികൾക്ക് ഉണ്ടായിരുന്നത്. ചിത്രത്തിന്റെ പേര് മുതൽ എല്ലാം പ്രത്യേകതയുള്ളതാണ്. ലോകമെമ്പാടുമുള്ള കലാരൂപങ്ങളിൽനിന്ന് പ്രചോദനംകൊണ്ട് ഒരുപാട് ഘടകങ്ങൾ മലൈക്കോട്ടൈ വാലിബനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു. അമർ ചിത്രകഥ, പഞ്ചതന്ത്രകഥ, മറ്റുകോമിക് പുസ്തകങ്ങൾ എന്നിവയും ചിത്രത്തിന് ബലമേകിയിട്ടുണ്ട്.

ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബൻ എന്ന ടൈറ്റിൽ എങ്ങനെ ലഭിച്ചുവെന്ന് പറയുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. മലൈക്കള്ളൻ, വഞ്ചിക്കോട്ടൈ വാലിബൻ എന്നീ രണ്ട് തമിഴ് ചിത്രങ്ങളിലുടെ പേരുകൾ ചേർത്താണ് മലൈക്കോട്ടൈ വാലിബൻ എന്ന ടൈറ്റിൽ സൃഷ്ടിച്ചത്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ലിജോ ഇതേക്കുറിച്ച് പറയുന്നത്.

'തീർച്ഛയായും. അമർചിത്ര കഥയിലും മറ്റും അത്തരം പേരുകൾ നമ്മൾ കേട്ടിട്ടുണ്ട്. തച്ചോളി ഒതേനൻ, തച്ചോളി അമ്പു തുടങ്ങിയ പേരുകൾ. കേൾക്കുമ്പോൾ നായകനെന്ന് പെട്ടെന്ന് തോന്നുന്ന പേര് വേണമെന്ന് ഉണ്ടായിരുന്നു. പേരിനോട് വലുതായതെന്തോ ചേർത്ത ഒന്ന്. മലൈക്കോട്ടൈ എന്ന് കേൾക്കുമ്പോൾത്തന്നെ അത് വലുതെന്തോ ആണെന്ന് മനസിലാവും. ആ 70 എംഎം ഫീലിങ് നിങ്ങൾക്ക് ലഭിക്കും', ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.

എം കരുണാനിധിയുടെ തിരക്കഥയിൽ എംജിആർ നായകനായി 1954 ൽ പുറത്തിറങ്ങിയ തമിഴ് ആക്ഷൻ ചിത്രമാണ് മലൈക്കള്ളൻ. ജെമിനി ഗണേശൻ നായകനായി 1958 ൽ പുറത്തെത്തിയ ചിത്രമായിരുന്നു വഞ്ചിക്കോട്ടൈ വാലിബൻ. അതേസമയം ആദ്യദിനം ലഭിച്ച നെഗറ്റീവ് റിവ്യൂസിൽ നിന്ന് വ്യത്യസ്തമായി പോസിറ്റീവ് അഭിപ്രായങ്ങളാണ് ഈ ദിനങ്ങളിൽ സോഷ്യൽ മീഡിയ വഴി ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങിയ ചിത്രമാണിത്. മോഹൻലാലിന്റേത് ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രവും.

സിനിമയ്‌ക്കെതിരെ ഉയർന്ന വിമർശനങ്ങളിലും ലിജോ ജോസ് പെല്ലിശ്ശേരി പ്രതികരിച്ചു. മലയാളത്തിൽ ഇതുവരെ ഉണ്ടായതിൽവെച്ചേറ്റവും മോശം സിനിമ എന്ന രീതിയിലാണ് ഒരു വിഭാഗം പ്രേക്ഷകർ ചിത്രത്തോട് പെരുമാറിയതെന്ന് അദ്ദേഹം പറഞ്ഞു.

മലയാളത്തിലെ ഏറ്റവും മോശം സിനിമ എന്ന രീതിയിലുള്ള പ്രചാരണം തന്നെ വിഷമിപ്പിച്ചു. അത്രയും അധ്വാനിച്ചാണ് സിനിമയെടുത്തത്, അത് ആഘോഷിക്കണമെന്നല്ല പറയുന്നത്. വിമർശനങ്ങളെ ആ രീതിയിലെടുക്കും. എന്നാൽ വാലിബന്റെ ആദ്യ രണ്ട് ദിവസങ്ങളിലെ ചർച്ച തികച്ചും തെറ്റായ ദിശയിലായിരുന്നുവെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി.

'എനിക്കാ സിനിമ ഇഷ്ടപ്പെട്ടില്ല, അതുകൊണ്ട് രാജ്യത്തുള്ളവരൊന്നും അത് കാണരുതെന്ന മട്ടിലായിരുന്നു ആദ്യ രണ്ടദുദിവസങ്ങളിലെ പ്രതികരണങ്ങൾ. ഒന്നരവർഷം ഈ സിനിമയ്ക്കുവേണ്ടി രാപകലില്ലാതെ അധ്വാനിച്ചവരെല്ലാം പൊടുന്നനെ അപ്രത്യക്ഷരായി. മലയാളത്തിൽ ഇന്നേവരെ വന്നതിൽ ഏറ്റവും മോശം സിനിമ എന്ന ചർച്ചമാത്രം ബാക്കിയായി. അതെന്നെ വളരെ ദുഃഖിപ്പിച്ചതുകൊണ്ടാണ് മാധ്യമങ്ങൾക്ക് മുന്നിൽ വന്നത്. എന്തുകൊണ്ട് ഈ സിനിമ കാണണമെന്ന് വിശദീകരിക്കേണ്ടിവന്നതും അതുകൊണ്ടാണ്. എന്റെ മറ്റൊരു സിനിമയ്ക്കുവേണ്ടിയും ഇങ്ങനെ ചെയ്യേണ്ടിവന്നിട്ടില്ല.' ലിജോ പറഞ്ഞു.

ഒരു സിനിമയുടെപേരിൽ പ്രേക്ഷകർ പരസ്പരം കല്ലേറു നടത്തുന്നത് അംഗീകരിക്കാനാവില്ല. സിനിമ നിങ്ങളുടേതായിക്കഴിഞ്ഞു. താത്പര്യമില്ലെങ്കിൽ കാണേണ്ടകാര്യമില്ല. ഒരു കുഴപ്പവുമില്ല. പക്ഷേ ഈ സിനിമ കാണരുതെന്ന് മറ്റുള്ളവരെ നിർബന്ധിക്കരുത്. സിനിമയുടെ യഥാർത്ഥ താളം എന്താണെന്ന് മനസിലാക്കത്തക്കവിധമുള്ള മറ്റൊരു ട്രെയിലർ ഇറക്കാമായിരുന്നെന്നും ലിജോ കൂട്ടിച്ചേർത്തു.