ചെന്നൈ: ധനുഷിന്റെ അമ്പതാം ചിത്രമായ രായന്‍ 26-ന് റിലീസിനെത്തുകയാണ്. ധനുഷ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തല്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയാണ് ഉണ്ടായിരിക്കുന്നത്. പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു കൊണ്ടാണ് സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗും പുരോഗമിക്കുന്നത്.

ചിത്രത്തിന്റെ പ്രീ ബുക്കിങ്ങ് സെയിലിലൂടെ വിറ്റത് 60,000 ടിക്കറ്റുകളാണ് എന്നാണ് ബുക്ക് മൈ ഷോ റിപ്പോര്‍ട്ട്. ഇതോടെ തമിഴ്‌നാട്ടില്‍ മാത്രം റിലീസിന് മുന്നേ നേടിയത് 1.50 കോടി രൂപയാണ്. ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമായിരിക്കും സിനിമയെന്നും ചിത്രം വയലന്‍സ് നിറഞ്ഞതായിരിക്കുമെന്നും ഉറപ്പ് നല്‍കുന്നതാണ് ട്രെയിലര്‍.

ഒരു ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ഫ്‌ലിക്ക് ചിത്രമായിരിക്കും ഇതെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. സണ്‍ പിച്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക. എസ് ജെ സൂര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. കാളിദാസ് ജയറാം, നിത്യ മേനന്‍, സുന്ദീപ് കിഷന്‍, ദുഷാര, വരലക്ഷ്മി ശരത്കുമാര്‍, പ്രകാശ് രാജ്, സെല്‍വരാഘവന്‍ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. ചിത്രത്തിന് പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത്. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം എത്തും.