കൊച്ചി: മകന്‍ പ്രണവ് മോഹന്‍ലാലിന് പിറന്നാള്‍ ആശംസയുമായി മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയില്‍ പ്രണവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആശംസ നേര്‍ന്നത്.

'എന്റെ പ്രിയപ്പെട്ട അപ്പുവിന് പിറന്നാളാശംസകള്‍… ഈ വര്‍ഷവും സവിശേഷമായിരിക്കട്ടെ! ഒരുപാട് സ്‌നേഹത്തോടെ അച്ഛന്‍'- മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സഹോദരി മായയും പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട് . പ്രണവിന്റെ ചിത്രത്തിനൊപ്പമാണ് ആശംസ അറിയിച്ചിരിക്കുന്നത്.

2002 ല്‍ ഒന്നാമന്‍ എന്ന സിനിമയിലൂടെ ബാലതാരമായിട്ടായിരുന്നു പ്രണവ് മലയാള സിനിമയില്‍ പ്രവേശിച്ചത്. പിന്നീട് 2018 ല്‍ ആദിയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

പ്രണവ് മോഹന്‍ലാലിപ്പോള്‍ കവിതാ സമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. പുസ്തകത്തിന്റെ കവര്‍ പേജ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. 'കവിതകള്‍ സമാഹരിച്ച് പുസ്തകമാക്കുന്ന പണിയിലാണ്, കാത്തിരിക്കൂ' എന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.